• HOME
  • »
  • NEWS
  • »
  • kerala
  • »
  • Climate Change | കാലാവസ്ഥാ വ്യതിയാനം; ദീർഘകാല പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

Climate Change | കാലാവസ്ഥാ വ്യതിയാനം; ദീർഘകാല പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

12 വകുപ്പുകളിലായി 7791.14 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നൽകിതീരദേശ ജില്ലകളുടെ ചില ഭാഗങ്ങള്‍ 2150 ഓടെ ജലനിരപ്പ് ഉയരുന്നതുവഴി നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പേർട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍

  • Last Updated :
  • Share this:
തിരുവനന്തപുരം:കാലാവസ്ഥ ദുരന്തങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ അടിയന്തരമായി ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ. മുഖ്യമന്ത്രിയുടെ പരിസ്ഥിതിവകുപ്പ് നോക്കുകുത്തിയായി. കാലാവസ്ഥ വ്യതിയാനം (Climate change) നേരിടാനുള്ള ആക്ഷൻ പ്ലാൻ 2019 ൽ ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ട് പി സി വിഷ്ണുനാഥ്(pc vishnunath) ആരോപിച്ചു.

മുന്നറിയിപ്പുകൾ സർക്കാർ അവഗണിക്കുന്നു. 2019 ൽ കിട്ടിയ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ കൂട്ടിക്കൽ, പെട്ടിമുടി ദുരന്തങ്ങളെ തുടർന്നുള്ള മരണങ്ങൾ ഉണ്ടാകില്ലായിരുന്നെന്നും വിഷ്ണുനാഥ് പറഞ്ഞു. ഡമോക്ലിസിന്റെ വാളായി ദുരന്തങ്ങൾ തലക്കു മുകളിൽ നിൽക്കുമ്പോൾ എന്തിനാണ് സിൽവർ ലൈൻ പദ്ധതിയെന്നും പ്രതിപക്ഷ നേതാവും  ചോദിച്ചു.

കാലാവസ്ഥ വ്യതിയാനത്തിന് കാരണം സർക്കാർ നടപടികളല്ലെന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രിദീർഘകാല പദ്ധതികൾ സർക്കാർ ആഹ്വാനം ചെയ്തതായി അറിയിച്ചു. ആക്ഷൻ പ്ലാൻ പൂർണമായിട്ടില്ല.കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകരാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരമാണ്. ഇംഗ്ലണ്ടിലെ ഗ്ലാസ്‌ഗോയില്‍ ലോകരാഷ്ട്രങ്ങളുടെ ഉന്നതതല യോഗം നടക്കുകയാണ്.

ആഗോളതാപനില ഉയരുന്നതിന്റെ തോത് വര്‍ദ്ധിക്കുന്നതായി ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ധ സമിതി ആഗസ്റ്റ് 9, 2021 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പരാമാര്‍ശമുണ്ട്. പ്രസ്തുത റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അടിസ്ഥാനപ്പെടുത്തി യു.എസ്.എ യിലെ നാസ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍   ചില ശാസ്ത്രജ്ഞര്‍ കേരളത്തിലെ തീരദേശ ജില്ലകളുടെ  ചില ഭാഗങ്ങള്‍ 2150 ഓടെ ജലനിരപ്പ് ഉയരുന്നതുവഴി നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായം പറഞ്ഞിട്ടുള്ളത്. ഇതാണ് ദേശീയ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011 - 2020 കാലഘട്ടത്തില്‍ ഇത് 1850 - 1900 കാലഘട്ടത്തേക്കാള്‍ ശരാശരി 1.09 ഡിഗ്രി കൂടുതലാണ്. കടലിലെ താപനില 0.88 ഡിഗ്രിയും കരയിലെ താപനില 1.95 ഡിഗ്രിയുമാണ് കൂടിയിട്ടുള്ളത്. ഇതിന്റെ ഗൗരവം എല്ലാ സര്‍ക്കാരുകളും ഉള്‍ക്കൊള്ളേണ്ടതാണ്. സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയില്‍ ഇത് വളരെ ഗൗരവത്തോടെയാണ് കേരള സര്‍ക്കാര്‍ സമീപിക്കുന്നതും നടപടികള്‍ സ്വീകരിക്കുന്നതും.

