'ഗൗരിയമ്മ കോളേജ് പഠനകാലത്ത് കവിത എഴുതിയിരുന്നു എന്നത് ഇന്ന് എത്ര പേർക്കറിയാം? ' മുഖ്യമന്ത്രി പിണറായി വിജയൻ

ഗൗരിയമ്മയുടെ 101-ാം പിറന്നാൾ ദിനത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

news18
Updated: June 21, 2019, 2:07 PM IST
'ഗൗരിയമ്മ കോളേജ് പഠനകാലത്ത് കവിത എഴുതിയിരുന്നു എന്നത് ഇന്ന് എത്ര പേർക്കറിയാം? ' മുഖ്യമന്ത്രി പിണറായി വിജയൻ
Pinarayi, gowri amma
  • News18
  • Last Updated: June 21, 2019, 2:07 PM IST
  • Share this:
ആലപ്പുഴ: ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേർപ്പെടുത്താനാവാത്ത വിധം കെട്ടുപിണ‍ഞ്ഞു കിടക്കുന്നതാണ് ഗൗരിയമ്മയുടെ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നാടിന്റെയും ജനങ്ങളുടെയും ചരിത്രമാക്കി സ്വന്തം ജീവിതത്തെ മാറ്റിയ അധികം പേർ ലോകചരിത്രത്തിൽ പോലും ഉണ്ടാവില്ല. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ചേർന്ന ജീവിതമായി ഗൗരിയമ്മയുടേത്. അതുകൊണ്ടുതന്നെയാണ്, ഗൗരിയമ്മയുടെ പിറന്നാൾ നാടിന്റെയും ജനങ്ങളുടെയും ആഘോഷമായി മാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗൗരിയമ്മയുടെ 101-ാം പിറന്നാൾ ദിനത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു പിണറായി.

മുഖ്യമന്ത്രിയുടെ പ്രസംഗം പൂർണ്ണരൂപത്തിൽ :

നൂറുവർഷം ജീവിക്കാൻ കഴിയുക എന്നത് അപൂർവം പേർക്കു മാത്രം സാധ്യമാവുന്ന ഒന്നാണ്. ഈ ജീവിതഘട്ടത്തിലാകെ ബോധത്തെളിച്ചത്തോടെ കഴിയുക, പരാധീനത്തിലല്ലാതെ കഴിയുക, മറ്റുള്ളവർക്കു സഹായകരമായി കഴിയുക തുടങ്ങിയവയൊക്കെ സാധ്യമാവുന്നതാകട്ടെ അത്യപൂർവം പേർക്കാണ്. ആ അത്യപൂർവം പേരിൽപ്പെടുന്നു കേരളത്തിലെ ധീരനായികയായ കെ ആർ ഗൗരിയമ്മ. ഇങ്ങനെയൊരാൾ നമുക്കുണ്ട് എന്നതു തീർച്ചയായും നമ്മുടെ വലിയ ഒരു ധന്യതയാണ്. ഗൗരിയമ്മ നൂറു കടന്ന ഈ ഘട്ടത്തിൽ ജന്മ ദിനാശംസകൾ അർപ്പിക്കാൻ എത്താൻ കഴിഞ്ഞതിൽ എനിക്കുള്ള സന്തോഷം ആദ്യം തന്നെ അറിയിക്കട്ടെ.അനുഭവങ്ങളുടെ അതിസമ്പന്നമായ പശ്ചാത്തലത്തോടെ നമ്മുടെ സാമൂഹ്യജീവിതത്തിനു മാർഗനിർദേശം നൽകാൻ കഴിയുന്ന മാതൃകാ വ്യക്തിത്വം എന്നുവേണം ഗൗരിയമ്മയെ വിശേഷിപ്പിക്കാൻ.

