തിരുവനന്തപുരം: സപ്ലിമെൻററി അലോട്ട്മെൻറിന് ശേഷവും സംസ്ഥാനത്ത് പതിനൊന്നായിരത്തോളം
പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.
ഹയർസെക്കൻഡറി ഒന്നാംവർഷ അഡ്മിഷന് നടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ 10983
ഏകജാലക സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നത്. മാനേജ്മെൻറ്, അൺ എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളുടെ എണ്ണം കൂടാതെയാണിത് .
സയൻസ് -5830, കൊമേഴ്സ് - 2880, ഹ്യുമാനിറ്റീസ്- 2273 എന്നിങ്ങനെയാണ് വിവിധ കോമ്പിനേഷനിൽ ഉള്ള ഒഴിവുകൾ . ഈ ഒഴിവുകളിലേക്ക് കോമ്പിനേഷൻ മാറ്റവും സ്കൂൾ മാറ്റവും ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് മുമ്പ് 43528 സീറ്റുകളായിരുന്നു ഒഴിഞ്ഞുകിടന്നത്. ആ സീറ്റുകളിലേക്ക് വിഷയമാറ്റത്തിനും സ്കൂൾ മാറ്റത്തിനും അവസരം നിഷേധിച്ചു കൊണ്ട് സപ്ലിമെൻ്ററി അലോട്ട്മെൻറ് നടത്തിയതിലൂടെ മെരിറ്റ് അട്ടിമറിക്കപ്പെട്ടെന്ന പരാതി വ്യാപകമായിരുന്നു.
ഏകജാലക അഡ്മിഷൻ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മാനേജ്മെൻറ്, അൺ എയ്ഡഡ് സ്കൂളുകളിലേക്ക് അഡ്മിഷനുള്ള ലിങ്ക് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. മുൻവർഷങ്ങളിലെ പോലെ തന്നെ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത്. 2185 സീറ്റുകൾ .
ഒരു ബാച്ചിൽ 50 കുട്ടികളാണുള്ളത് എങ്കിലും വർഷാവർഷം പ്രത്യേക ഉത്തരവിലൂടെ സീറ്റ് വർധന അനുവദിക്കുകയാണ് പതിവ്. തെക്കൻ ജില്ലകളിൽ ഇത്തവണ 10% സീറ്റ് വർധന അനുവദിച്ചപ്പോൾ വടക്കൻ ജില്ലകളിൽ അത് 20% ആയിരുന്നു. ശാസ്ത്രീയ പഠനം നടത്താതെയുള്ള സീറ്റ് വർധന ഇങ്ങനെ തുടർന്നാൽ സംസ്ഥാനത്ത് പല ഹയർസെക്കൻഡറി ബാച്ചുകളും, സ്കൂളുകളും അൺ എക്കണോമിക് ആയിമാറുന്ന സ്ഥിതിയാണ്.
കൃത്യമായ പഠനം നടത്തി ആവശ്യമുള്ള ഇടങ്ങളിൽ മാത്രം വർഷാവർഷം അധികം സീറ്റ് എന്ന നിർദ്ദേശത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ വൈകുകയാണ്. നവംബർ 2 മുതല്‍ പ്ലസ് വണ്‍ ക്ലാസുകളും ഓൺലൈനായി ആരംഭിക്കും. തുടക്കത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.