പാട്ന: ബിഹാറിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ അറസ്റ്റിലായ ജലാലുദ്ദീന്റെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ വരുന്നതായി പൊലീസ്. ഇഡി ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് മാസമായി അന്യ സംസ്ഥാനത്തുള്ളവർ പോലും ഇവിടേക്ക് വരുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ഹോട്ടലിൽ താമസിക്കുമ്പോഴുമൊക്കെ ഇവർ പേര് മാറ്റുന്നുണ്ട്. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി ഒരു ഡസനോളം ആളുകൾ ഇവിടേക്ക് എത്തിയതായി എസ്എസ്പി മാനവ് ജിത്ത് സിങ്ങ് ദിലൻ പറഞ്ഞു. പുൽവാരി ഷെരീഫിലാണ് ഇവർ കായികപരിശീലനം നടത്തിയത്.
2001-02 കാലഘട്ടത്തിൽ സിമി നടത്തിയ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പർവേസിന്റെ സഹോദരൻ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഇതിന് ശേഷമാണ് സംസ്ഥാനത്ത് സിമിയെ നിരോധിച്ചതെന്നും പോലീസ് പറഞ്ഞു. എട്ട് പേജുള്ള ഒരു ഡോക്യുമെൻറാണ് കുറ്റവാളികളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തിട്ടുള്ളത്. “ഇന്ത്യ വിഷൻ 2047- ഇന്ത്യയിൽ ഇസ്ലാമിക രാജ്യം സ്ഥാപിക്കുക” എന്ന തലക്കെട്ടോട് കൂടിയ ഡോക്യുമെൻറാണ് പിടിച്ചെടുത്തിരിക്കുന്നത്.
Also Read-'ഇന്ത്യയെ 2047ഓടെ ഇസ്ലാമിക രാജ്യമാക്കാൻ പോപ്പുലർ ഫ്രണ്ട്:' ബിഹാറിൽ മൂന്ന് പേർ കസ്റ്റഡിയിൽ
ഇത് സംഘടനയ്ക്കുള്ളിൽ പ്രചരിപ്പിക്കാൻ വേണ്ടിയുള്ളതാണ്. കുറഞ്ഞത് 10 ശതമാനം മുസ്ലിങ്ങളുടെ പിന്തുണ ലഭിച്ചാൽ തന്നെ തങ്ങളുടെ ലക്ഷ്യം നടപ്പാക്കാൻ സാധിക്കുമെന്ന് ഈ ലഘുലേഖയിൽ പറയുന്നുണ്ട്. “ഭൂരിപക്ഷ സമുദായത്തെ കീഴടക്കി ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ സാധിക്കും,”എന്നാണ് ലഘുലേഖയിലെ വാചകം.
ഇൻറലിജൻസ് ബ്യൂറോയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പ്രധാനമന്ത്രിയുടെ ബീഹാർ സന്ദർശനത്തിന് മുമ്പ് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങളെ പോലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് പാട്ന എസ്എസ്പി എഎൻഐയോട് പറഞ്ഞു.
പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കുന്നതിനാൽ പോലീസ് കൂടുതൽ ജാഗ്രതയിലാണ്. “ഞങ്ങൾക്ക് വിവരം കിട്ടിയതിൻെറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. 26 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ഭീഷണിയൊന്നും തന്നെയില്ല,” അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: PFI, Popular front of India