നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ജനം നിസ്സഹായരായി നിൽക്കുമ്പോഴല്ല പഴയ വീരചരിത്രങ്ങൾ പറയേണ്ടത്'; പികെ കുഞ്ഞാലിക്കുട്ടി

  'ജനം നിസ്സഹായരായി നിൽക്കുമ്പോഴല്ല പഴയ വീരചരിത്രങ്ങൾ പറയേണ്ടത്'; പികെ കുഞ്ഞാലിക്കുട്ടി

  " പറയാൻ ആണെങ്കിൽ എനിക്കും പറയാൻ വടക്കൻ വീരഗാഥയുണ്ട് ; പക്ഷേ ഇപ്പൊൾ അതിനുള്ള സമയം അല്ല "

  പി.കെ. കുഞ്ഞാലിക്കുട്ടി

  പി.കെ. കുഞ്ഞാലിക്കുട്ടി

  • Share this:
  മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും കെ പി സി സി പ്രസിഡൻ്റ് കെ സുധാകരനും തമ്മിലുള്ള തർക്കത്തിൽ രൂക്ഷ വിമർശവുമായി പി കെ കുഞ്ഞാലിക്കുട്ടി. ജനങ്ങൾ നിസ്സഹായ അവസ്ഥയിൽ നിൽക്കുമ്പോൾ,  സർവരെയും ഒന്നിപ്പിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ട സമയത്ത് പതിറ്റാണ്ടുകൾക്ക് മുന്പ് ഉള്ള ക്യാമ്പസ് വീരഗാഥ പറയുന്ന ഭരണാധികാരി നഗരം കത്തുമ്പോൾ വീണ വായിച്ച ഭരണാധികാരിയുടെ കാലത്തേക്ക് കൊണ്ടുപോകുക ആണ് എന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
  " ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യം ആണ് ഇത്.  ശ്രദ്ധിക്കേണ്ട വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ശ്രമം. നാട്ടിൽ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിൽ ആണ്. അടിയന്തരാവസ്ഥ പോലെ ഉള്ള സാഹചര്യം ഉള്ള നാട്ടിൽ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാൻ ആണ് ഭരണാധികാരികൾ ഇത്തരം ശ്രമങ്ങൾ  നടത്തുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

  പതിറ്റാണ്ടുകൾക്ക് മുമ്പ് ക്യാമ്പസിൽ നടന്ന കാര്യങ്ങൾ പറഞ്ഞ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ആണ് ഭരണാധികാരികളുടെ ശ്രമം. ഓരോ തൊഴിൽ മേഖലയും തകർന്ന് തരിപ്പണമായി കിടക്കുകയാണ്. ജനങ്ങളുടെ ഗൗരവം ഉള്ള വിഷയങ്ങൾ ഇപ്പൊൾ ചർച്ച ചെയ്യണം" - പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

  Also Read- 'ഏകാധിപതികളെ വ്യക്തിപരമായി തന്നെ കീഴടക്കണം'; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ

  കെ പി സി സി അധ്യക്ഷൻ എന്ന നിലയിൽ കെ. സുധാകരൻ ഈ ഘട്ടത്തിൽ ഇത്തരം വിവാദങ്ങളിൽ ഉൾപ്പെടുന്നത് ശരിയാണോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ, "കെ. സുധാകരൻ   വ്യക്തിപരമായി പറയേണ്ടത് അദ്ദേഹം പറയട്ടെ... പ്രതിപക്ഷം പ്രതിപക്ഷത്തിൻ്റെ റോൾ  നിർവഹിക്കും. ഭരിക്കുന്നവർ വെറും വർത്തമാനം പറയുക മാത്രം ആണ് " - കുഞ്ഞാലിക്കുട്ടി പറഞ്ഞു.

  67ൽ സി എച്ച് മുഹമ്മദ് കോയയുടെ പരിപാടി കെ. സുധാകരൻ അലങ്കോലപ്പെടുത്താൻ ശ്രമിച്ചു എന്ന എ. കെ. ബാലൻ്റെ പരാമർശത്തോട് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത് ഇങ്ങനെ.
  " 67 ലെ കഥകളിലേക്ക് ലീഗ് ഇപ്പൊൾ പോകുന്നില്ല... അന്ന് ലീഗ് സപ്തകക്ഷി മുന്നണിയിൽ ആയിരുന്നു.. അന്നത്തെ കഥ പറയേണ്ട സമയം അല്ല ഇത്...ഞാനും കണ്ണൂരിൽ തന്നെ ആണ് പഠിച്ചത്. അന്നത്തെ കഥകൾ പറഞ്ഞ് തുടങ്ങിയാൽ എനിക്കും പറയാൻ ഉള്ളത് ഒരു വടക്കൻ വീരഗാഥ തന്നെ ആകും...പക്ഷേ ഇപ്പൊൾ ഞാൻ അതൊന്നും പറയാൻ ഇല്ല"...പികെ കുഞ്ഞാലിക്കുട്ടി  ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി വിശദീകരിച്ചു.

  കോവിഡ് പ്രോട്ടോകോൾ പാലിക്കണം എന്നത് കൊണ്ട് ആണ് ലീഗ് പ്രവർത്തക സമിതി വരെ നീട്ടി വച്ചിരിക്കുന്നത് എന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല നിർവഹിക്കുന്ന പി എം എ സലാം പറഞ്ഞു. " രണ്ട് മൂന്ന് ദിവസത്തിനകം തങ്ങൾ പ്രവർത്തക സമിതിയുടെ ദിവസം അറിയിക്കും. ഇനി ഏറെ വൈകില്ല".  കോവിഡ്  കാലത്ത് സർക്കാർ നടപടികൾക്ക് ലീഗ് പിന്തുണ നൽകിയിരുന്നു. പക്ഷേ ഇങ്ങനെ ആണ് കാര്യങ്ങൾ എങ്കിൽ ശക്തമായ പ്രതിഷേധ പ്രക്ഷോഭങ്ങൾ തുടങ്ങുമെന്ന് പറഞ്ഞാണ് പി കെ കുഞ്ഞാലിക്കുട്ടി വാക്കുകൾ അവസാനിപ്പിച്ചത്.
  Published by:Anuraj GR
  First published:
  )}