തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിൽ എത്തുമ്പോൾ കേരള ചരിത്രത്തിൽ ആദ്യമായാണ് മൂന്നു വനിതകൾ കൂടി മന്ത്രിസഭയിൽ എത്തുന്നത്. ഡോ. ബിന്ദു, വീണ ജോർജ് എന്നിവർ സി.പി.എമ്മിൽ നിന്നും ജെ. ചിഞ്ചുറാണി സി.പിഐ പ്രതിനിധിയായുമാണ് മന്ത്രിസഭയിലെത്തുന്നത്. പിളർപ്പുണ്ടായി 64 വർഷത്തിനു ശേഷം സി.പി.ഐ ആദ്യമായാണ് ഒരു വനിതയെ മന്ത്രിയാക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ സർക്കാരിൽ കെ.കെ.ശൈലജ ടീച്ചറും ജെ.മെഴ്സിക്കുട്ടിയമ്മയും ആണ് വനിതാ മന്ത്രിമാരായി ഉണ്ടായിരുന്നത്.
കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ എട്ടു വനിതകൾ മാത്രമാണ് മന്ത്രിമാരായിട്ടുള്ളത്. രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിൽ എത്തുന്നതോടെ അത് 11 ആയി ഉയരും.
അടുത്തിടെ അന്തരിച്ച കെ.ആർ ഗൗരിയമ്മയാണ് സംസ്ഥാനത്ത് ആദ്യമായി മന്ത്രിസഭയിൽ അംഗമായ വനിത. അതും ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ. റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളാണ് ഗൗരിയമ്മ കൈകാര്യം ചെയ്തിരുന്നത്. 1957-ലെ കേരളാ സ്റ്റേറ്റ് ഓഫ് എവിൿഷൻ പ്രൊസീഡിങ്ങ്സ് ആക്റ്റ് (കുടിയൊഴിപ്പിക്കൽ നടപടിക്രമ നിയമം) നിയമസഭയില്‍ അവതരിപ്പിച്ചതും ഗൗരിയമ്മയായിരുന്നു. 1967, 1980, 1987, 2001, 2004 എന്നീ വര്‍ഷങ്ങളിലും ഗൗരിയമ്മ മന്ത്രിയായി.
ഗൗരിയമ്മയ്ക്കു പിന്നാലെ 1982 ലാണ് മറ്റൊരു വനിത മന്ത്രിയാകുന്നത്. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നുള്ള കോൺഗ്രസ് പ്രതിനിധിയായ എം. കമലമായിരുന്നു ആ വനിത. 1982 -1987 കാലയളവിൽ കെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു കമലം. പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് ഇവര്‍ ജനതാ പാര്‍ട്ടിയിലെത്തി.
ഗൗരിയമ്മയ്ക്കും എം കമലത്തിനും പിന്നാലെ 1991 ലാണ് മൂന്നാമതൊരു വനിതാ മന്ത്രി അധികാരത്തിലെത്തുന്നത്. കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച എം ടി പത്മ . 1991 ലും 1995 ലും എം.ടി പത്മ മന്ത്രിസ്ഥാനത്തെത്തി. 1991 മുതൽ 1995 വരെ കരുണാകരന്‍ മന്ത്രി സഭയില്‍ ഫിഷറീസ് -ഗ്രാമ വികസന - രജിസ്ട്രേഷൻ വകുപ്പും. 1995 ല്‍ എ കെ ആന്‍റണി മുഖ്യമന്ത്രിയായപ്പോഴും ഫിഷറീസ് - രജിസ്ട്രേഷൻ വകുപ്പ് പത്മ കൈകാര്യം ചെയ്തു.
പത്മയ്ക്ക് ശേഷം സംസ്ഥാന മന്ത്രിസഭയില്‍ എത്തിയ നാലാമത്തെ വനിതാ മന്ത്രിയാണ് സുശീല ഗോപാലന്‍. 1996 ലെ നായനാര്‍ മന്ത്രിസഭയിലാണ് സുശീല ഗോപാലന്‍ മന്ത്രിയാകുന്നത്. അന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്കും സുശീലാ ഗോപാലന്റെ പേര് ഉയർന്നു കേട്ടിരുന്നു. എന്നാൽ ആ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി.
2006 ല്‍ വി എസ് അച്ചുതാനന്ദന്‍ മന്ത്രിസഭയില്‍ ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി എത്തിയ അഞ്ചാമത്തെ വനിതയാണ് പി.കെ ശ്രീമതി
2011 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായ പി.കെ ജയലക്ഷ്മിയാണ് കേരള മന്ത്രിസഭയില്‍ അംഗമായ ആറാമത്തെ വനിതാ മന്ത്രി. കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ആദിവാസി മേഖലയില്‍ നിന്നുള്ള ഒരു വനിത മന്ത്രിയായാകുന്നത്. ഇതിനു പിന്നാലെ 2016-ൽ അധികാരത്തിലെത്തിയ പിണറായി മന്ത്രിസഭയിലൂടെയാണ് കെ.കെ ശൈലജയും മെഴ്സിക്കുട്ടിയമ്മയും മന്ത്രിമാരാകുന്നത്. ഒന്നിലധികം വനിതകൾ മന്ത്രിമാരായതും ഒന്നാം പിണറായി സർക്കാരിലായിരുന്നു. ഇതിനു പിന്നലെയാണ് മൂന്നു വനിതകളെ കൂടി തന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ഉൾപ്പെടുത്താൻ പിണറായി വിജയനും ഇടതു മുന്നണിയും തീരുമാനിച്ചിരിക്കുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.