തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതിനെ ന്യായീകരിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സി.ആര് ബിജു. സംഘടനയോ, വ്യക്തി എന്ന നിലയിലോ താന്‍ ഈ വിഷയത്തില്‍ ഒരു അഭിപ്രായ പ്രകടനവും നടത്തിയിട്ടെല്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ സി.ആര് ബിജു വിശദീകരിക്കുന്നത്.
പൊലീസുകാര്‍ മാത്രമുള്ള ഒരു ഗ്രൂപ്പില്‍ ഇവര്‍ എങ്ങനെ റാങ്ക് ലിസ്റ്റില്‍ ഒന്നാമതായി എന്ന കാര്യത്തില്‍ വലിയ ചര്‍ച്ച നടന്നു. ഇത് വിശദീകരിച്ച് മാതൃഭൂമി തൊഴില്‍ വാര്‍ത്തയില്‍ വന്ന ലേഖനമാണ് ആ ഗ്രൂപ്പില്‍ ഇട്ടത്. അതില്‍ കൃത്യമായി ചില കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നു. PSC റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് കൂടി മനസിലാക്കാന്‍ ഉതകുന്ന ഒന്നായിരുന്നു അതെന്നും ബിജു പറയുന്നു.
റാങ്ക് ലിസ്റ്റില്‍ വരുന്നവരെ നിയമിക്കുന്നതിന് മുമ്പ് കൃത്യമായ പോലീസ് വെരിഫിക്കേഷന് ഉണ്ടാകും. ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുള്ള ഒരാള്‍ക്കു പോലും പൊലീസില്‍ നിയമനം നല്‍കാറില്ലെന്നും ജനറല്‍ സെക്രട്ടറി പറയുന്നു.
വിശദീകരണം പൂർണരൂപത്തിൽ;
ഇന്ന് ദൃശ്യമാധ്യമങ്ങള്‍ ആകെ ഒരു വാര്‍ത്ത നല്കി. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ പ്രതികളായവര്‍ പോലീസ് റാങ്ക് ലിസ്റ്റില്‍ വന്നതിനെ ന്യായീകരിച്ച്
C.R. ബിജു എന്നായിരുന്നു വാര്‍ത്ത. വസ്തുതാവിരുദ്ധമാണ് ഈ വാര്‍ത്ത. സംഘടനയോ, വ്യക്തി എന്ന നിലയില്‍ ഞാനോ ഈ വിഷയത്തില്‍ ഒരു അഭിപ്രായവും ഇതുവരെ നടത്തിയിട്ടില്ല.
പിന്നെ എന്താണ് സംഭവിച്ചത്...
ഈ വിഷയം മാധ്യമങ്ങളിലെന്ന പോലെ നവമാദ്ധ്യമങ്ങളിലും വലിയ ചര്‍ച്ച ആയി. ഇത്തരം ചര്‍ച്ചകള്‍ നടത്തുന്ന പോലീസുകാര്‍ മാത്രമുള്ള ഒരു ഗ്രൂപ്പില്‍ ഇവര്‍ എങ്ങനെ റാങ്ക് ലിസ്റ്റില്‍ ഒന്നാമതായി എന്ന കാര്യത്തില്‍ വലിയ ചര്‍ച്ച നടന്നു.
ഇത് വിശദീകരിച്ച് യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന് മുമ്പ് മാതൃഭൂമി തൊഴില്‍ വാര്‍ത്തയില്‍ വന്ന ലേഖനമാണ് ഞാന്‍ ആ ഗ്രൂപ്പില്‍ ഇട്ടത്. അതില്‍ കൃത്യമായി ചില കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നു. PSC റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് കൂടി മനസിലാക്കാന്‍ ഉതകുന്ന ഒന്നായിരുന്നു.
അതിനെയാണ് C.R.ബിജുവിന്റെ നിലപാട് എന്ന നിലയില്‍ വാര്‍ത്തയാക്കിയത്.
ഇനി ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ.
PSC പോലീസ് ഉള്‍പ്പെടെ ഓരോ തസ്തികയിലേക്കും അപേക്ഷ ക്ഷണിക്കുമ്പോള്‍ യോഗ്യത ഉള്ളവരെല്ലാം അപേക്ഷ സമര്‍പ്പിക്കും. അവരില്‍ പല തരക്കാര്‍ ഉണ്ടാകും. അതിനെ പോലീസിലേക്ക് ക്രിമിനലുകള്‍ എന്ന് ചിത്രീകരിക്കുന്നത് തികച്ചും ഖേദകരമാണ്. ഇത്തരത്തില്‍ അപേക്ഷ ക്ഷണിക്കുമ്പോള്‍ ആരൊക്കെ അപേക്ഷ നല്കി എന്ന് പോലീസ് വകുപ്പിന് അറിയാന്‍ ഒരു മാര്‍ഗ്ഗവും ഇല്ല. എല്ലാ നടപടികളും പൂര്‍ത്തിയായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷമാണ് പോലീസ് വകുപ്പിന്റെ പരിശോധന.
ഇങ്ങനെ റാങ്ക് ലിസ്റ്റില്‍ വരുന്നവരെ നിയമിക്കുന്നതിന് മുമ്പ് കൃത്യമായ പോലീസ് വെരിഫിക്കേഷന് ഉണ്ടാകും. ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുള്ള ഒരാളെ പോലും പോലീസില്‍ നിയമനം നല്‍കാറില്ല എന്നതാണ് വാസ്തവം.
മറിച്ച് ക്രിമിനലുകളാണ് പോലീസിലാകെ എന്ന് ചിത്രീകരിച്ച് പോലീസിനെയാകെ അപകീര്‍ത്തിപ്പെടുത്തി, ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തരുതെന്ന അഭ്യര്‍ത്ഥന കൂടി ഈ അവസരത്തില്‍ മുന്നോട്ടു വയ്ക്കുന്നു.
Also Read
വധശ്രമക്കേസ് പ്രതിയുടെ വീട്ടില്‍ ഉത്തരകടലാസ്; അന്വേഷിക്കാന്‍ വൈസ് ചാന്‍സിലറുടെ നിര്ദേശംഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.