നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ചലച്ചിത്ര മേള നാലിടങ്ങളിൽ; വിവാദം അനാവശ്യവും അപ്രസക്തവുമെന്ന് സി.പി.എം

    ചലച്ചിത്ര മേള നാലിടങ്ങളിൽ; വിവാദം അനാവശ്യവും അപ്രസക്തവുമെന്ന് സി.പി.എം

    ഈ വർഷത്തേയ്ക്ക് മാത്രമുള്ള താൽക്കാലിക തീരുമാനമാണിതെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി

    ഐ.എഫ്.എഫ്.കെ.

    ഐ.എഫ്.എഫ്.കെ.

    • Share this:
      തിരുവനന്തപുരം: അന്തരാഷ്ട്ര ചലച്ചിത്ര മേള കോവിഡ് സാഹചര്യത്തിൽ നാല് മേഖലകളിലായി നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചൊല്ലി നടക്കുന്ന വിവാദം അനാവശ്യവും അപ്രസക്തവുമെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. സ്ഥിരം വേദി തിരുവനന്തപുരം തന്നെ ആയിരിക്കുമെന്ന് സാംസ്കാരിക മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കോവിഡ് സാഹചര്യം മൂലമാണ് ഇപ്പോൾ 4 മേഖലകളിലായി ഇത് നടത്താൻ തീരുമാനിച്ചതെന്നും ആനാവൂർ പ്രസ്താവനയിൽ വ്യക്തമാക്കി.

      പതിനായിരക്കണക്കിന് ആളുകളാണ് ഈ മഹാമേളയിൽ പങ്കെടുക്കുന്നത്. കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയ ആൾക്കൂട്ടങ്ങൾ രോഗവ്യാപനത്തിനും ജീവഹാനിക്കും ഇടയാക്കും. ഇത് നിയന്ത്രിക്കേണ്ടത് സ്വാഭാവികമായും സർക്കാരിന്റെ കടമയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ സർക്കാർ നിർബന്ധിതമായത്. ഈ വർഷത്തേയ്ക്ക് മാത്രമുള്ള താൽക്കാലിക തീരുമാനമാണിതെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. തലസ്ഥാന നിവാസികൾക്ക് ഇക്കാര്യത്തിൽ യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും പ്രസ്താവയിൽ പറയുന്നു.

      Also Read ചലച്ചിത്രമേള നാലിടങ്ങളിൽ; സർക്കാർ തീരുമാനത്തെ വിമർശിച്ച് ശശി തരൂർ

      പ്രകടനപത്രികയിൽ എൽഡിഎഫ് നൽകിയ വാഗ്ദാനമായ തിരുവനന്തപുരം ബ്രാൻഡിംഗ് ഉയർത്തിപിടിച്ചാണ് ചിലർ  പ്രചാരണം നടത്തുന്നത്. പ്രകടന പത്രികയിൽ പറഞ്ഞത് പോലെ തിരുവന്തപുരത്തിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന മികവാർന്ന പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കാൻ എൽഡിഎഫ് പ്രതിജ്ഞാബന്ധമാണ്. തലസ്ഥാന ജില്ലയുടെ സമഗ്രമായ വികസനത്തിനാവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയുമാണ്. നടപ്പാക്കി വരുന്ന പദ്ധതികൾ ദ്രുതഗതിയിൽ പൂർത്തിയാക്കാനുള്ള ഇടപെടലുകളും എൽഡിഎഫ് നടത്തുന്നുണ്ട്. ജില്ലയുടെ വികസന മുന്നേറ്റങ്ങൾക്ക് ഉതകുന്ന നിലപാടാണ് എൽഡിഎഫ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അത് തുടരും. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
      Published by:Aneesh Anirudhan
      First published: