പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ വിമാനത്തില്‍ ഉച്ചയ്ക്ക് 1.35ന് തിരിക്കുന്ന അദ്ദേഹം 2.45 ന് കൊച്ചി ഐ.എന്‍.എസ്. ഗരുഡ വിമാനത്താവളത്തിലെത്തും.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്, ഹൈബി ഈഡന് എം.പി., കെ.ജെ. മാക്സി എം.എല്‍.എ., കൊച്ചി കോര്പ്പറേഷന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, അഡീഷണല്‍ ചീഫ് സ്ക്രട്ടറി സത്യജിത് രാജന്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, വൈസ് അഡ്മിറല്‍ എ.കെ. ചൗള, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജില്ലാ പോലീസ് മേധാവി നാഗരാജു ചക്കിലം തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കും.
തുടര്‍ന്ന് ഹെലിക്കോപ്റ്ററില്‍ രാജഗിരി ഹെലിപ്പാഡില്‍ എത്തുന്ന പ്രധാനമന്ത്രിയെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്, പി.റ്റി. തോമസ് എം.എല്‍.എ., തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന്, ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ ഹാരിസ് റഷീദ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.
ഹെലിപ്പാഡില്‍ നിന്ന് റോഡ് മാര്‍ഗം പ്രധാനമന്ത്രി അമ്പലമേട് വി.എച്ച്.എസ്.ഇ. സ്കൂള്‍ ഗ്രൗണ്ടിലെ ഉദ്ഘാടന വേദിയിലെത്തും. 3.30ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം 5.55 ന് കൊച്ചി ഐ.എന്‍.എസ്. ഗരുഡ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിക്ക് തിരിക്കും.
ബിപിസിഎല്ലിന്റെ പ്രൊപിലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്റ്റ് (പി.ഡി.പി.പി.), കൊച്ചിയിലെ വില്ലിംഗ്ഡണ്‍ ദ്വീപുകളിലെ റോറോ വെസ്സലുകള്‍ എന്നിവ രാജ്യത്തിനായി സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി കൊച്ചി തുറമുഖത്ത് അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ 'സാഗരിക', കൊച്ചിന് ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന്റെ നോളഡ്ജ് ആന്‍ഡ് സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍ എന്നിവ ഉദ്ഘാടനം ചെയ്യും.
കൊച്ചി തുറമുഖത്ത് ദക്ഷിണ കല്‍ക്കരി ബെര്‍ത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്, കേന്ദ്ര തുറമുഖ വകുപ്പ് സഹമന്ത്രി മന്‍സുഖ് എല്‍. മാന്‍ഡവ്യ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.
നിലവില്‍ ഇറക്കുമതി ചെയ്യുന്ന അക്രിലേറ്റുകള്‍, അക്രിലിക് ആസിഡ്, ഓക്സോആല്ക്കഹോള് എന്നിവയാണ് ബിപിസിഎല്ലിന്റെ പ്രൊപിലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജകറ്റില്‍ ഉല്‍പ്പാദിപ്പിക്കുക. പെയിന്റ് ഉള്‍പ്പെടുയള്ള വ്യവസായങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്തുവരുന്ന ഉല്‍പ്പന്നമാണ് ഇത്. ബി.പി.സി എല്ലില്‍ ഉല്‍പ്പാദനം തുടങ്ങുന്നതോടെ പ്രതിവര്‍ഷം 3700 മുതല്‍ 4000 കോടി വരെ വിദേശനാണ്യത്തില്‍ ലാഭിമുണ്ടാക്കാന് കഴിയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി പറഞ്ഞു.
കൊച്ചിയിലെ വില്ലിംഗ്ഡണ്‍ ദ്വീപുകളിലെ റോറോ വെസ്സലുകള്‍ പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിക്കും. ഇന്റര്‍നാഷണല്‍ വാട്ടര്‍വേ അതോറിറ്റി ഓഫ് ഇന്ത്യ ബോള്‍ഗട്ടിക്കും വില്ലിംഗ്ഡണ്‍ ദ്വീപിനുമിടയില്‍ രണ്ട് പുതിയ റോള്‍ഓണ്‍ / റോള്ഓഫ് കപ്പലുകള്‍ ദേശീയ ജലപാത മൂന്നിൽ വിന്യസിക്കും. റോറോ കപ്പലുകളായ എം.വി. ആദി ശങ്കര, എം.വി. സി.വി. രാമന് എന്നിവയ്ക്ക് ആറ് 20 അടി ട്രക്കുകള്‍, മൂന്ന് 20 അടി ട്രെയിലര്‍ ട്രക്കുകള്‍, മൂന്ന് 40 അടി ട്രെയ്ലർ ട്രക്കുകള്‍, 30 യാത്രക്കാര്‍ വീതം വഹിക്കാനുള്ള ശേഷിയുണ്ടാകും.
ഗതാഗതച്ചെലവും ഗതാഗത സമയവും കുറയുമെന്നതിനാല്‍ ഈ സേവനം വ്യാപാരത്തിന് ഗുണം ചെയ്യുമെന്നു മാത്രമല്ല കൊച്ചിയിലെ റോഡുകളിലെ തിരക്ക് കുറയുകയും ചെയ്യും. കൊച്ചി തുറമുഖത്ത് അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വില്ലിംഗ്ഡണ്‍ ദ്വീപിലെ എറണാകുളം വാര്‍ഫില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലാണ് 'സാഗരിക'.
അത്യാധുനിക സൗകര്യങ്ങളുള്ള ഈ ടെര്‍മിനല്‍ 25.72 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചതാണ്. ഇത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും വികസനത്തിന് ഉത്തേജനം നല്‍കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വരുമാനം നേടുന്നതിനും വിദേശനാണ്യം നേടുന്നതിനും സഹായിക്കുമെന്ന് കേന്ദ്ര തുറമുഖ വകുപ്പ് സഹമന്ത്രി മന്‍സുഖ് എല്‍. മാന്‍ഡവ്യ പറഞ്ഞു.
കൊച്ചിന് ഷിപ്യാർഡ് ലിമിറ്റഡിന്റെ മറൈന്‍ എഞ്ചിനീയറിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഒരു പ്രധാന മറൈന്‍ പഠന കേന്ദ്രമാണ്. കൂടാതെ ഒരു കപ്പല്‍ശാലയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടാണ്.
27.5 കോടി രൂപയുടെ മൂലധന ചെലവില്‍ നിര്‍മ്മിച്ച ഇൻസ്റ്റിറ്റ്യൂട്ടിന് 114 പുതിയ ബിരുദധാരികളുടെ പ്രവേശന ശേഷിയുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും മാരിടൈം വ്യവസായത്തിന്റെ ആവശ്യകത നിറവേറ്റുന്നതിനായി മറൈന്‍ എഞ്ചിനീയര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ഒരു ടാലന്റ് പൂള് ഇത് സൃഷ്ടിക്കും.
കൊച്ചി തുറമുഖത്ത് ദക്ഷിണ കല്‍ക്കരി ബെര്‍ത്ത് സാഗര്‍മല പദ്ധതി പ്രകാരം 19.19 കോടി രൂപ ചെലവില്‍ ഇത് പുനര്‍നിര്‍മിക്കുകയാണ്. പൂര്‍ത്തിയാകുമ്പോള്‍, കൊച്ചി തുറമുഖത്ത് കെമിക്കല്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക ബെര്‍ത്തിംഗ് സൗകര്യം ലഭ്യമാകും. ബെര്‍ത്തിന്റെ പുനര്‍നിര്‍മ്മാണം ചരക്ക് കൈകാര്യം ചെയ്യലിന്റെ വേഗതയും, കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതോടൊപ്പം ചിലവും കുറയ്ക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.