ആഗോള താപനില ഉയരുന്നതിന്റെ മുഖ്യ കാരണം ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ (കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, മീഥൈന്‍, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയവ) ബഹിര്‍ഗമനമാണ്. ഇവ കുറയ്ക്കാനും പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാനുമാണ് ആഗോളതലത്തില്‍ ലോകരാഷ്ട്രങ്ങളുടെ സമ്മേളനങ്ങള്‍ ലക്ഷ്യമിടുന്നത്. കേരളം സമയബന്ധിതമായി  ഗ്രീന്‍ഹൗസ് ഗ്യാസുകളുടെ ബഹിര്‍ഗമനം ഗണ്യമായി കുറച്ചുകൊണ്ടുവരാനുള്ള പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.

ഓരോ മേഖലയിലും ഉണ്ടാകുന്ന ഗ്രീന്‍ഹൗസ് വാതകങ്ങളുടെ ബഹിര്‍ഗമനത്തിന്റെ കണക്ക് ചര്‍ച്ചക്കായുള്ള രേഖയില്‍ ഉള്‍പ്പെടുത്തി ലക്ഷ്യം എങ്ങനെ നിറവേറ്റാമെന്നാണ് സര്‍ക്കാര്‍ പരിഗണിച്ചുവരുന്നത്. ഇത് നടപ്പില്‍ വരുത്താനായി പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയില്‍ ഊര്‍ജ്ജ - തദ്ദേശസ്വയംഭരണ, വനം - ശാസ്ത്രസാങ്കേതിക വകുപ്പ് എന്നിവയുടെ ചുമതലുള്ള സെക്രട്ടറിമാരും അംഗങ്ങളാണ്. സമയബന്ധിതമായി സംസ്ഥാനത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കുകയാണ് സമിതിയുടെ ദൗത്യം. ഇതിന്റെ ആദ്യ യോഗം 2021 നവംബര്‍ 19 ന് ചേരുന്നുണ്ട്.

ഇതിനു പുറമെ ദുരന്താഘാത പ്രതിരോധ ശേഷിയുള്ള കേരള നിര്‍മ്മിതിക്കുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം,  ജലവിഭവം,  തദ്ദേശസ്വയംഭരണം, റവന്യൂ, കൃഷി, ഗതാഗതം, ശാസ്ത്രസാങ്കേതികം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതിയും രൂപീകരിച്ചിട്ടുണ്ട്.

ദുരന്താഘാതം താങ്ങാന്‍ ശേഷിയുള്ള നവകേരള നിര്‍മ്മിതിയാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി രൂപീകരിക്കപ്പെട്ടതാണ് റിബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ് (ആര്‍.കെ.ഐ). ഇതിന്റെ ഭാഗമായി സ്വീകരിക്കുന്ന നടപടികള്‍ ഈ സഭയില്‍ തന്നെ ഒന്നിലധികം തവണ വിശദീകരിച്ചിട്ടുണ്ട്. 12 വകുപ്പുകളിലായി 7791.14 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇവ നിര്‍വ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 5,271.88 കോടി രൂപയുടെ പദ്ധതികള്‍ ടെണ്ടര്‍ ചെയ്തിട്ടുമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഭവനനിര്‍മ്മാണ പദ്ധതിയായ ലൈഫ് പ്രി ഫാബ് സാങ്കേതികവിദ്യ സ്വീകരിച്ചിട്ടുണ്ട്. പ്രകൃതിവിഭവ ചൂഷണം പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ സാങ്കേതികവിദ്യ.നമ്മുടെ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും പ്രകൃതിദുരന്തങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഇക്കാര്യം കണക്കിലെടുത്താണ് 2006-2011 ലെ സര്‍ക്കാര്‍ 2008 ല്‍ തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമനിര്‍മ്മാണം നടത്തിയത്.

വര്‍ഷകാലത്ത് ഒഴുകിയെത്തുന്ന ജലം മണ്ണിലൂര്‍ന്ന് ഇറങ്ങാന്‍ നെല്‍കൃഷിക്കുള്ള പങ്ക് ചെറുതല്ല. 2016 - 21 കാലഘട്ടത്തില്‍ സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃപരമായ പങ്കോടെയാണ്  നെല്‍കൃഷി വ്യാപനം നടന്നുവരുന്നത്.

ഇതിനുംപുറമെ നദികളുടെ സ്വാഭാവികമായ ഒഴുക്ക് ഉറപ്പാക്കാന്‍ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ 'ഇനി ഞാന്‍ ഒഴുകട്ടെ' എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. നവകേരളം മിഷന്റെ നേതൃത്വത്തില്‍ ഇത്തരം പരിപാടികള്‍ തുടരുന്നതാണ്.
നദികളിലും ഡാമിലും അടിഞ്ഞുകൂടിയിട്ടുള്ള എക്കല്‍ നീക്കം ചെയ്യാനുള്ള പരിപാടിയും സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്. ഇവയെല്ലാം തന്നെ പ്രളയാഘാതം കുറയ്ക്കാന്‍ ഗണ്യമായി സഹായിക്കുന്നതാണ്.

ഗ്രീന്‍ഹൗസ് വാതകങ്ങളുടെ ബഹിര്‍ഗമനം ഉണ്ടാകുന്ന ഒരു മേഖല പരമ്പരാഗത ഊര്‍ജ്ജ ഉത്പാദനത്തിലൂടെയാണ്. പാരമ്പര്യേതര ഊര്‍ജ്ജ ഉത്പാദനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സൗരോര്‍ജ്ജോത്പാദനത്തിനായി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികളും വരുത്തിയിട്ടുണ്ട്.
റി ബില്‍ഡ് കേരളയുടെ ഭാഗമായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുക്കുന്നത് കാലാവസ്ഥാ വ്യതിയാനം തടയാനും ദുരന്തപ്രതിരോധ ശേഷിയുള്ള കേരള നിര്‍മ്മിതി ലക്ഷ്യമിട്ടുകൂടിയാണ്.

കാര്‍ബണ്‍ ന്യൂട്രാലിറ്റിക്ക് അനിവാര്യമായ മറ്റൊരു പരിഷ്‌ക്കരണം ഗതാഗത മേഖലയിലാണ്. പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതുവഴി ഉണ്ടാകുന്ന ഗ്രീന്‍ഹൗസ് വാതക ബഹിര്‍ഗമനവും അന്തരീക്ഷ മലിനീകരണവും തടയാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ഇ-വെഹിക്കിള്‍ നയം രൂപീകരിക്കുകയും ആവശ്യമായ നടപടികള്‍ മുന്നോട്ടുനീക്കാനുള്ള പരിശ്രമം നടത്തിവരികയുമാണ്.

പലവിധ തടസ്സങ്ങള്‍ നേരിട്ടെങ്കിലും ഇത് മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
2018 ലും 2019 ലും ഉണ്ടായ പ്രകൃതിദുരന്തങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഏതോ നടപടികള്‍ കാരണമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അടിസ്ഥാനരഹിതം മാത്രമല്ല, അശാസ്ത്രീയവുമാണ്. നമ്മുടെ വികസന പ്രക്രിയ ദീര്‍ഘകാലത്ത് പ്രകൃതി  വിഭവങ്ങളെ പല രീതിയിലും ചൂഷണം ചെയ്തിട്ടുണ്ട്. ഈ രീതിയില്‍ ഘടനാപരമായ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ സമഗ്രസമീപനം സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന  കാലാവസ്ഥാ വ്യതിയാന പഠന ഇന്‍സ്റ്റിറ്റ്യൂട്ട് ഐ.പി.സി.സി കണ്ടെത്തലുകള്‍ കണക്കിലെടുത്തുകൊണ്ട് സംസ്ഥാന സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ഒരു വിശദമായ പഠനം നടത്തിവരികയാണ്. ഇത് നല്ല പുരോഗതി കൈവരിച്ചിട്ടുണ്ട്. 2021 ഡിസംബറില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് ശാസ്ത്രസാങ്കേതിക വകുപ്പിന്റെ നിഗമനം.

2035 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ കേരളം എന്ന പദ്ധതി നടപ്പിലാക്കുന്നതിന് ഒരു നോഡല്‍ ഏജന്‍സിയെ നിയോഗിക്കുന്ന കാര്യം പരിശോധിക്കും. പരിസ്ഥിതി, ഗതാഗതം, തദ്ദേശസ്വയംഭരണം, അനെര്‍ട്ട്, കെ.എസ്.ഇ.ബി. തുടങ്ങിയ വകുപ്പുകളുടെ പിന്തുണ നല്‍കുന്നതിനുള്ള സംവിധാനവും ആലോചിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഒരു അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന കോണ്‍ക്ലേവ് ഷെഡ്യൂള്‍ ചെയ്യുന്ന കാര്യവും പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Published by:Jayashankar AV
First published: