തീവ്രവാദ പാർട്ടികളെ വളർത്തിക്കൊണ്ടുവന്ന് ലീഗിനെതിരെ ആയുധമാക്കാൻ ശ്രമിച്ചത് സി.പി.എം. (CPM) ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ. സലാം (P.M.A. Salam). പൊന്നാനിയിൽ പി.ഡി.പി. പിന്തുണയോടെ ഇടതുപക്ഷം മത്സരിച്ചതും അബ്ദുൽ നാസർ മഅ്ദനിക്കൊപ്പം പിണറായി വേദി പങ്കിട്ടതും ചൂണ്ടിക്കാട്ടിയായിരുന്നു വിശദീകരണം. മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് പി.എം.എ. സലാം ഇക്കാര്യം പറഞ്ഞത്.
മുസ്ലിം ലീഗിന് ന്യൂനപക്ഷ തീവ്രവാദ സംഘടനകളുമായി ബന്ധം ഉണ്ടെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടിയായാണ് സലാം പ്രസ്താവന നടത്തിയത്.
"പറയാൻ മറ്റൊന്നും ഇല്ലാതിരിക്കുമ്പോൾ സി.പി.എം. പതിവായി പറയുന്നത് ആവർത്തിക്കുകയാണ്. ലീഗിന് തീവ്രവാദ സംഘടനകളുമായി ബന്ധം ഉണ്ടെങ്കിൽ അവരത് തെളിയിക്കണം. ഭരണം അവരുടെ കയ്യിലില്ലേ? അപ്പോൾ അവരത് തെളിയിക്കണം. ലീഗാണ് തീവ്രവാദ കക്ഷികളെ ശക്തമായി എക്കാലവും എതിർക്കുന്നത്. സി.പി.എം. വരെ ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ ആരെയാണ് മത്സരിപ്പിച്ചത്? അബ്ദുൽ നാസർ മദനിയുമായി വേദി പങ്കിട്ടത് അന്നത്തെ പാർട്ടി സെക്രട്ടറിയായ പിണറായി വിജയനാണ്. തീവ്രവാദ പാർട്ടികളെ ഉയർത്തിക്കൊണ്ടു വന്ന്, വളർത്തിക്കൊണ്ടു വന്ന് അവരെ ലീഗിനെതിരെ ആയുധം ആക്കാം എന്ന് കരുതി പ്രവർത്തിച്ചത് മാർക്സിസ്റ്റ് പാർട്ടിയാണ്. തീവ്രവാദ കക്ഷികളെ എന്നും അകറ്റിയിട്ടുള്ളത് മുസ്ലിം ലീഗാണ്." പി.എം.എ. സലാം പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെയും എം.എ. ബേബിയുടെയും ലീഗിനെതിരായ പ്രസ്താവനകൾക്കും ബിഎംഎസ് എല്ലാം വിശദമായി തന്നെ മറുപടി പറഞ്ഞു. " മുസ്ലിം ലീഗ് യുഡിഎഫിന്റെ ഭാഗമാണ്, യുഡിഎഫിലെ രണ്ടാം കക്ഷിയാണ്. മാറി ചിന്തിക്കേണ്ട അവസ്ഥയില്ല, ആലോചിക്കുന്നുമില്ല, ചർച്ചയും ഇല്ല. ലീഗിനെതിരെ ഇപ്പോൾ ഇത്തരത്തിൽ പ്രസ്താവന നടത്തുന്നത് എല്ലാം സി.പി.എം. സംസ്ഥാന സമ്മേളനത്തിന് മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടി മാത്രമാണ്. ഞങ്ങൾക്ക് വേണമെങ്കിൽ സിപിഎമ്മിനെ യുഡിഎഫിൽ എടുക്കില്ല എന്ന് പറയാം പക്ഷേ ഞങ്ങൾ അതുപോലെ വിലകുറഞ്ഞ പ്രചരണം നടത്താനില്ല."
"ലീഗിന് പിടിച്ചുനിൽക്കാൻ ഭരണം ആവശ്യമില്ല. എന്നാൽ അധികാരമില്ലാതെ സിപിഎമ്മിന് നിലനിൽക്കാനാകില്ല. ത്രിപുരയിലും ബംഗാളിലും എല്ലാം അത് തെളിയിച്ചതാണ്. ത്രിപുരയിലും പശ്ചിമ ബംഗാളിലും ഒരു എം.എൽ.എ. പോലും ഇപ്പോൾ സിപിഎമ്മിനില്ല. അധികാരം ഇല്ലെങ്കിൽ തകരുക മാർക്സിസ്റ്റ് പാർട്ടിയാണ്."
കോൺഗ്രസുമായി സഖ്യം ചേരാൻ ലീഗിന് നാണമില്ലേ എന്നാണ് മറ്റൊരു പോളിറ്റ് ബ്യൂറോ മെമ്പർ ചോദിക്കുന്നത് എന്ന് പി.എം.എ. സലാം. എന്നാൽ ഈ നാണം വാളയാർ ചുരത്തിന് ഇപ്പുറം മാത്രമാണോ എന്ന മറുചോദ്യമാണ് ലീഗ് ഉയർത്തുന്നത്.
"തമിഴ്നാട്ടിൽ സിപിഎമ്മും കോൺഗ്രസും ഘടകകക്ഷികളാണ്, പശ്ചിമബംഗാളിലും സഖ്യം ഉണ്ട്. കോൺഗ്രസുകാരുടെ വോട്ടുകൊണ്ടാണ് സിപിഎമ്മിന് തമിഴ്നാട്ടിൽ നിന്ന് രണ്ട് എംപിമാരെ കിട്ടിയത്. കേരളത്തിന് പുറത്ത് എല്ലായിടത്തും യോജിപ്പാണ്. എന്നാൽ ലജ്ജ വരുന്നത് വാളയാറിന് ഇപ്പുറം മാത്രമാണോ?" സലാം ചോദിക്കുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.