• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഹരിതയിലെ മുന്‍ ഭാരവാഹികള്‍ ഉത്തരം താങ്ങുന്ന പല്ലികള്‍'; രൂക്ഷ വിമര്‍ശനവുമായി പി എം എ സലാം

'ഹരിതയിലെ മുന്‍ ഭാരവാഹികള്‍ ഉത്തരം താങ്ങുന്ന പല്ലികള്‍'; രൂക്ഷ വിമര്‍ശനവുമായി പി എം എ സലാം

നേതൃത്വത്തിൽ വിശ്വാസം ന‍ഷ്ടപ്പെട്ടവർക്ക് സംഘടനയിൽ തുടരാനാകില്ലെന്നും പി.എം.എ സലാം പറഞ്ഞു

News18 Malayalam

News18 Malayalam

  • Share this:
കോഴിക്കോട്:  എം എസ് എഫിലെ വനിതാ വിഭാഗമായ ഹരിതയിലെ മുൻ ഭാരവാഹികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ഹരിതയിലെ മുൻ ഭാരവാഹികൾ ഉത്തരം താങ്ങുന്ന പല്ലികളാണെന്ന് പി എം എ സലാം പരിഹസിച്ചു.

അവരാണ് ലീഗിനെ നിലനിർത്തുന്നതെന്ന് അവർ സ്വയം വിശ്വസിച്ചു. നേതൃത്വത്തിൽ വിശ്വാസം ന‍ഷ്ടപ്പെട്ടവർക്ക് സംഘടനയിൽ തുടരാനാകില്ലെന്നും പി.എം.എ സലാം പറഞ്ഞു. സംഘടനയുടെ ചട്ടക്കൂട് അംഗീകരിക്കണം. അത് അംഗീകരിക്കാത്തവർ പാർട്ടിക്ക് പുറത്തായിരിക്കും. പാർട്ടി ചട്ടക്കൂട് അനുസരിക്കുമ്പോൾ മാത്രമാണ് അച്ചടക്കമുള്ള പ്രവർത്തകരാകുന്നതെന്നും പി.എം.എ സലാം ചൂണ്ടിക്കാട്ടി. ഹരിത സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ഭാരവാഹികള്‍ക്കെതിരെ മറ്റു ലീഗ് നേതാക്കളും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

ഹരിത മുന്‍ ഭാരവാഹികള്‍ക്കെതിരെ പരോക്ഷ വിമര്‍ശമുയര്‍ത്തിയായിരുന്നു മുനവറലി ശിഹാബ് തങ്ങളുടെ വാക്കുകള്‍. വൈകാരികതയിൽ മുങ്ങിയ സമൂഹമല്ല എംഎസ്എഫിനും ഹരിതയ്ക്കും വേണ്ടതെന്നും യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ നേരിടുന്നവരെയാണ് ആവശ്യമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

Also Read-'പെണ്‍കുട്ടികളെ കരളുറപ്പോടെ സംസാരിക്കാന്‍ പഠിപ്പിച്ചത് സി.എച്ച്; ആര്‍ക്കും വിഷമം തോന്നണ്ട': ഫാത്തിമ തഹ്ലിയ

സ്ത്രീകളുടെ അവകാശങ്ങൾ മറ്റുള്ളവരുടെ മേൽ കുതിരകയറാനുള്ളതല്ലെന്ന് മുസ് ലിം ലീഗ് നേതാവ് കെ എം ഷാജി. പാർട്ടിക്ക് പുറത്ത് പോയാൽ മാർക്കറ്റ് കൂടും. പക്ഷെ സംഘടനയെ പരമമായി കാണണം. ഹരിതയിലെ പെൺകുട്ടികൾ മമത ബാനർജിയെ മാതൃകയാക്കണമെന്നും കെ എം ഷാജി പറഞ്ഞു.
ലീഗിന്റെ ന്യൂനപക്ഷം എന്നാൽ മത ന്യൂനപക്ഷമാണ്. ലീഗ് ഭരണഘടനയിൽ എവിടെയും ലിംഗ ന്യൂനപക്ഷത്തിനായി നിലകൊള്ളാൻ പറഞ്ഞിട്ടില്ല. മുസ്ലീം സമുദായത്തിൽ ജനിച്ചവർക്ക് ഒരു സംസ്കാരം ഉണ്ട്. അത് എല്ലാവരും കാത്ത് സൂക്ഷിക്കണം. മുസ്ലിം ലീഗ് സമുദായ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നത്. നമ്മൾ ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്ലിം ആണെന്ന ബോധം മറക്കരുത്''. നൂർബിന പറഞ്ഞു. സമുദായത്തെ മറന്ന് രാഷ്ട്രീയ പ്രവർത്തിക്കരുതെന്നും വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂർബിന റഷീദ് വ്യക്തമാക്കി.

ലീഗിനെ മാറ്റി നിർത്തി ഒരു പോഷക സംഘടനയ്ക്കും നിലനിൽപ്പില്ല. മുസ്‌ലിം ലീഗിന്റെ ഭരണഘടനയിൽ എവിടെയും ലിംഗരാഷ്ട്രീയമില്ലെന്നും നൂർബിന റഷീദ് പറഞ്ഞു. ഭർത്താവിനും കുട്ടികൾക്കും വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്‍റെ മാതൃകയെന്നും നൂർബിന വ്യക്തമാക്കി.

Also Read-മുസ്ലിം ലീഗ് ലിംഗ രാഷ്ട്രീയമല്ല, സമുദായ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നതെന്ന് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്

മുസ്ലിം ലീഗ് നേതൃത്വത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചും മുന്‍ ഭാരവാഹികളെ തളളിപ്പറഞ്ഞുമുള്ള നിലപാടാണ് പുതിയ ഹരിത നേതൃത്വം എടുത്തത്. ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില്‍ നിന്ന് ഉണ്ടാകില്ലെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു. പൊതു ബോധത്തിന് വിപരീതമായി പാർട്ടിയെടുത്ത തീരുമാനങ്ങൾ ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും പുതിയ ഹരിത ജനറൽ സെക്രട്ടറി റുമൈസ റഫീഖ് പറഞ്ഞു.

സിഎച്ച് സെന്‍ററില്‍ നടന്ന സിഎച്ച് അനുസ്മരണ ചടങ്ങില്‍ പുതിയ ഭാരവാഹികള്‍, പാര്‍ട്ടി നേതൃത്വത്തോടുളള കൂറും വിധേയത്വത്തിനുമാകും പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കി. പരിപാടിയില്‍ സംസാരിച്ച ഇ ടി മുഹമ്മദ് ബഷീര്‍,എം കെ മുനീര്‍,  പി കെ ഫിറോസ് തുടങ്ങിയവരൊന്നും മറിച്ച് നിലപാടെടുത്തില്ല.
ആരോപണ വിധേയനായ എഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസും വേദിയിലുണ്ടായിരുന്നു.
Published by:Jayesh Krishnan
First published: