തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ലൈബ്രറി മണ്ഡലം എന്ന സ്ഥാനം കരസ്ഥമാക്കി. നിയോജക മണ്ഡലത്തില്‍ ആകെയുള്ള 138 വാര്‍ഡുകളില്‍ 63 വാര്‍ഡുകളില്‍ ലൈബ്രറി ഇല്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇവിടെ കൂടി ഗ്രന്ഥശാലകള്‍ ആരംഭിച്ചതോടെയാണ് ധര്‍മ്മടം ഈ നേട്ടത്തിലെത്തിയത്. മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെയാണ് സമ്പൂര്‍ണ ലൈബ്രറിവല്ക്കരണം സാധ്യമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനകീയ കൂട്ടായ്മയായ പീപ്പിള്‍സ് മിഷന് ഫോര്‍ സോഷ്യല്‍ ഡെവലപ്പ്മെന്റിന്റെ നേതൃത്വത്തിലാണ് ധര്‍മ്മടം മണ്ഡലത്തില്‍ ലൈബ്രറികള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ളവയെ വിപുലീകരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്.
സാമൂഹിക പുരോഗതിയില്‍ ലൈബ്രറികള്‍ക്കും പൊതു ഇടങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണുള്ളത്. അതുകൊണ്ടാണ് ഓരോ വാര്‍ഡുകളും കേന്ദ്രീകരിച്ച് ലൈബ്രറികള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ മുന്നോട്ട് പോയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനായി മിഷന് രൂപീകരിച്ചു. ഇതിന്റെ ഭാഗമായ ജില്ലാ ലൈബ്രറി കൗണ്‍സിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായി. സാമൂഹ്യവികസനത്തിനുള്ള ജനകീയയജ്ഞത്തിലൂടെ ലൈബ്രറികള്‍ നിര്‍മ്മിച്ചത് കേരളത്തിനാകെ പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.