• HOME
  • »
  • NEWS
  • »
  • kerala
  • »
  • പികെ കുഞ്ഞാലിക്കുട്ടിയും കെ.എം ഷാജിയും ഒരേ വേദിയില്‍ ; എല്ലാവരും പറയുന്നത് മുസ്ലിം ലീഗ് രാഷ്ട്രീയമെന്ന് കുഞ്ഞാലിക്കുട്ടി, വിവാദങ്ങളിൽ മൗനം പാലിച്ച് ഷാജി

പികെ കുഞ്ഞാലിക്കുട്ടിയും കെ.എം ഷാജിയും ഒരേ വേദിയില്‍ ; എല്ലാവരും പറയുന്നത് മുസ്ലിം ലീഗ് രാഷ്ട്രീയമെന്ന് കുഞ്ഞാലിക്കുട്ടി, വിവാദങ്ങളിൽ മൗനം പാലിച്ച് ഷാജി

മലപ്പുറം പൂക്കോട്ടൂർ മുണ്ടിതൊടികയിൽ  മുസ്ലിം ലീഗ് ഓഫീസ് ഉദ്‌ഘാടനത്തിനാണ് ഇരുനേതാക്കളും ഒരുമിച്ച് എത്തിയത്.

  • Last Updated :
  • Share this:
വിവാദങ്ങൾക്കിടെ കെ.എം.ഷാജിയും പി.കെ.കുഞ്ഞാലിക്കുട്ടിയും ഒരേ വേദിയിലെത്തി .മലപ്പുറം പൂക്കോട്ടൂർ മുണ്ടിതൊടികയിൽ  മുസ്ലിം ലീഗ് ഓഫീസ് ഉദ്‌ഘാടനത്തിനാണ് ഇരുനേതാക്കളും ഒരുമിച്ച് എത്തിയത്. ഞങ്ങളെല്ലാം മുസ്ലിം ലീഗ് രാഷ്ട്രീയമാണ് പറയുന്നതെന്നും , വാക്കുകളിൽ നിന്ന് മറ്റെന്തെങ്കിലും കിട്ടാൻ മെനക്കെടേണ്ടെന്നും വിവാദങ്ങൾക്ക് പരോക്ഷ മറുപടിയായി കെ എം ഷാജി വേദിയിലിരിക്കവേ  പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

' ലീഗ് ഏത് പരിപാടി വെച്ചാലും വിജയിക്കും...ഇന്ന് ചാനലുകാർ ഒക്കെ കൂടുതല്‍ ഉണ്ട് ഇത് വിജയിപ്പിക്കാൻ... പ്രസംഗത്തിന് ഒരു കുറവും ഉണ്ടാകില്ല..ഞങ്ങൾ എല്ലാം പറയുന്നത് ഒരു രാഷ്ട്രീയം.. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ രാഷ്ട്രീയം... അതിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് നോക്കാൻ മെനക്കെട്ട് മുൻപിൽ ഇരിക്കുന്നവർ ഉണ്ട്...മെനക്കെട്ടിട്ട് കാര്യം ഇല്ല...' കൈയ്യടികളോടെയാണ് അണികൾ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ സ്വീകരിച്ചത്.

മുസ്ലിം ലീഗിൻ്റെ സംഘടന ശക്തി കൊണ്ട് സമൂഹത്തിന് ആണ് ഗുണം.ബാബരി പ്രശ്ന സമയത്ത് തീവ്രമായി പറഞ്ഞവർ ഒക്കെ ഇപ്പൊ എവിടെ? പക്ഷേ തങ്ങളുടെ ശബ്ദം ഇപ്പോഴും നില നിൽക്കുന്നു.ഞങ്ങളുടെ രാഷ്ട്രീയം സാമൂഹ്യ വളർച്ച ആണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.കോൺഗ്രസിനോളം പോന്ന മറ്റൊരു പാർട്ടി ഇല്ല എന്നും കമ്യൂണിസ്റ്റ് പാർട്ടി ഏഴയലത്ത് വരില്ല എന്നും പറഞ്ഞാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.

Also Read:- 'സങ്കൽപത്തിൽ ശത്രുവിനെ ഉണ്ടാക്കി അതിനോട് പോരാടുന്നതല്ല യുദ്ധം'; കെ.എം ഷാജിക്ക് മറുപടിയുമായി പിഎംഎ സലാം

കെ.എം ഷാജി ഇത്തവണ വിവാദങ്ങൾക്ക് ഇട കൊടുക്കാതെ ആയിരുന്നു സംസാരിച്ചത്. എന്നാൽ ഇടത് പക്ഷത്തിനും ബിജെപിക്കും എതിരെ രൂക്ഷമായ ഭാഷയിൽ തന്നെ ഷാജി പ്രസംഗിച്ചു.' 100 കൊല്ലം കഴിഞ്ഞ് കമ്യൂണിസം വരും, 100 കൊല്ലം കഴിഞ്ഞ് മാർക്സിസം വരും എന്ന് പറയും പോലെ...കോഴിക്ക് മുല വരും എന്ന് പറഞ്ഞു ഇരിക്കും പോലെ ഉള്ളത് അല്ല ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് .21 ൽ ഊരിയ കത്തി അറബിക്കടലിലേക്ക് എറിയുകയും ആ കയ്യുകളിൽ പേന വച്ച് കൊടുത്തു ലീഗ് .വൈകാരികമായി ചിന്തിച്ചിരുന്ന ജനതയെ മാറ്റി ചിന്തിപ്പിച്ചത് മുസ്ലിം ലീഗ് ആണ്.

ചിതറി തെറിച്ചു പോകുമായിരുന്ന സമുദായത്തെ ചേർത്ത് നിർത്തിയത് ലീഗ് ആണ്.ഞങ്ങളുടെ കയ്യിൽ ഉള്ളത് കാലഹരണപ്പെട്ട ഒന്നല്ലയെന്ന് ഷാജി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഭീരു ആണെന്നും കെ റെയിൽ മണ്ണിൽ തൊടുവിക്കാൻ വീണ്ടും പിറക്കേണ്ടി വരുമെന്നും ഷാജി . കേരളം കണ്ടതിൽ വച്ച് ഏറ്റവും മോശം ഗവർണർ ആണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന് പറഞ്ഞ ഷാജി മോശക്കാരനായ  ഗവർണർക്ക് നല്ലവനായ പരിവേഷം ഉണ്ടാക്കുക ആണ് ഇടത് പക്ഷം എന്നും വിമർശിച്ചു.യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾക്കൊപ്പം പരിപാടിക്കെത്തിയ ഇരു നേതാക്കളെയും ലീഗ് പ്രവർത്തകർ മുദ്രവക്യം മുഴക്കി ആവേശത്തോടെയാണ് സ്വീകരിച്ചത് .
Published by:Arun krishna
First published: