• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമലയില്‍ എത്തിയത് പരിശീലനം ലഭിച്ച അക്രമികള്‍; കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്എസ് പക്ഷത്തെന്നും പിണറായി

ശബരിമലയില്‍ എത്തിയത് പരിശീലനം ലഭിച്ച അക്രമികള്‍; കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്എസ് പക്ഷത്തെന്നും പിണറായി

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • Last Updated :
  • Share this:
    കോഴിക്കോട്: പരിശീലനം ലഭിച്ച അക്രമികളാണ് ശബരിമലയില്‍ എത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമം അംഗീകരിക്കാനാകില്ലെന്നും അക്രമികള്‍ പലരെയും നാളികേരം ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നും പിണറായി കോഴിക്കോട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യവേ പറഞ്ഞു. പിന്തിരിപ്പന്‍ നയമാണ് ആര്‍എസ്എസിന്റേതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

    'അക്രമത്തിന് ഇരയായ കൂട്ടത്തില്‍ നിര്‍ഭാഗ്യവശാല്‍ ധാരാളം മാധ്യമപ്രവര്‍ത്തകരുമുണ്ടെന്നതാണ് വസ്തുത. ശബരിമലയില്‍ പൂജാ ദ്രവ്യങ്ങളുടെ കൂട്ടത്തില്‍ തേങ്ങയും കൊണ്ട് പോകും, ആ തേങ്ങകൊണ്ട് ഇടികൊണ്ട ആളുകളുണ്ടെന്നാണ് പറയുന്നത്. ഇവര്‍ അക്രമത്തില്‍ പരിശീലനം ലഭിച്ചവരായതുകൊണ്ട് പലരെയും അക്രമിക്കുന്ന നില ഉണ്ടായിട്ടുണ്ട്.' പിണറായി പറഞ്ഞു.

    ശബരിമല; സിപിഎമ്മിന് മുന്‍വിധികളില്ല; എത്ര രഥമുരുട്ടിയാലും കേരളത്തില്‍ ബിജെപിക്ക് ഭരണം കിട്ടില്ലെന്നും കോടിയേരി

    ശബരിമലയില്‍ പോകുന്ന വിശ്വാസികള്‍ക്കു സര്‍ക്കാര്‍ എല്ലാ സംരക്ഷണവും സൗകര്യവും നല്‍കുമെന്നു പറഞ്ഞ പിണറായി വിജയന്‍. സുപ്രീം കോടതി വിധിയെ ആദ്യം പുകഴ്ത്തിയവര്‍ പിന്നീടു വിശ്വാസത്തിന്റെ പേരുപറഞ്ഞാണു മതനിരപേക്ഷത തകര്‍ക്കാന്‍ രംഗത്തിറങ്ങിയതെന്നും ചൂണ്ടിക്കാട്ടി. ശബരിമലയില്‍ ഒരു വിവേചനവും പാടില്ലെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെതിരെ സംസാരിച്ച മുഖ്യമന്ത്രി ആര്‍എസ്എസിന്റെ ബി ടീമായി നില്‍ക്കാനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ആരോപിച്ചു. വര്‍ഗീയതയുമായി 'സമരസപ്പെടുന്നതു കൊണ്ടാണ് ഇപ്പോള്‍ ധാരാളംപേര്‍ കോണ്‍ഗ്രസില്‍നിന്നു വിട്ടുപോകുന്നത്. കോണ്‍ഗ്രസ് നേതാക്കളില്‍ പകുതിയിലധികം ആര്‍എസ്എസ് പക്ഷത്താണ്. കോണ്‍ഗ്രസ് നയത്തിന് ഒപ്പം നില്‍ക്കാത്ത നേതാക്കളാണ് ആ പാര്‍ട്ടിയിലുള്ളത്. രാഹുല്‍ ഗാന്ധിയുടെ നിലപാടുപോലും അംഗീകരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കു കഴിയുന്നില്ല.' അദ്ദേഹം പറഞ്ഞു.

    ശബരിമലയുടെ പേരിൽ കോൺഗ്രസിൽ തമ്മിലടി


    നവോത്ഥാന കേരള നിര്‍മിതിയില്‍ ആര്‍എസ്എസ് ഒഴികെ എല്ലാവര്‍ക്കും പങ്കുണ്ട്. ഇപ്പോഴുള്ള നിറവെളിച്ചം തല്ലിക്കെടുത്തി അന്ധകാരത്തിലേക്കു കൊണ്ടുപോകാനാണു സംഘപരിവാര്‍ ശ്രമിക്കുന്നത്. കേന്ദ്രഭരണത്തിനെതിരെയുള്ള ജനരോഷത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണു ബിജെപി വര്‍ഗീയ കാര്‍ഡ് പുറത്തിറക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

    First published: