തൊടുപുഴ: പി സി ജോർജിനെ മുന്നണിയിൽ എടുക്കില്ലെന്ന് വ്യക്തമാക്കി പി ജെ ജോസഫ്. യു ഡി എഫ് സ്വതന്ത്രനായി പി സി ജോർജിന് മത്സരിക്കാമെന്നും മുന്നണി പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നും ജോസഫ് വ്യക്തമാക്കി. പാലാ അടക്കമുള്ള അതിരുകടന്ന അവകാശവാദങ്ങൾ വേണ്ടെന്നും പൂഞ്ഞാർ നഷ്ടപ്പെടാതിരിക്കാനാണ് പി സി ജോർജ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, പി ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് തെരഞ്ഞടുപ്പിൽ മത്സരിക്കുമെന്ന രീതിയിൽ വന്ന വാർത്തകളെ അദ്ദേഹം നിഷേധിച്ചു. മകൻ നിലവിൽ പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗമാണ്. കുറച്ചു കാലം കൂടി പാർട്ടിയിൽ പ്രവർത്തിച്ചതിനു ശേഷം മത്സരിക്കുന്ന കാര്യം ആലോചിക്കമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവ് അപുവിനുണ്ട്. അപു സ്വാഭാവികമായി മത്സരരംഗത്തേക്ക് വരണമെന്നും പി ജെ ജോസഫ് പറഞ്ഞു.
കഴിഞ്ഞതവണ മത്സരിച്ച 15 സീറ്റുകളിലും ഇത്തവണ മത്സരിക്കുമെന്നും മുന്നണിക്ക് ഗുണം ചെയ്യുമെങ്കിൽ മാത്രം സീറ്റ് വച്ചുമാറാൻ തയ്യാറാകുമെന്നും പി ജെ ജോസഫ് പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പാർട്ടിയിൽ കുറേക്കൂടി സജീവമാകണമെന്നും ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഗ്രൂപ്പുകളി തിരിച്ചടി ആയെന്നും ഇസ്ലാമോ ഫോബിയ പടർത്താൻ സി പി എം മനപൂർവം ശ്രമിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.