ഇന്റർഫേസ് /വാർത്ത /Kerala / Poet S Ramesan Passes Away| കവി എസ് രമേശന്‍ അന്തരിച്ചു: പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു

Poet S Ramesan Passes Away| കവി എസ് രമേശന്‍ അന്തരിച്ചു: പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു

എസ് രമേശൻ

എസ് രമേശൻ

പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, പത്രാധിപർ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

  • Share this:

കവി എസ് രമേശന്‍ (S Ramesan) അന്തരിച്ചു. 69 വയസ്സായിരുന്നു. പുലര്‍ച്ചെയായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, പത്രാധിപർ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം, എറണാകുളം പബ്ലിക് ലൈബ്രറിയുടെ അധ്യക്ഷന്‍, കേരള ഗ്രന്ഥശാലാ സംഘം നിർവാഹക സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1996 മുതൽ 2001 വരെ സാംസ്കാരിക മന്തി ടി കെ രാമകൃഷ്ണന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കേരള സ്റ്റേറ്റ് സർവീസിൽ 1981ൽ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ആയി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 2007ൽ അഡീഷണൽ ഡെവലപ്പ്മെന്റ് കമ്മിഷണർ തസ്തികയിൽ നിന്നാണ് വിരമിച്ചത്.

കോട്ടയം വൈക്കത്ത് 1952 ഫെബ്രുവരി 16 നാണ് രമേശന്റെ ജനനം. പള്ളിപ്രത്തുശ്ശേരി സെന്റ് ജോസഫ് എൽ പി സ്കൂൾ, വൈക്കം ഗവ. ബോയ്സ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. ചേർത്തല സെന്റ് മൈക്കിൾസ് കോളജിൽ നിന്നും പ്രീഡിഗ്രീ പാസ്സായി. 1970 മുതൽ1975 വരെ എറണാകുളം മഹാരാജാസ് കോളേജിൽ ബി എ, എംഎ ബിരുദം നേടി. ഈ കാലയളവിൽ രണ്ടു തവണ മഹാരാജാസ് കോളജ് യൂണിയൻ ചെയർമാൻ ആയിരുന്നു. എറണാകുളം ഗവന്മെന്റ് ലോ കോളജിൽ നിയമ പഠനം പൂര്‍ത്തിയാക്കി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ശിഥില ചിത്രങ്ങൾ, മല കയറുന്നവർ, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ,കലുഷിത കാലം, കറുത്ത കുറിപ്പുകൾ എസ് രമേശന്റെ കവിതകൾ എന്നിവയാണ് കൃതികള്‍. ചെറുകാട് അവാർഡ്, ശക്തി അവാർഡ്‌,എ പി കളക്കാട്‌ പുരസ്കാരം,മുലൂർ അവാർഡ്‌, ആശാൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ അവാർഡ്, ഫൊക്കാന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

എസ് എൻ കോളജ് പ്രൊഫസറായിരുന്ന ഡോ. ടി പി ലീലയാണ് ഭാര്യ. ഡോ. സൗമ്യ രമേശ്, സന്ധ്യാ രമേശ് എന്നിവർ മക്കളാണ്.

മുഖ്യമന്ത്രി അനുശോചിച്ചു

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ച വ്യക്തിയായിരുന്നു എസ് രമേശനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അധഃസ്ഥിത ജനവിഭാഗങ്ങളുടെ ശബ്ദമായി നിന്നു എക്കാലവും രമേശന്റെ കവിത. വരേണ്യ വിഭാഗത്തിന്റെ അധികാര ഘടനയോട് എന്നും കലഹിച്ചു പോന്നിട്ടുള്ള രമേശന്റെ കവിതയിലുണ്ടായിരുന്നത് നിസ്വ ജനപക്ഷപാതം തന്നെയായിരുന്നു.

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന നേതാവ് എന്ന നിലയിലും ഗ്രന്ഥശാല സംഘം പ്രവർത്തകൻ എന്ന നിലയിലും ഗ്രന്ഥാലോകം പത്രാധിപൻ എന്ന നിലയിലും സാംസ്കാരിക വകുപ്പ് മന്ത്രിയുടെ സെക്രട്ടറി എന്ന നിലയിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സാംസ്കാരിക ലോകത്തിന് വിലപ്പെട്ട സംഭാവനകൾ നൽകാനുളള വിധത്തിലുള്ളതായിരുന്നു.

കേരളത്തിലെ പുരോഗമന, രാഷ്ട്രീയ, സാമൂഹ്യ രംഗത്തിന് പൊതുവിലും പുരോഗമന കലാസാഹിത്യ സംഘത്തിന് പ്രത്യേകിച്ചും വലിയ നഷ്ടമാണ് രമേശന്റെ വിയോഗംമൂലം ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

First published:

Tags: Obit news, Obituary, Poet, Purogamana kala sahithya sangham