തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന രംഗത്ത് പിണറായി സർക്കാരിൻറെ തുറുപ്പുചീട്ടായിരുന്നു കിഫ്ബി. സർക്കാരിന്റെ പരമ്പരാഗത വരുമാനസാധ്യതകൾക്കപ്പുറത്ത് വികസനത്തിന് പണം കണ്ടെത്താനുള്ള പുതിയ മാർഗ്ഗം. പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ ധനമന്ത്രി തോമസ് ഐസക് ഏറ്റവുമധികം ഉച്ഛരിച്ചത് കിഫ്ബി എന്ന വാക്കായിരുന്നു. കിഫ്ബിയിൽ കേന്ദ്രീകരിച്ചായിരുന്നു ബജറ്റ് പ്രഖ്യാപനങ്ങൾ എല്ലാം.
Also Read- റിയാൻ കാജി; എട്ട് വയസുകാരന്റെ യൂട്യൂബ് വരുമാനം 184 കോടി രൂപഅഞ്ചുവർഷംകൊണ്ട് 50,000 കോടിയുടെ വികസന പദ്ധതികൾ നടപ്പിലാക്കും എന്നായിരുന്നു പ്രഖ്യാപനം. നിത്യനിദാന ചെലവുകൾ ക്ക് പോലും വായ്പ എടുക്കേണ്ടി വരുന്ന സംസ്ഥാനത്ത് ഇത് എങ്ങനെ സാധ്യമാകും എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. സർക്കാർ നാലുവർഷം പൂർത്തിയാക്കാൻ ഇരിക്കുന്ന വേളയിൽ കിഫ്ബി തന്നെയാണ് പിടിവള്ളി. ഭരണ വിവാദങ്ങളിൽ ഉഴലുന്ന സർക്കാരിന് അല്പമെങ്കിലും തല ഉയർത്താനാവുന്നത് കിഫ്ബിയെ മുൻനിർത്തിയുള്ള വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചാണ്.
കിഫ്ബിയെ മുൻനിർത്തി നടത്തുന്ന വികസനപദ്ധതികൾ ജനങ്ങളിലെത്തിക്കാനാണ് സർക്കാരിന്റെ ശ്രമം. വികസനപദ്ധതികൾ ചർച്ചയാക്കാൻ ജില്ലകൾ തോറും നടത്തുന്ന പ്രദർശന പരിപാടികൾ സർക്കാർ സംഘടിപ്പിക്കുകയാണ്. ആറുമാസത്തിനുള്ളിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ ലക്ഷ്യവും സർക്കാർ മുന്നിൽ കാണുന്നുണ്ട്.
കേരള നിർമിതി കിഫ്ബി പദ്ധതികൾ വിശദീകരിക്കാനുള്ള സർക്കാരിന്റെ ബോധവൽക്കരണ പരിപാടിയുടെ പേരാണ് കേരള നിർമ്മിതി. വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രദർശനങ്ങൾ ജില്ലകൾതോറും സംഘടിപ്പിക്കും. സർക്കാർ നടത്തുന്നതും ഏറ്റെടുക്കാൻ പോകുന്നതുമായ വികസനപദ്ധതികൾ ജനങ്ങളെ നേരിട്ട് അറിയിക്കാനുള്ള അവസരമായിട്ടാണ് ഇത് ഉപയോഗപ്പെടുത്തുക. പ്രധാന പദ്ധതികളുടെ ത്രിമാന - വെർച്വൽ പ്രദർശനങ്ങൾ ഇതിൻറെ ഭാഗമായിട്ട് ഉണ്ടാകും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരങ്ങളും ഇത്തരം പ്രദർശനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
കിഫ് ബിയുടെ നേട്ടങ്ങൾ591 പദ്ധതികളിലായി 45,619 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് കിഫ്ബി അനുമതി നൽകിയിരിക്കുന്നത്. മസാല ബോണ്ട് അടക്കമുള്ള പുതിയ ധനാഗമ മാർഗ്ഗങ്ങൾ ഇക്കാര്യത്തിൽ നേട്ടം ആയിട്ടുണ്ട്. സർക്കാർ അഭിമാന നേട്ടമായി ഉയർത്തിക്കാട്ടുന്ന പൊതു വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ, ആരോഗ്യ രംഗത്തെ കുതിച്ചു ചാട്ടം, തീരദേശ - മലയോര ഹൈവേ അടക്കമുള്ള പുതിയ റോഡുകളും പാലങ്ങളും, ദേശീയപാതാ വികസനം, ടെക്നോ സിറ്റിയും ഇൻഡസ്ട്രിയൽ പാർക്കുമടക്കം കിഫ്ബിയുടെ യുടെ നേട്ടങ്ങൾ ആണ്.
സംസ്ഥാനത്ത് ഒരു രാഷ്ട്രീയ മാറ്റം ഉണ്ടായാലും അധികാരത്തിലെത്തുന്ന പുതിയ സർക്കാരിന് അവഗണിക്കാനാകാത്ത തുറുപ്പുചീട്ട് ആയി കിഫ്ബി മാറി കഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.