ഇത്ര ദീർഘമായ അനുഭവങ്ങളുള്ള, ഇത്ര തീവ്രമായ അനുഭവങ്ങളുള്ള മറ്റൊരാൾ കേരളത്തിലില്ല. ആ നിലയ്ക്ക് അങ്ങേയറ്റം അസാധാരണവും താരതമ്യമില്ലാത്തതുമാവുന്നു ഗൗരിയമ്മയുടെ ജീവിതം. ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേർപെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം.
ഇങ്ങനെ, നാടിന്റെയും ജനങ്ങളുടെയും ചരിത്രമാക്കി സ്വന്തം ജീവിതത്തെ മാറ്റിയ അധികം പേർ ലോകചരിത്രത്തിൽ പോലും ഉണ്ടാവില്ല. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ചേർന്ന ജീവിതമായി ഗൗരിയമ്മയുടേത്. അതുകൊണ്ടുതന്നെയാണ്, ഗൗരിയമ്മയുടെ പിറന്നാൾ നാടിന്റെയും ജനങ്ങളുടെയും ആഘോഷമായി മാറുന്നത്. ഈ ആഘോഷത്തിൽ പങ്കുചേരാൻ കഴിയുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്യന്തം അഭിമാനകരവും സന്തോഷകരവുമായ കാര്യമാണ്.

സ്വന്തം ജീവിതം സഫലമാവുന്നത്, അന്യജീവന് ഉതകുമ്പോഴാണ് എന്നു പറയുമല്ലൊ. ഇതു മാനദണ്ഡമാക്കിയാൽ, ഇതുപോലെ സഫലമായ ജീവിതം മറ്റ് അധികം പേർക്കുമുണ്ടായിട്ടുണ്ടാവില്ല. വിദ്യാർത്ഥി ജീവിതഘട്ടത്തിൽ തന്നെ കർമരംഗത്തേക്കും സമരരംഗത്തേയ്ക്കുമിറങ്ങി. നൂറുവയസ്സായ ഈ ഘട്ടത്തിലും ഗൗരിയമ്മ ജനങ്ങൾക്കിടയിൽ തന്നെ. വെള്ളത്തിൽ മത്സ്യം എന്ന പോലെ, ജനങ്ങൾക്കിടയിൽ ജീവിക്കുന്നു ഇന്നും എന്നും ഗൗരിയമ്മ.
ഗൗരിയമ്മ ഇന്ന് രാഷ്ട്രീയ അധികാരസ്ഥാനത്തൊന്നുമില്ല. എങ്കിലും ഏതു വിഷയത്തിലും ഗൗരിയമ്മക്ക് എന്താണു പറയാനുള്ളത് എന്നതിനായി അധികാരത്തിലുള്ളവർ കാതോർക്കുന്നു. അവരുടെ അഭിപ്രായം ആരാഞ്ഞ്, അതു നടപ്പിലാക്കാൻ ശ്രമിക്കുന്നു. എന്തുകൊണ്ടാണിത്? ഗൗരിയമ്മ ജനങ്ങളുമായി ബന്ധപ്പെട്ട ഏതു വിഷയത്തിൽ എന്തു പറയുമ്പോഴും അതിൽ ഒരു ശരിയുണ്ടാവും; അനുഭവത്തിന്റെ സത്യമുണ്ടാവും. ജനങ്ങൾക്കും നാടിനും ഗുണപ്രദമാവുന്നതേ ഗൗരിയമ്മ സാമൂഹ്യ വിഷയങ്ങളിൽ പറയൂ എന്നതുകൊണ്ടാണത്.
ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വർത്തമാനകാല രാഷ്ട്രീയഘട്ടവുമായി ബന്ധപ്പെടുത്തുന്ന അപൂർവം കണ്ണികളേ ഇന്നുള്ളു. അതിലെ വിലപ്പെട്ട കണ്ണിയാണു ഗൗരിയമ്മ. അന്നത്തെ അനുഭവങ്ങളെ മനസ്സിൽവെച്ച് ഭാവിയെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇവിടെയാണ് ഗൗരിയമ്മയുടെ പ്രസക്തി നാം കൂടുതൽ തിരിച്ചറിയുന്നത്. അതുകൊണ്ടാണ് ഗൗരിയമ്മയുടെ അഭിപ്രായങ്ങൾക്കു നാം എപ്പോഴും കാതോർക്കുന്നത്.

ചെറിയ പ്രായത്തിൽ തന്നെ, തന്നെ മറന്ന് സാമൂഹ്യസേവനത്തിന്റെ പാതയിലേക്കിറങ്ങിയ വ്യക്തിയാണ് ഗൗരിയമ്മ. സാമ്പത്തികമായും സാമൂഹികമായും സാമാന്യം ഭേദപ്പെട്ട കുടുംബ പശ്ചാത്തലത്തിലാണവർ ജനിച്ചത്. സാമൂഹ്യാവസ്ഥ മാറിയില്ലെങ്കിലും അവർക്കു വലിയ കുഴപ്പമൊന്നുമില്ലായിരുന്നു. സുഖമായിത്തന്നെ ജീവിക്കാൻ വേണ്ട വകയുണ്ടായിരുന്നു. എന്നാൽ, തന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ എന്ന് അവർ കരുതി. മറ്റുള്ളവർക്കു മനുഷ്യോചിതമായി ജീവിക്കാൻ കഴിയുന്ന അവസ്ഥയുണ്ടാക്കണമെന്ന് അവരുറച്ചു.
മറ്റുള്ളവരെക്കുറിച്ച് ബാല്യത്തിലേ പുലർത്തിയ ആ കരുതലാണ് അവരെ വിദ്യാർത്ഥി പ്രസ്ഥാനത്തിലേക്കും തുടർന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും ഒക്കെ എത്തിച്ചത്. അങ്ങനെ ചിലരുണ്ട്. വ്യവസ്ഥിതി മാറിയില്ലെങ്കിലും തങ്ങൾക്ക് കുറവൊന്നുമുണ്ടാവില്ല എന്നറിഞ്ഞിട്ടും വ്യവസ്ഥിതി മാറ്റാനുള്ള പോരാട്ടത്തിനായി എല്ലാം ത്യജിച്ചിറങ്ങിയവർ. അവരുടെ നിരയിലാണ് ഗൗരിയമ്മയുടെ സ്ഥാനം.

ധീരതയുടെ പ്രതീകമായാണു ഗൗരിയമ്മയെ കേരളം എന്നും കണ്ടിട്ടുള്ളത്. സർ സി പിയുടെ കാലത്തേ പൊലീസിന്റെ ഭേദ്യം അനുഭവിക്കേണ്ടി വന്നിട്ടുള്ള അവർക്ക്, സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഘട്ടത്തിലും പൊലീസിൽനിന്ന് ഒട്ടേറെ യാതനാനുഭവങ്ങളുണ്ടായി. ചെറുത്തുനിൽപ്പിന്റെ കരുത്തുറ്റ ധീരബിംബമായി ഗൗരിയമ്മ അങ്ങനെ മാറി. ആ നിലയ്ക്കുള്ള കവിതകൾ പോലും മലയാളത്തിൽ അവരെക്കുറിച്ചുണ്ടായി.
'കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടു നിന്നാൽ അവൾ ഭദ്രകാളി,
ഇതു കേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങൾ ഭയമാറ്റി വന്നു'.- ഇതാണ് ഒരു കവിത. കുഞ്ഞുങ്ങൾക്ക് ഭയം മാറാൻ ഗൗരിയമ്മ ഒപ്പമുണ്ട് എന്നു പറഞ്ഞാൽ മതിയായിരുന്നു, ഒരു കാലത്ത് എന്നതാണ് ആ കവിതയുടെ ഉള്ളടക്കം. ഈ വരികൾ ഞാൻ ഉദ്ധരിച്ചത്, എത്ര വിസ്മയകരവും പ്രലോഭനകരവുമാണ് ആ വ്യക്തിത്വം എന്നു സൂചിപ്പിക്കാനാണ്.
കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും
രാഷ്ട്രീയവുമായ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട് ഗൗരിയമ്മ.

