കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ഹരിത മുന്‍ നേതാക്കള്‍ നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം നിലച്ചു. കേസ് അന്വേഷിക്കുന്ന കോഴിക്കോട് ചെമ്മങ്ങാട് സി.ഐ രണ്ടുമാസത്തേക്ക് അവധിയിലാണ്. പകരം അന്വേഷണ ചുമതല ആരെയും ഏല്‍പ്പിച്ചിട്ടില്ല. വനിതാ കമ്മീഷനില്‍ നല്കിയ പരാതിയിലും ഇതുവരെ സിറ്റിംഗും നടത്തിയിട്ടില്ല.
ഹരിതയുടെ പരാതി വിവാദമായതോടെ വെള്ളയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ചെമ്മങ്ങാട് സി.ഐ അനിതാകുമാരിക്ക് കൈമാറുകയായിരുന്നു. കേസില്‍ പി.കെ നവാസിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചെങ്കിലും തുടര്‍ നടപടികള്‍ നിലച്ചു. ജൂണ്‍ 22 ന് നടന്ന എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നവാസ് നടത്തിയെന്നാണ് പ്രധാന പരാതി. കേസിലെ പ്രധാന തെളിവായ യോഗത്തിന്റെ മിനുട്സ് ഇതുവരെ പോലീസ് ശേഖരിച്ചിട്ടില്ല. കേസ് അന്വേഷിക്കുന്ന സി.ഐ അനിതാകുമാരി രണ്ടുമാസത്തേക്ക് അവധിയിലാണ്. അന്വേഷണ ചുമതല മറ്റാര്‍ക്കും കൈമാറിയിട്ടുമില്ല. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന് ചെമ്മങ്ങാട് പൊലീസ് വ്യക്തമാക്കുന്നു.
വനിതാ കമ്മീഷനില്‍ പരാതി നല്കി ഒന്നര മാസം കഴിഞ്ഞിട്ടും ഇതുവരെ സിറ്റിംഗ് നടന്നിട്ടില്ല. കഴിഞ്ഞ ദിവസം പരാതിക്കാരെ ടെലിഫോണില്‍ ബന്ധപ്പെട്ട വനിതാ കമ്മീഷന് അംഗം പരാതിയില്‍ ഉറച്ചുനല്ക്കുന്നുണ്ടോയെന്നാണ് ആരാഞ്ഞത്. കോവിഡ് സാഹചര്യമായതിനാലാണ് നീണ്ടുപോയതെന്നും ഈ മാസം 11ന് കോഴിക്കോട് സിറ്റിംഗ് നടത്തുമെന്നുമാണ് കമ്മീഷന് വിശദീകരണം. അതേസമയം ഹരിത കേസില്‍ സംഘടനാ നേതാക്കളാരെങ്കിലും പ്രതികളാണോയെന്ന ചോദ്യത്തോട് വിവരങ്ങള്‍ കയ്യിലില്ലെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രതികരിച്ചത്.
ഓഗസ്റ്റ് 13നാണ് ഹരിത മുന്‍ നേതാക്കള്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കിയത്. പരാതി പിന്‍വലിക്കാന്‍ മുസ്ലിം ലീഗ് അന്ത്യശാസനം നല്‍കിയതോടെ സംഭവം രാഷ്ട്രീയ വിവാദമായി. ഇതിനും രണ്ടുമാസം മുമ്പ് പാര്‍ട്ടി നേതൃത്വത്തിന് ഹരിത നേതാക്കള്‍ നല്കിയ പരാതി നേതൃത്വം അവഗണിക്കുകയായിരുന്നു. ഈ പരാതിയില്‍ നടപടിയില്ലാതെ വന്നതോടെയാണ് വനിതാ കമ്മീഷന് മുന്നില്‍ പരാതി നല്‍കിയത്. വനിതാ കമ്മീഷന് നല്കിയ പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കള്‍ക്ക് മേല്‍ മുസ്ലിം ലീഗ് നേതാക്കള്‍ ശക്തമായ സമ്മര്‍ദം ചെലുത്തി. ഇതിന് വഴങ്ങാതിരുന്ന ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച് ലീഗ് പ്രതികാരനടപടിയെടുത്തത്. മുസ്ലിം ലീഗ് നേതൃത്വതില്‍ ചിലര്‍ ഹരിത നേതാക്കള്‍ക്കൊപ്പം നിന്നുവങ്കിലും പാണക്കാട് സാദിഖലി തങ്ങള്‍ കടുത്ത നിലപാടെടുത്തതോടെ അവര്‍ പിന്‍വാങ്ങി.
ഇതിനിടെ ലീഗ് നേതാക്കള്‍ ഹരിത നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്നും ഹരിത നേതാക്കള്‍ പരാതി പിന്‍വലിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പ് ഇറക്കിയെങ്കിലും പരാതി പിന്‍വലിച്ചില്ല. ഇതിനിടെ പരസ്യ പ്രതികരണം നടത്തിയ ഹരിത മുന്‍ ജനറല്‍ സെക്രട്ടറിയും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ടുമായ ഫാത്തിമ തഹ്ലിയയെ സ്ഥാനത്ത് നിന്ന് നീക്കി. ഒടുവില്‍ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് ഹരിത നേതാക്കളെ സ്ഥാനത്ത് നിന്ന് നീക്കി. ഇതിനെതിരെ ഹരിത നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനം വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയതോടെ ലീഗ് നേതാക്കള്‍ നിലപാട് മയപ്പെടുത്തിയിരുന്നു. വീണ്ടും ചര്‍ച്ചക്ക് അവസരമുണ്ടാകുമെന്ന് ചില നേതാക്കള്‍ പറഞ്ഞിരുന്നുവെങ്കിലും നടന്നില്ല. ഇപ്പോള്‍ സംഘടനാ സ്ഥാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഹരിത മുന്‍ നേതാക്കള്‍ സ്വന്തമായി ഒരു വേദിയുണ്ടാക്കാനുള്ള ആലോചനയിലാണ്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.