ന്യൂഡൽഹി: നേപ്പാളിൽ വിനോദസഞ്ചാരികളായ എട്ട് മലയാളികള്‍ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം വൈകിട്ടോടെ പ്രധാനമന്ത്രി തന്നെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചുവെന്ന കാര്യം വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
Also Read-
NEPAL TRAGEDY| മരിച്ചത് തിരുവനന്തപുരം സ്വദേശികൾ; അപകടം ഗ്യാസ് ഹീറ്ററിലെ വാതകം ചോർന്ന്
മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി, മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാൻ എല്ലാ സൗകര്യങ്ങളുമേർപ്പെടുത്താനും നിർദേശിച്ചുവെന്നാണ് മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ പൊലീസുമായും ഇന്ത്യൻ എംബസിയുമായും ആശയ വിനിമയം നടത്തി വരികയാണെന്നും മുരളീധരൻ വ്യക്തമാക്കി.
വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
നേപ്പാളിലെ റിസോർട്ടിൽ വിനോദയാത്രയ്ക്കു പോയ എട്ടുമലയാളികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഇന്ന് വൈകീട്ടോടെ എന്നെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാൻ എല്ലാ സൗകര്യങ്ങളുമേർപ്പെടുത്താനും മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹത്തിന്റെ അനുശോചനമറിയിക്കാനുമാണ് നിർദ്ദേശിച്ചത്.
പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാൻ നേപ്പാൾ പൊലീസുമായും ഇന്ത്യൻ എംബസിയുമായും ആശയ വിനിമയം നടത്തി വരികയാണ്.
നേപ്പാളിലെ ഇന്ത്യന്‍ എംബസി എല്ലാ കാര്യത്തിലും മേല്‍നോട്ടം വഹിക്കുന്നുണ്ട്. തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കൃഷ്ണനും ഭാര്യയും മൂന്ന് മക്കളും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിതും ഭാര്യയും കുഞ്ഞുമാണ് മരിച്ചത്. രണ്ടു കുടുംബങ്ങളുടെയും ദുഃഖത്തിൽ ഹൃദയം കൊണ്ട് പങ്കുചേരുന്നു🙏🙏
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.