വിസ്മയിപ്പിച്ച വാർത്താ ചിത്രങ്ങളുമായി ഫോട്ടോ ഫെസ്റ്റിവൽ കേരള; ഉദ്ഘാടനം ചെയ്തത് അഫ്ഗാനിൽ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖിയുടെ പിതാവ്
വിസ്മയിപ്പിച്ച വാർത്താ ചിത്രങ്ങളുമായി ഫോട്ടോ ഫെസ്റ്റിവൽ കേരള; ഉദ്ഘാടനം ചെയ്തത് അഫ്ഗാനിൽ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖിയുടെ പിതാവ്
അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട റോയിറ്റേഴ്സിന്റെ യുദ്ധകാര്യ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ പിതാവ് ഫോട്ടോ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഡാനിഷിന്റെ പടം ക്യാമറയിൽ പകർത്തിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
മുന്നാമത് ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവൽ കേരളക്ക് തിരുവനന്തപുരത്ത് തുടക്കമായി. അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട റോയിറ്റേഴ്സിന്റെ യുദ്ധകാര്യ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ പിതാവ് പ്രൊഫ. മുഹമ്മദ് അഖ്തര്‍ സിദ്ദിഖി ഫോട്ടോ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഡാനിഷിന്റെ പടം ക്യാമറയിൽ പകർത്തിയായിരുന്നു അഖ്തര്‍ സിദ്ദിഖി ഉദ്ഘാടനം നിർവഹിച്ചത്.
മനുഷ്യൻ നേരിടുന്ന വെല്ലുവിളികളെ ചിത്രങ്ങളിലൂടെ ലോകത്തെ അറിയിക്കാനാണ് ഡാനിഷ് സിദ്ദിഖി ശ്രമിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ആൾക്കൂട്ട കൊലയുടെ ചിത്രം പകർത്തിയ ശേഷം ഡാനിഷ് സിദ്ദിഖിക്ക് നിരവധി കിലോമീറ്ററുകൾ ഓടിയാണ് ജീവൻ രക്ഷിക്കാനായത്. എന്നിട്ടും നേരിന്റെ ചിത്രങ്ങൾ പകർത്താൻ ഡാനിഷ് സിദ്ദിഖി മടിച്ചിരുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡാനിഷിന്റെ ജീവിതം കുടുതൽ പേർക്ക് പത്രപ്രവർത്തന മേഖലയിലേക്ക് കടന്ന് വരാൻ പ്രോത്സാഹനമാകട്ടെ എന്നും മുഹമ്മദ് അഖ്തര്‍ സിദ്ദിഖി ആശംസിച്ചു.
നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ കേരള മീഡിയ അക്കാഡമി ചെയര്മാന് ആര് എസ് ബാബു അധ്യക്ഷനായി. മാധ്യമ മേഖലയെ ആകെ സഹായിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റെതെന്ന് ആർ എസ് ബാബു പറഞ്ഞു. ലോക കേരള മാധ്യമസഭയുടെ ഭാഗമായി കേരള മീഡിയ അക്കാദമിയാണ് ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവൽ കേരള ഒരുക്കിയിരിക്കുന്നത്.
ലോകത്തെ പിടിച്ച് കുലക്കിയ വാർത്താ ചിത്രങ്ങളുടെ സമഗ്രമായ ശേഖരമാണ് നിശാഗന്ധിയിൽ രണ്ട് ദിവസം നീണ്ട് നിൽക്കുന്ന പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയുടെയും കേരളത്തിന്റെയും എക്കാലത്തെയും ശ്രദ്ധ നേടിയ രാഷ്ട്രീയ ചിത്രങ്ങളും മേളയുടെ കൗതുക കാഴ്ചയാണ്. കേരളത്തിന്റെ വികാസപരിണാമങ്ങളെ ഫോട്ടോഗ്രാഫർമാരുടെ കണ്ണുകളിലൂടെ മേള കാണിച്ചു തരുന്നുണ്ട്. വാര്‍ത്താമാധ്യമങ്ങളുടെ പ്രവർത്തന രീതികൾ വിശദീകരിക്കുന്ന പ്രായോഗികവേദിയും പ്രദര്‍ശനനഗരിയില്‍ ഒരുക്കിയിട്ടുണ്ട്.
പ്രദര്‍ശനം കാണാനെത്തുന്ന വിദ്യാര്‍ത്ഥികൾക്കായി പ്രത്യേക മത്സരങ്ങളുമുണ്ട്. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരളസഭയുടെ മുന്നോടിയായി മീഡിയ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക കേരള മാധ്യമസഭ 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികളായ മാധ്യമ പ്രവര്‍ത്തകരാണ് ലോക കേരള മാധ്യമസഭയില്‍ പങ്കെടുക്കുക.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.