• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജാമ്യാപേക്ഷ നൽകാതെ പി.കെ ഫിറോസ്: 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം

ജാമ്യാപേക്ഷ നൽകാതെ പി.കെ ഫിറോസ്: 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജനുവരി 23നാണ് പി കെ ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി‌.കെ. ഫിറോസ്

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി‌.കെ. ഫിറോസ്

  • Share this:

    തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ച് സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവച്ചതിനെ തുടര്‍ന്നാണ് യൂത്ത് ലീഗ് പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചത്. 14 ദിവസമായി പ്രവര്‍ത്തകര്‍ ജയിലിലായിരുന്നു. അതേസമയം കേസിലെ ഒന്നാം പ്രതിയും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി കെ ഫിറോസ് ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഫിറോസ് ജാമ്യാപേക്ഷ സമർപ്പിച്ചില്ല.

    തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്. പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി, പൊലീസുകാരെ ആക്രമിച്ചു, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് യൂത്ത് ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നത്.

    സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജനുവരി 23നാണ് പി കെ ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതിയായിരുന്നു ഫിറോസ്. പാളയത്തുനിന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

    Also Read- പി.കെ. ഫിറോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; വ്യാപക പ്രതിഷേധം

    പിന്നീട് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ഫിറോസിനെ റിമാൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് ഫിറോസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റി.

    അതേസമയം പി കെ ഫിറോസിന്റെ അറസ്റ്റിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി യുഡിഎഫ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഭരണകൂട ഭീകരതയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. പി കെ ഫിറോസിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സർക്കാർ നടപടി തീക്കളിയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പ്രതികരിച്ചിരുന്നു.

    Published by:Anuraj GR
    First published: