HOME » NEWS » Kerala » PINARAYI VIJAYAN AND KANAM RAJENDRAN THREATENS JOSE K MANI IN LOVE JIHAD ISSUE SAYS K SURENDRAN

ലൗ ജിഹാദ്: ഭീഷണിപ്പെടുത്തി ജോസ് കെ. മാണിയുടെ വായടപ്പിച്ചുവെന്ന് കെ സുരേന്ദ്രൻ

ത്രിപുരയിലും ബംഗാളിലും സിപിഎമ്മിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തത് ബിജെപിയാണ്. പിണറായിയില്‍ തുടങ്ങി പിണറായിയില്‍ തന്നെ അവസാനിക്കാനുള്ള യോഗമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെന്നും സുരേന്ദ്രന്‍ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: March 31, 2021, 5:15 PM IST
ലൗ ജിഹാദ്: ഭീഷണിപ്പെടുത്തി ജോസ് കെ. മാണിയുടെ വായടപ്പിച്ചുവെന്ന് കെ സുരേന്ദ്രൻ
കെ. സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: ഭീകര പ്രവര്‍ത്തനമായ ലൗ ജിഹാദിനെ കുറിച്ച് ക്രിസ്ത്യൻ സ ഭകള്‍ക്കുള്ള ആശങ്ക പങ്കുവച്ച കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിയെ പിണറായിയും കാനവും ചേര്‍ന്ന് ഭീഷണിപ്പെടുത്തി വായടപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ലൗ ജിഹാദിനെ കുറിച്ചുള്ള ആശങ്ക ബിജെപിയോ ഹിന്ദുഐക്യവേദിയോ മാത്രമല്ല ക്രിസ്ത്യന്‍സഭകളും ശക്തമായി ഉന്നയിച്ചതാണ്. പ്രണയത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ സിറിയയിലേക്ക് കടത്തിയെന്നത് യാഥാര്‍ഥ്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ഹിന്ദു- ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതംമാറ്റി ചാക്കുടുപ്പിക്കുന്നതെന്തിനാണ് ? ഇങ്ങനെ ചാക്കുടുപ്പിച്ച് പെണ്‍കുട്ടികളെ ആടു മേയ്ക്കാന്‍ വിട്ടത് കേരളം മുഴുവന്‍ കണ്ടതല്ലേ. ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് പിണറായി സര്‍ക്കാര്‍ എന്താണ് മറച്ചുവയ്ക്കുന്നത് ? ജസ്‌നയ്ക്ക് എന്തു സംഭവിച്ചുവെന്ന് തുറന്നു പറയണം. ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയാണെന്ന് അറിയാന്‍ കേരളം കാത്തിരിക്കുന്നു. ആ കേസ് അന്വേഷിച്ച എസ്പി ജോലിയില്‍ നിന്ന് വിരമിക്കും മുമ്പ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തണം. തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളി തകര്‍ത്തത് മദ്യക്കച്ചവടക്കാരാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞത്. പൊതുവെ സാത്വികനാണെന്ന് പറയപ്പെടുന്ന പാണക്കാട് തങ്ങളും ഇതിനെ ന്യായീകരിച്ച് രംഗത്തെത്തി. ഈ രണ്ടു വിഷയങ്ങളിലും രണ്ടു മുന്നണികളും നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എല്‍ഡിഎഫ്, യുഡിഎഫ് എന്ന പാറ്റേണ്‍ ഇക്കുറി മാറും. 35 ലധികം സീറ്റുകളില്‍ ശക്തമായ ത്രികോണമത്സരം നടക്കുകയാണ്. രണ്ടു മുന്നണികളും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വര്‍ഗീയവികാരം ആളിക്കത്തിക്കുന്നു. അതിനാല്‍ ഇടതുവലത് മുന്നണികള്‍ക്ക് ജനപിന്തുണ കുറയുകയാണ്. ശബരിമല വിശ്വാസ സംരക്ഷണത്തിന് എല്‍ഡിഎഫും യുഡിഎഫും എതിരാണ്. ശബരിമല യുവതീപ്രവേശത്തില്‍ മാപ്പുപറഞ്ഞ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം എന്തു നടപടി സ്വീകരിക്കും ? രാഹുല്‍ഗാന്ധി പത്തനംതിട്ട ജില്ലയില്‍ പ്രചാരണത്തിനെത്തിയെങ്കിലും ശബരിമലയിലെ ആചാരലംഘനത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല. യുവതീപ്രവേശത്തെ എതിര്‍ത്ത് ബിജെപി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയപ്പോള്‍ ഗ്യാലറിയിലിരുന്ന് കളികണ്ട കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ അക്രമമെന്ന് വ്യാഖ്യാനിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും.

പിണറായി വിജയനെതിരെ ധര്‍മടത്ത് കോണ്‍ഗ്രസിന് മികച്ച സ്ഥാനാര്‍ഥി പോലുമില്ല. പ്രമുഖന്മാര്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ്-സിപിഎം പരസ്പര ധാരണ കാണാനാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Also Read- ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ടേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി; കമ്മീഷന്റെ മാർഗരേഖ അംഗീകരിച്ചു

സ്വര്‍ണക്കടത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും സാമ്പത്തിക അഴിമതി മാത്രമല്ല നടത്തിയത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വ്യവസായം തുടങ്ങാന്‍ ഇവിടെ നിന്നു നിയമസഭയുടെ ചിഹ്നവും സൗകര്യങ്ങളും ഉപയോഗിച്ച് പണം കടത്തി. പ്രചാരണത്തിന്റെ അവസാനലാപ്പില്‍ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേമത്തെ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ നടക്കുകയാണ്. ത്രിപുരയിലും ബംഗാളിലും സിപിഎമ്മിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തത് ബിജെപിയാണ്. പിണറായിയില്‍ തുടങ്ങി പിണറായിയില്‍ തന്നെ അവസാനിക്കാനുള്ള യോഗമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെന്നും സുരേന്ദ്രന്‍ പറഞ്ഞു.

''കേന്ദ്രം സ്‌കൂള്‍കുട്ടികള്‍ക്ക് കൊടുത്ത അരി പൂഴ്ത്തിവച്ചശേഷം ഇപ്പോള്‍ കിറ്റാക്കി സൗജന്യമായി വിതരണം ചെയ്യുന്നു''

കേന്ദ്രസര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കാനായി സൗജന്യമായി കൊടുത്ത അരി പൂഴ്ത്തിവച്ചശേഷം ഇപ്പോള്‍ പിണറായി വിജയന്‍ കേരളത്തിന്റെ സഞ്ചിയിലിട്ട് കൊടുക്കുകയാണ്. കേന്ദ്രം കൊടുക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പിണറായി സ്വന്തം പേരിലാക്കി നല്‍കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്ക് കേന്ദ്രം സൗജന്യമായി നല്‍കുന്ന ഭക്ഷ്യധാന്യങ്ങളാണ് കേരളത്തില്‍ കിറ്റാക്കി വിതരണം ചെയ്യുന്നത്. ഇങ്ങനെ വിതരണം ചെയ്യാനുള്ള അരി എവിടെ നിന്ന് കിട്ടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ചോദിക്കില്ല. ഈ അരി നല്‍കുന്നത് മോദിയാണെന്ന് പറയാന്‍ രണ്ടുപേരും ഇഷ്ടപ്പെടുന്നില്ലെന്നതാണ് കാരണമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

തപാല്‍ വോട്ടുകള്‍ വ്യാപകമായി അട്ടിമറിക്കുകയാണ്. ബിഎല്‍ഒ ഇടതുപക്ഷത്തിന്റെ ജാഥയില്‍ പങ്കെടുക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്. മറ്റു പാര്‍ട്ടിക്കാരെ അറിയിക്കാതെ സിപിഎം നേതാക്കളെയും കൊണ്ടാണ് ബിഎല്‍ഒ തപാല്‍ വോട്ടുകള്‍ ചെയ്യിക്കാന്‍ പോകുന്നത്. ഈ വോട്ടുകള്‍ ശേഖരിച്ചശേഷം യഥാസ്ഥാനത്ത് എത്തുമെന്ന് യാതൊരു ഉറപ്പും ഇല്ല. കോന്നിയില്‍ കിറ്റുമായാണ് സിപിഎം നേതാക്കള്‍ തപാല്‍വോട്ടു ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോയതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

തപാല്‍വോട്ടില്‍ കള്ളക്കളി നടന്നുതുകൊണ്ടാണ് തിരുവനന്തപുരം നഗരസഭയിലെ നിരവധി വാര്‍ഡുകള്‍ ബിജെപിക്ക് നഷ്ടപ്പെട്ടത്. ഒരു വോട്ടിന് തോറ്റ കവടിയാറില്‍ ബിജെപിക്ക് 14 തപാല്‍വോട്ടുകള്‍ ലഭിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ ആ വോട്ടുകളൊന്നും തന്നെ എത്തേണ്ടിടത്ത് എത്തിയില്ല. അതിനാല്‍ തന്നെ തപാല്‍ വോട്ടിന്റെ കാര്യത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Published by: Rajesh V
First published: March 31, 2021, 5:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories