കൊല്ലം: കലോത്സവത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ് എടുത്തു. കൊല്ലം കടയ്ക്കൽ സ്വദേശി യൂസഫിനെതിരെയാണ് പൊലീസ് പോക്സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കലോത്സവത്തിനിയ്ക്ക് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന് അധ്യാപകനെതിരെ പോക്സോ കേസെടുക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
കടക്കൽ ഉപജില്ലാ കലോത്സവത്തിനിടെ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉച്ചഭക്ഷണം കഴിക്കാനായി ബസിൽ പോകുമ്പോഴാണ് അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചത്. സംഭവത്തെക്കുറിച്ച് വിദ്യാർഥിനി മറ്റ് അധ്യാപകരോട് പരാതി പറയുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഒളിവിലുള്ള അധ്യാപകനായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ തൃപ്പുണിത്തുറയിൽ കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പട്ടിമറ്റം സ്വദേശിയായ കിരണിനെതിരേയാണ് തൃപ്പുണിത്തുറ പൊലീസ് പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്. സ്കൂളിലെ സുഹൃത്തുക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ ഇവര്‍ സ്കൂളിലെ കൗണ്‍സലറെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അധ്യാപകൻ കിരണിനെ തമിഴ്നാട്ടിലെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിന് പിന്നാലെ സ്കൂളിലെ പ്രിൻസിപ്പൽ ഉൾപ്പടെ മൂന്ന് അധ്യാപകർ കൂടി അറസ്റ്റിലായിരുന്നു. സംഭവം പൊലീസിൽ അറിയിക്കാതെ രഹസ്യമാക്കിവെച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.