നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലൂസിഫറിനെതിരേ പരാതി; SFIക്കാർ നടുറോഡിൽ തല്ലിയപ്പോൾ മിണ്ടിയോ? പൊലീസ് അസോസിയേഷന് ഇരട്ടത്താപ്പോ?

  ലൂസിഫറിനെതിരേ പരാതി; SFIക്കാർ നടുറോഡിൽ തല്ലിയപ്പോൾ മിണ്ടിയോ? പൊലീസ് അസോസിയേഷന് ഇരട്ടത്താപ്പോ?

  തിരുവനന്തപുരം പാളയത്ത് നടുറോഡിൽ എസ്എഫ്ഐ പ്രവർത്തകർ പൊലീസുകാരെ തല്ലിയിട്ടും ഇതുവരെ നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ഇത്തരമൊരു പരാതിയിലെ ഇരട്ടത്താപ്പിൽ സേനയിലെ വലിയൊരു വിഭാഗത്തിന് അമർഷമുണ്ട്

  ലൂസിഫറിൽ മോഹൻലാൽ

  ലൂസിഫറിൽ മോഹൻലാൽ

  • Last Updated :
  • Share this:
   മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫറിലെ ഒരു പോസ്റ്ററിനെതിരെ പൊലീസ് അസോസിയേഷൻ പരാതി നൽകിയതിൽ സേനയിൽ വിരുദ്ധാഭിപ്രായം. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം വില്ലനായ പൊലീസുകാരന്‍റെ നെഞ്ചിൽ ചവിട്ടുന്ന ചിത്രമാണ് വിവാദമായത്. ഈ പോസ്റ്ററിനെതിരെ പൊലീസ് അസോസിയേഷൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കൂടാതെ പൊലീസ് കുടുംബങ്ങൾ ചിത്രം ബഹിഷ്ക്കരിക്കുമെന്നും പ്രഖ്യാപനമുണ്ട്. എന്നാൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിസ്ഥാനത്ത് വന്ന കേസുകളിൽ പൊലീസിനൊപ്പം നിൽക്കാതെ ഭരണകക്ഷയിലെ നേതാക്കളെ രക്ഷപ്പെടുത്തുന്നതിനുള്ള സമീപനമാണ് അസോസിയേഷന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന ആരോപണം ശക്തമാണ്. തിരുവനന്തപുരം പാളയത്ത് നടുറോഡിൽ എസ്എഫ്ഐ പ്രവർത്തകർ പൊലീസുകാരെ തല്ലിയിട്ടും പ്രതികരിക്കാതിരുന്ന പൊലീസ് അസോസിയേഷൻ ഒരു സിനിമാ പോസ്റ്ററിന്‍റെ പേരിൽ പരാതിയുമായി എത്തിയത് ഇരട്ടത്താപ്പാണെന്ന് സേനയിലെ വലിയൊരു വിഭാഗം പറയുന്നു.

   തലസ്ഥാനത്ത് രണ്ടു സംഭവങ്ങളിലായി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രതികളായ കേസുകളിൽ പൊലീസ് അസോസിയേഷൻ മൌനം പാലിച്ചത് സേനയ്ക്കുള്ളിൽ അമർഷത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം വാഹനപരിശോധനയ്ക്കിടെ പൂന്തുറ ഗ്രേഡ് എസ്.ഐ ശൈലേന്ദ്ര പ്രസാദിനെ ഇടിച്ചുവീഴ്ത്തി കടന്നുകളയാൻ ശ്രമിച്ച പ്രവീൺ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മോചിപ്പിക്കുന്നതിനായി സിപിഎം പ്രവർത്തകർ പൊലീസ് സ്റ്റേഷൻ വളയുകയും ചെയ്തു. ഈ സംഭവത്തിൽ പിന്നീട് കൃത്യവിലോപവും അച്ചടക്കലംഘനവും ആരോപിച്ച് ശൈലേന്ദ്ര പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു. സിപിഎം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഈ സസ്പെൻഷൻ എന്ന് പൊലീസിലെ ഒരു വിഭാഗം പറയുന്നു.

   പൂന്തുറ ഗ്രേഡ് എസ്.ഐ ശൈലേന്ദ്ര പ്രസാദിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ്


   ഇതുകൂടാതെ ഇക്കഴിഞ്ഞ ഡിസംബർ 12നാണ് എസ്എഫ്ഐ പ്രവർത്തകർ നടുറോഡിൽ പൊലീസുകാരെ വളഞ്ഞിട്ട് തല്ലിയത്. സിഗ്നൽ തെറ്റിച്ച് വന്ന ബൈക്ക് തടഞ്ഞുനിർത്തിയതിനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ എസ്എഫ്ഐക്കാർ ആക്രമിച്ചത്. മൂന്നു പൊലീസുകാർക്ക് അന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. കന്‍റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി നാലുപേരെ പിടികൂടിയെങ്കിലും എസ്എഫ്ഐ പ്രവർത്തകരും നേതാക്കളും കൂട്ടമായി എത്തി ജീപ്പിൽനിന്ന് ഇറക്കിക്കൊണ്ടുപോകുകയായിരുന്നു.

   സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യപ്രതിയും എസ്എഫ്ഐ ജില്ലാനേതാവുമായ നസീം ഉൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഈ സംഭവത്തിൽ പ്രതികരിക്കാനോ പരാതി നൽകാനോ പൊലീസ് അസോസിയേഷനും തയ്യാറായില്ല. പിന്നീട് മർദ്ദനമേറ്റ പൊലീസുകാരന്‍റെ കുടുംബം പരാതി നൽകിയെങ്കിലും അസോസിയേഷൻ ഇടപെട്ട് അത് പൂഴ്ത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്. സിപിഎം നേതൃത്വത്തിന്‍റെ സമ്മർദ്ദത്തെ തുടർന്ന് കേസ് ഒതുക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ഒടുവിൽ ജനുവരി 30നാണ് നസീം കീഴടങ്ങിയത്. പൊലീസിനെ നടുറോഡിൽ ആക്രമിക്കുന്ന സംഭവമുണ്ടായിട്ടും മിണ്ടാതിരുന്ന പൊലീസ് അസോസിയേഷൻ പ്രവർത്തകർ സിനിമയിലെ ഒരു രംഗത്തിന്‍റെ പേരിൽ രംഗത്തെത്തിയത് ഇരട്ടത്താപ്പാണെന്നാണ് സേനയിലെ ഒരു വിഭാഗം പറയുന്നു.

   പൊലീസിനെ അപമാനിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാന പൊലീസ് മേധാവിക്കും സെൻസർ ബോർഡിനും നൽകി. "ചിത്രത്തിലെ നായകൻ യൂണിഫോമിലുള്ള ഒരു പോലീസ് ഓഫിസറെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന ചിത്രത്തോടൊപ്പം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്ന തരത്തിലുള്ള തലവാചകം ഉൾപ്പെടെയുള്ളതാണ് പ്രസ്തുത പരസ്യം. ഈ പരസ്യം കാണുന്ന ലക്ഷക്കണക്കിന് സാധാരണ ജനങ്ങളിൽ ഇത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന കാര്യത്തിൽ സംശയമില്ല. പോലീസിനെ മനഃപൂർവം ആക്രമിക്കുന്ന നിരവധി സന്ദർഭങ്ങൾ നമ്മുടെ നാട്ടിൽ നടന്നു വരുന്നുണ്ട്. മുൻപ് കൊടും ക്രിമിനലുകളായിരുന്നു പോലീസിനെ ആക്രമിച്ചിരുന്നുവെങ്കിൽ നിർഭാഗ്യവശാൽ ഇപ്പോൾ പോലീസിനെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ചെറിയ തോതിലെങ്കിലും സാധാരണക്കാരായ യുവാക്കൾക്കും പങ്കുള്ളതായി കാണുവാൻ കഴിയും. ഇതിനു പ്രേരകമാകുന്നതിൽ ജനങ്ങളെ അത്യധികം സ്വാധീനിക്കുന്ന സിനിമ പോലുള്ള മാധ്യമങ്ങളുടെ പങ്കു ചെറുതല്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് പ്രസ്തുത പരസ്യം എന്നുള്ളത് അതിന്റെ ഗൗരവം വർധിപ്പിക്കുന്നു," പരാതിയിൽ പറയുന്നു.
   First published:
   )}