അത്യപൂർവം സ്ത്രീകൾ മാത്രം ഉന്നത വിദ്യാഭ്യാസത്തിനെത്തിയിരുന്ന ഒരു കാലത്ത് നിയമവിദ്യാഭ്യാസം പൂർത്തിയാക്കിയ ഗൗരിയമ്മക്കു വേണമെങ്കിൽ ഔദ്യോഗിക തലത്തിൽ തിളക്കമാർന്ന തലങ്ങളിലേക്കു വളർന്ന് സ്വന്തം ജീവിതം സുരക്ഷിതവും സമ്പന്നവുമാക്കാമായിരുന്നു. എന്നാൽ, ആ വഴിയല്ല, തന്റെ വഴിയെന്ന് അവർ തിരിച്ചറിഞ്ഞു. അവർ ജനങ്ങളിലേയ്ക്കിറങ്ങി. ഒളിവിലും തെളിവിലും ഒക്കെയായി അവർ ത്യാഗപൂർവമായി ജീവിച്ചു.
ഒന്നാം കേരള മന്ത്രിസഭയിൽ തന്നെ അംഗമായി അവർ. കേരള കാർഷിക പരിഷ്‌കരണ നിയമം അടക്കമുള്ള സാമൂഹ്യമാറ്റത്തിന്റെ കൊടുങ്കാറ്റു വിതച്ച ബില്ലുകളുടെ നിയമമാക്കലിൽ ശ്രദ്ധേയമായ പങ്കാണവർ വഹിച്ചത്. രണ്ടാം ഇ എം എസ് മന്ത്രിസഭയിലും ഒന്നും രണ്ടും നായനാർ മന്ത്രിസഭകളിലും അവർ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.

നിർഭാഗ്യവശാൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തയായ ഗൗരിയമ്മ പാർടിയിൽനിന്നു പുറത്താവുന്ന അവസ്ഥയുണ്ടായി. ജനാധിപത്യ സംരക്ഷണ സമിതി രൂപീകരിക്കുന്നതും പിന്നീട് രണ്ടാമത്തെ എ കെ ആന്റണി മന്ത്രിസഭയിലും ഒന്നാമത്തെ ഉമ്മൻചാണ്ടി മന്ത്രിസഭയിലും അംഗമാകുന്നതും മറ്റുമാണ് കേരളം കണ്ടത്. ആ രാഷ്ട്രീയമാറ്റം ഗൗരിയമ്മയെ സ്‌നേഹിച്ചവരെ വരെ വേദനിപ്പിച്ചിട്ടുണ്ടാവണം. ഏതായാലും സമീപകാലത്ത് ഗൗരിയമ്മ വീണ്ടും പാർടിയോടു സഹകരിക്കുന്ന നിലയിലേക്കെത്തി. അതാകട്ടെ, പാർടിയെ പ്രത്യേകിച്ചും ഇടതുപക്ഷത്തെ പൊതുവിലും സ്‌നേഹിക്കുന്ന പുരോഗമന സാമൂഹ്യശക്തികൾക്കാകെ വലിയ സന്തോഷമാണു പകർന്നുനൽകിയത്.
നിർണായക ഘട്ടങ്ങളിലൊക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു കരുത്തുപകർന്ന വ്യക്തിത്വമായിരുന്നു ഗൗരിയമ്മയുടേത്. വലതുപക്ഷ വ്യതിയാനത്തിനെതിരെയും ഇടതു തീവ്രവാദ വ്യതിയാനത്തിനെതിരെയും പൊരുതി പാർടിയെ ശരിയായ നയപാതയിൽ ഉറപ്പിച്ചുനിർത്താൻ അവർ വലിയ സംഭാവന നൽകി. എന്നു മാത്രമല്ല, വ്യക്തിപരമായ നഷ്ടങ്ങൾ പോലും അവർക്ക് ഉണ്ടായി. ആ ഘട്ടത്തിൽ പാർടിയോടുള്ള പ്രതിബദ്ധതയിൽ അവർ അത് സാരമാക്കാതെ വിട്ടുകളഞ്ഞു.
അസാമാന്യ ദൈർഘ്യമുള്ള നിയമസഭാ സാമാജിക ജീവിതമാണ് ഗൗരിയമ്മയുടേത്.

1952-53, 1954-56 ഘട്ടങ്ങളിലെ തിരു-കൊച്ചി നിയമസഭകളിലും കേരള രൂപീകരണത്തോടെ അഞ്ചാമത്തേതൊഴികെ ഒന്നു മുതൽ പതിനൊന്നു വരെയുള്ള നിയമസഭകളിലും അവർ അംഗമായി. മന്ത്രിസഭയിലാകട്ടെ, റവന്യു, വ്യവസായം, കൃഷി, എക്‌സൈസ്, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളിലൊക്കെ മൗലികമായ പരിഷ്‌കാരങ്ങൾ വരുത്താനും തനതായ പദ്ധതികൾ ആവിഷ്‌കരിക്കാനും അവർ ശ്രദ്ധിച്ചു.
ജനങ്ങൾക്ക് ഉപകരിക്കുന്ന എന്തും സ്വീകാര്യമായിരുന്നു അവർക്ക്. ജനക്ഷേമകരമായ കാര്യങ്ങൾ നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥ മേധാവിത്വമോ ചുവപ്പുനാട സമ്പ്രദായമോ ഒന്നും തടസ്സമാവുന്നത് അവർ അനുവദിക്കുമായിരുന്നില്ല. അനീതികളോടുള്ള വിട്ടുവീഴ്ച പലപ്പോഴും അവരെ കാർക്കശ്യക്കാരിയായി കാണുന്നതിനു പലരെയും പ്രേരിപ്പിച്ചു. എന്നാൽ, നാടിന്റെയും ജനതയുടെയും ക്ഷേമമായിരുന്നു ഗൗരിയമ്മയുടെ മനസ്സിലെന്നും. അതിൽ വിട്ടുവീഴ്ച ചെയ്യുന്നതിനെതിരെയായിരുന്നു അവരുടെ കാർക്കശ്യം. നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന് വ്യവസായ വികസനത്തിന് പുതിയ പരിപ്രേക്ഷ്യം അവതരിപ്പിക്കുന്നതിന് അവർക്കു സാധിച്ചു. അങ്ങനെ പല വിധത്തിൽ ചരിത്രത്തിന്റെ ഭാഗമായ വ്യക്തിത്വമായി ഗൗരിയമ്മ ജനമനസ്സുകളിൽ അടയാളപ്പെടുത്തപ്പെട്ടു.
പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി തുടങ്ങിയ ഒന്നാം തലമുറ കമ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം നിന്നു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് ഗൗരിയമ്മയ്ക്ക്. ആ നിലയ്ക്കു കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവനയാണ് അവർക്കൊപ്പം നിന്നു ഗൗരിയമ്മ നൽകിയത്.

സ്ത്രീക്ക് സ്വന്തം മുഖവും വ്യക്തിത്വവുമുണ്ട് എന്ന് കേരള സമൂഹത്തിൽ പൊരുതി സ്ഥാപിച്ച വ്യക്തിയാണു ഗൗരിയമ്മ. അതിന് അവർക്ക് അക്കാലത്ത് ശക്തിപകർന്നതു കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കമ്യൂണിസ്റ്റ് പാർടിയുടെ രാഷ്ട്രീയ വീക്ഷണമാണ് അവരെ രാജഭരണത്തിനും ദിവാൻ ഭരണത്തിനും ബ്രിട്ടീഷ് ആധിപത്യത്തിനുമെതിരെ അണിനിരത്തിയത്. അതേ പാർടി നിലപാടാണ് അവരെ കാർഷികബന്ധ നിയമത്തിലേക്കും ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസിലേക്കും ഒക്കെ എത്തിച്ചത്. ഫയൽ നോക്കേണ്ടതു സാങ്കേതികത്വത്തിന്റെ കണ്ണടയിലൂടെയല്ല, മറിച്ച് ജനങ്ങളുടെ ജീവിതദുരിതത്തിന്റെ കണ്ണടയിലൂടെയാവണമെന്ന് അവർ പഠിപ്പിച്ചു.
പി കൃഷ്ണപിള്ളയ്ക്കടക്കം ഒളിവുജീവിതത്തിൽ അഭയസ്ഥാനമായ വീടാണു ഗൗരിയമ്മയുടേത്. ദിവാൻ ഭരണത്തിനെതിരെ പൊരുതുന്ന ഗൗരിയമ്മയെ അതിൽനിന്നു പിന്തിരിപ്പിക്കാൻ സർ സി പി മജിസ്‌ട്രേറ്റു സ്ഥാനം വാഗ്ദാനം ചെയ്തതും ഗൗരിയമ്മ അത് നിരാകരിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. അന്ന് എത്ര പണവും അധികാരവും പ്രതാപവും നൽകുന്ന സ്ഥാനമാണു ഗൗരിയമ്മ തിരസ്‌കരിച്ചത് എന്ന് ഓർക്കണം. മജിസ്‌ട്രേറ്റു പദവി സ്വീകരിച്ച് സർ സി പിയുടെ ന്യായാധിപയാവുന്നതിലായിരുന്നില്ല, സർ സി പിക്കെതിരെ പൊരുതി അദ്ദേഹത്തിന്റെ തടവറയിലെ തടവുപുള്ളിയാവുന്നതിലായിരുന്നു ഗൗരിയമ്മയ്ക്കു താൽപര്യം. അതായിരുന്നു സ്വാതന്ത്ര്യബോധത്തോടുള്ള അവരുടെ കൂറും പ്രതിബദ്ധതയും.

ചങ്ങമ്പുഴയുടെ രമണൻ കേരളമാകെ ഏറ്റുപാടിക്കൊണ്ടിരുന്ന കാലത്ത് മഹാരാജാസ് കോളേജിൽ ചങ്ങമ്പുഴയുടെ സഹപാഠിയായിരുന്നിട്ടുണ്ട് ഗൗരിയമ്മ. ഗൗരിയമ്മ കോളേജ് പഠനകാലത്ത് കവിത എഴുതിയിരുന്നു എന്നത് ഇന്ന് എത്ര പേർക്കറിയാം എന്നറിഞ്ഞുകൂട. രാഷ്ട്രീയത്തിൽ പി കൃഷ്ണപിള്ള എന്നപോലെ സാഹിത്യത്തിൽ ആരെങ്കിലും മാർഗനിർദേശം നൽകാനുണ്ടായിരുന്നെങ്കിൽ താൻ നല്ല എഴുത്തുകാരിയായേനേ എന്നു പറഞ്ഞിട്ടുണ്ട് ഗൗരിയമ്മ. കവയത്രിയാകാൻ ആഗ്രഹിച്ചതിനെക്കുറിച്ചും ധൈര്യമില്ലാതെ എഴുത്തു നിർത്തിയതിനെക്കുറിച്ചും ഗൗരിയമ്മ അവരുടെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. ഏതായാലും സാഹിത്യത്തിനു നഷ്ടപ്പെട്ടത് രാഷ്ട്രീയത്തിനു മുതൽക്കൂട്ടായി എന്നു നമുക്കിന്നു പറയാം.
ഗൗരിയമ്മ അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതമാണു നയിച്ചത്. അതാകട്ടെ, ഈ സമൂഹത്തെ പുരോഗമനോമുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. അവരുടെ പിറന്നാൾ വേളയിൽ സമൂഹത്തെ ഇനിയും മുമ്പോട്ടുകൊണ്ടുപോവാനുള്ള നവോത്ഥാന നീക്കങ്ങളെ ശക്തിപ്പെടുത്തി മുമ്പോട്ടുപോകുമെന്നു പ്രതിജ്ഞ ചെയ്യുക. അതാവട്ടെ, ഗൗരിയമ്മയ്ക്കുള്ള പിറന്നാൾ സമ്മാനം.

First published: June 21, 2019, 12:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading