• HOME
  • »
  • NEWS
  • »
  • kerala
  • »
  • PINARAYI IN VERBAL DUEL WITH VD SATHEESAN KM TV

സംസ്ഥാനത്തെ പൊലീസിന് ഭ്രാന്തു പിടിച്ചെന്ന് പ്രതിപക്ഷം; പൊലീസ് നാടിന് എതിരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി

പൊലീസ് അഴിഞ്ഞാടുന്നെന്നും പ്രതിപക്ഷത്തിന്റെ വാദത്തിനു മറുപടിയായി പൊലീസ് നാടിനെതിരേയുള്ള സേനയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നെന്നു മുഖ്യമന്ത്രി

പിണറായി വിജയൻ, വി ഡി സതീശൻ

പിണറായി വിജയൻ, വി ഡി സതീശൻ

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസിന് ഭ്രാന്ത് പിടിച്ചെന്നും എല്ലായിടത്തും പൊലീസ് അഴിഞ്ഞാടുന്നെന്നും പ്രതിപക്ഷത്തിന്റെ വാദത്തിനു മറുപടിയായി പൊലീസ് നാടിനെതിരേയുള്ള സേനയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നെന്നു മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കാലത്തെ പിഴ ചുമത്തലിനെതിരേയും പ്രതിപക്ഷം നിയമസഭയില്‍ ആഞ്ഞടിച്ചു. സമചിത്തതയോടെ പെരുമാറുന്ന ജനകീയ പൊലീസാണെന്നു പറഞ്ഞ് പൊലീസ് നടപടിയെ മുഖ്യമന്ത്രി പൂര്‍ണമായും ന്യായീകരിച്ചു. അട്ടപ്പാടിയില്‍ ആദിവാസി ഊരു മൂപ്പനും മകനുമെതിരേയുണ്ടായ പൊലീസ് നടപടി ഉദാഹരണമായി പറഞ്ഞാണ് സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ക്കെതിരേ പ്രതിപക്ഷം ആഞ്ഞടിച്ചത്.

ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാന്‍ പോയവര്‍ക്കും പുല്ലരിയാന്‍ പോയവര്‍ക്കും കല്യാണത്തിന് പോയ നവ വരനും എടിഎമ്മില്‍ പോയവര്‍ക്കും മത്സ്യക്കച്ചവടക്കാര്‍ക്കും പൊലീസ് 2000 രൂപ പിഴ അടപ്പിക്കുകയാണ്. അട്ടപ്പാടിയില്‍ പൊലീസിന്റെ നരനായാട്ട,് ദ്യശ്യങ്ങളില്‍ വ്യക്തമാണെന്ന് എന്‍.ഷംസുദ്ദീന്‍ പറഞ്ഞു. പൊലീസിനെ കണ്ട് ഭയന്ന് കരഞ്ഞ സ്ത്രീകളെ പൊലീസ് മര്‍ദ്ദിച്ചു.കുട്ടികളുടെ കരണത്തടിച്ചു. ഒരു കുട്ടിയുടെ തുണി ഉരിഞ്ഞ് എടുത്തെന്നും എന്‍ ഷംസുദീന്‍ പറഞ്ഞു.

ഭീകരവാദികളെ പോലെയാണ് മുരുകനെയും അച്ഛനെയും അറസ്റ്റു ചെയ്ത് കൊണ്ടു പോയതെന്നും അര്‍ജുന്‍ ആയങ്കിയെ പിടിക്കാനും മുട്ടില്‍ മരം മുറി ബ്രദേഴ്‌സിനെ അറസ്റ്റു ചെയ്യാനും കാട്ടാത്ത ആര്‍ജവവമാണ് അട്ടപ്പാടിയില്‍ പൊലീസ് കാണിച്ചതെന്നും ഷംസുദ്ദീന്‍ പറഞ്ഞു. മരുമകനുമായി പ്രാദേശിക സിപിഎം നേതാക്കള്‍ക്ക് പ്രശ്‌നം ഉണ്ട്, അതിന്റെ പ്രതികാരം തീര്‍ക്കാനാണ് വന്‍ പൊലീസ് സന്നാഹം അതിരാവിലെ ഊരിലെ കുടിലുകളില്‍ അതിക്രമിച്ചു കയറിയത്. അട്ടപ്പാടിയിലെ ചരിത്രത്തില്‍ ആദ്യമായാണ് നേരം പുലരും മുന്‍പ് ഇത്തരത്തിലൊരു പൊലീസ് അക്രമം. അട്ടപ്പാടിയില്‍ നടന്നത് നരനായാട്ടാണ്. ആദിവാസി സമൂഹം വലിയ ഭീതിയിലാണെന്നും ഷംസുദ്ധീന്‍ ആരോപിച്ചു.

2000 രൂപ വാങ്ങിയിട്ട് 500 രൂപയുടെ രസീത് കൊടുക്കുന്ന മാജിക്കാണ് പൊലീസ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പൊലീസ് തെറ്റ് ചെയ്താല്‍ അത് തെറ്റാണെന്ന് പറയാന്‍ മുഖ്യമന്ത്രി തയാറാകണം. പള്ളിയില്‍ പോകുന്നതിനും പിതൃ തര്‍പ്പണത്തിനു പോകുന്നതിനും പിഴ ഈടാക്കുകയാണ്. അതിനെ മുഖ്യമന്ത്രി ന്യായീകരിക്കരുത്. അത് മുഖ്യമന്ത്രിക്ക് ഭൂഷണമല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

പൊലീസ് അപമാനകരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. കൊലക്കേസ് പ്രതികളോട് ചെയ്യാത്ത രീതിയിലുള്ള പെരുമാറ്റമായിരുന്നു ആദിവാസികളോട് പൊലീസ് ചെയ്തത്. പൊലീസ് റിപ്പോര്‍ട്ട് വായിച്ച മുഖ്യമന്ത്രി അട്ടപ്പാടിയിലെ ദൃശ്യങ്ങള്‍ കണ്ടിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്നും വി.ഡി.സതീശന്‍ പറഞ്ഞു. അട്ടപ്പാടിയിലെ പൊലീസിന് ഭൂമാഫിയയുമായി ബന്ധമുണ്ട്. ഭൂമാഫിയയുടെ കൈയാളും ഉപകരണവുമായി അവിടുത്തെ പൊലീസ് മാറി. കൈനകരിയില്‍ ഡോക്ടറുടെ കരണക്കുറ്റിക്കടിച്ച ലോക്കല്‍ സെക്രട്ടറിയെ അറസ്റ്റുചെയ്യാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ പൊലീസിനെ മുഖ്യമന്ത്രി ന്യായീകരിച്ചാല്‍ അത് തെറ്റ് ചെയ്യാനുള്ള ലൈസെന്‍സ് കൊടുക്കലാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

എന്നാല്‍ പൊലീസ് നാടിനെതിരേയുള്ള സേനയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പൊലീസ് പൂര്‍ണമായും ജനകീയ സേനയായാണ് പ്രവര്‍ത്തിക്കുന്നത്. ദുരന്ത സമയങ്ങളില്‍ ജനക്കള്‍ക്കൊപ്പം നിന്ന് പൊലിസ് പ്രവര്‍ത്തിച്ചു.കോവിഡ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നത് എന്തോ മഹാപരാധം എന്നു വരുത്താനാണ് ശ്രമം. ഏല്‍പ്പിക്കുന്ന ചുമതലയാണ് പോലീസ് നിര്‍വഹിക്കുന്നത് എന്നും നിയമസഭയില്‍ അദ്ദേഹം പറഞ്ഞു.

കേരളത്തെ വര്‍ഗീയ സംഘര്‍ഷമില്ലാത്ത സംസ്ഥാനമാക്കാന്‍ കഴിഞ്ഞെന്നും സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഉതകുന്ന നടപടികളിലേക്കാണ് പൊലീസ് കടക്കുന്നതെന്നും നിയമ വാഴ്ചയുടെ സംരക്ഷണം ഉറപ്പ് വരുത്താനാണ് പൊലീസ് പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് ജനങ്ങള്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്ന് തോന്നല്‍ ഉണ്ടാക്കാനുള്ള ശ്രമമുണ്ട്. എന്താണ് കേരളത്തിലെ പൊലീസ് എന്ന് കഴിഞ്ഞകാലം കേരളത്തിന്റെ അനുഭവങ്ങള്‍ നോക്കി മനസ്സിലാക്കണം. ദുരന്തമുഖത്ത് ജനങ്ങളോട് ചേര്‍ന്നു കൊണ്ട് ജനങ്ങളെ സഹായിക്കുന്ന ഏറ്റവും വലിയ ജനകീയ സേനയായി മാറുവാന്‍ കേരളത്തിലെ പോലീസിന് കഴിഞ്ഞു.

മഹാമാരിയുടെ ഘട്ടത്തില്‍ പൊലീസ് സേന വഹിച്ച പങ്ക് നിഷേധിക്കാന്‍ കഴിയുന്നതല്ല. 11 പോലീസുകാര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇരുന്നൂറിലധികം പേര്‍ക്ക് ഗുരുതരമായ രോഗം വന്നു.
ഈ നാടിനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി അവര്‍ അനുഭവിച്ച ദുരിതമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടിയിലേത് ഒറ്റപ്പെട്ട സംഭവമാണ്. കുടുംബ വഴക്ക് ക്രമസമാധാന പ്രശ്‌നമാകുന്നത് തടയാനാണ് അവിടെ പൊലീസ് ഇടപെട്ടത്. പ്രതികളുടെ ആക്രമണത്തില്‍ വനിതാ പൊലീസ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. അതിരാവിലെ പൊലീസ് എന്തിന് ഊരില്‍ കയറി എന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Published by:Karthika M
First published:
)}