നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ.എം ഷാജി ഉയര്‍ത്തിയ വിമര്‍ശനം: ചോദ്യങ്ങളോട് പ്രതികരിക്കാതെ കുഞ്ഞാലിക്കുട്ടി

  കെ.എം ഷാജി ഉയര്‍ത്തിയ വിമര്‍ശനം: ചോദ്യങ്ങളോട് പ്രതികരിക്കാതെ കുഞ്ഞാലിക്കുട്ടി

  ഇ.ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചോദ്യങ്ങള്‍ നേരിടാന്‍ തയ്യാറായി ഇരിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി വേഗത്തില്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു

  PK Kunhalikutty

  PK Kunhalikutty

  • Share this:
  കോഴിക്കോട്: നേതൃത്വത്തിനെതിരെ മുസ്ലിം ലീഗില്‍ ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ പി.കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട് ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശക സമിതി യോഗത്തിന് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയോട് ചോദ്യങ്ങള്‍ ഉയര്‍ന്നത്. ലീഗ് ഉന്നതാധികാര സമിതി പാര്‍ട്ടി ഭരണഘടനയിലില്ലെന്ന വിമര്‍ശനവുമായി കെ.എം ഷാജി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ടല്ലോയെന്ന ചോദ്യമാണ് ആദ്യം ഉയര്‍ന്നത്. ദേശീയ കമ്മിറ്റിയാണ് യോഗം ചേര്‍ന്നതെന്നും സംസ്ഥാന കാര്യങ്ങള്‍ പിന്നീട് പറയാമെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. നമ്മളെല്ലാം ഇവിടെ തന്നെയുണ്ടല്ലോയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

  കുഞ്ഞിലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ദേശീയ കമ്മിറ്റിയുടെ അനുവാദത്തോടെയായിരുന്നല്ലോയെന്ന ചോദ്യം ഉയര്‍ന്നു. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനെതിരെയും വിമര്‍ശനമുണ്ടല്ലോയെന്നായിരുന്നു തുടര്‍ ചോദ്യം. ഇതിനോടും പ്രതികരിക്കാതെ കുഞ്ഞാലിക്കുട്ടി വേഗം സീറ്റില്‍ നിന്നെഴുന്നേറ്റു. ഇ.ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മറ്റു ചോദ്യങ്ങള്‍ നേരിടാന്‍ തയ്യാറായി ഇരിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി വേഗത്തില്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു.

  ദേശീയ രാഷ്ട്രീയ ഉപദേശക സമിതി യോഗത്തില്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു. കേന്ദ്ര സര്‍ക്കാര്‍ പത്രപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ സ്വീകരിക്കുന്ന പ്രതികാര നടപടികളെ യോഗം ശക്തമായി അപലപിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും പൗരത്വ പ്രക്ഷോഭകര്‍ക്കുമെതിരെ അന്യായമായി ചുമത്തപ്പെട്ട കേസുകളില്‍ രാജ്യത്തെ ജുഡീഷ്യറി സ്വീകരിക്കുന്ന നിലപാട് പ്രതീക്ഷയേകുന്നതാണെന്ന് യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പീനല്‍ കോഡിലെ സെഡീഷന്‍ നിയമം (രാജ്യദ്രോഹം) ഭരണഘടനാ വിരുദ്ധമല്ലെന്ന് കണ്ടെത്തിയ 1962ലെ കേദാര്‍നാഥ് വിധി പുനഃപരിശോധിക്കാന്‍ സുപ്രിം കോടതിയുടെ മൂന്നംഗ ബെഞ്ച് തീരുമാനിച്ചിരിക്കുകയാണ്. ഹിമാചല്‍ പ്രദേശിലെ പത്രപ്രവര്‍ത്തകനായ വിനോദ് ദുആ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിലവിലുള്ള സെഡീഷന്‍ കേസുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് മറ്റൊരു വിധിയില്‍ സുപ്രിം കോടതി വ്യക്തമാക്കുന്നു.

  Also Read-'നിങ്ങളിലാരാണ് വലിയ ഗുണ്ടയെന്ന് നിങ്ങള്‍ തന്നെ ഒരു തീരുമാനത്തിലെത്തുന്നതല്ലേ നല്ലത്'; പരിഹാസവുമായി സന്ദീപ് ജി വാര്യര്‍

  പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ ദില്ലി കലാപത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തിയ കേസുകളില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കിയിരിക്കുന്നു. മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരായ കേസിലെ പല വകുപ്പുകളും നിലനില്‍ക്കുന്നതല്ലെന്ന് മഥുര കോടതി വ്യക്തമാക്കി കഴിഞ്ഞു. ജുഡീഷ്യറിയുടെ ഇത്തരം ഇടപെടലുകള്‍ മതേതര, ജനാധിപത്യ ഇന്ത്യക്ക് കരുത്ത് പകരുന്നതാണെന്ന് യോഗം വിലയിരുത്തി.

  മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിക്കാനും തീരുമാനിച്ചു. ഡിജിറ്റലായി ഓണ്‍ലൈനില്‍ മെമ്പര്‍ഷിപ്പ് സ്വീകരിക്കാവുന്ന സംവിധാനമാണ് ഒരുക്കുന്നത്. പോഷക സംഘടനകളുടെ മെമ്പര്‍ഷിപ്പ് കാമ്പയിനും ഈ വിധത്തില്‍ പുനഃക്രമീകരിക്കും. ലക്ഷദ്വീപ് വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാതെ നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരുമെന്നും മുസ്ലിംലീഗ് നേതൃത്വം വ്യക്തമാക്കി. കേരളത്തില്‍ എല്ലാ മേഖലയിലും ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ആരാധനാ സ്വാതന്ത്ര്യം ഭരണഘടനാപരമാണെന്നും ആരാധനാലയങ്ങള്‍ തുറക്കാത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെനന്നും യോഗം വിലയിരുത്തി. പൗരത്വ നിയമ ഭേദഗതി പിന്‍വാതിലിലൂടെ ഒളിച്ചുകടത്താനുള്ള നീക്കത്തിനെതിരെ സുപ്രിംകോടതിയില്‍ പോരാട്ടം തുടരും. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയപരമായ സമീപനങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച നടത്തി.

  Also Read-' എന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരൻ പദ്ധതിയിട്ടു'; ആരോപണവുമായി മുഖ്യമന്ത്രി പിണറായി

  മുസ്ലിംലീഗ് നാഷണല്‍ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് സമദാനി എം.പി, അഡ്വ. ഇഖ്ബാല്‍ അഹമ്മദ്, ദസ്തഗീര്‍ ഇബ്രാഹിം ആഗ, ഖുര്‍റം അനീസ് ഒമര്‍, സിറാജ് ഇബ്രാഹിം സേട്ട്, പ്രത്യേക ക്ഷണിതാക്കളായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, കെ.പി.എ മജീദ് എം.എല്‍.എ, പി.എം.എ സലാം, അഡ്വ. നൂര്‍ബിന റഷീദ്, അഡ്വ. എ. റഹ്മത്തുല്ല, ആസിഫ് അന്‍സാരി, അഡ്വ. ഫൈസല്‍ ബാബു, ടി.പി അഷ്റഫലി, മുഹമ്മദ് അര്‍ഷാദ്, അഡ്വ. മുഹമ്മദ് ഷാ, ഡോ. മതീന്‍ ഖാന്‍, നഈം അക്തര്‍, കെ.എ.എം അബൂബക്കര്‍, നവാസ് കനി എം.പി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
  Published by:Jayesh Krishnan
  First published:
  )}