തിരൂരില്‍ (Tirur) കെറെയില്‍ (K-RAIL) പദ്ധതിയ്ക്ക് കല്ലിടാനെത്തിയെ പോലീസ് ഉദ്യോഗസ്ഥര്‍ നഗരസഭാ അധ്യക്ഷയടക്കം നാട്ടുകാരെ മര്‍ദിച്ചതായി പരാതി. തിരൂര്‍ ഫയര്‍ സ്റ്റേഷന് സമീപമുള്ള ഭൂമിയില്‍ കെറെയില്‍ സര്‍വേ കല്ല് ഇടാനെത്തിയ സംഘത്തിന് നേരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധം തടയാനെത്തിയ പോലീസുകാരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി, ഇതിനിടെ തിരൂര്‍ നഗരസഭാ അധ്യക്ഷ നസീമയ്ക്കടക്കം പോലീസിന്റെ മര്‍ദനം ഏറ്റെന്നാണ് പരാതി.
രണ്ട് വനിതാ പോലീസ് മാത്രമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്, ബാക്കിയെല്ലാവരും പുരുഷ പൊലീസുകാരായിരുന്നുവെന്നും ഇവര്‍ വളരെ മോശമായാണ് പെരുമാറിയതെന്നും നഗരസഭാ ചെയർപേഴ്സൺ നസീമ പറഞ്ഞു. നസീമയുടെ കൈക്ക് മുറിവേറ്റിട്ടുണ്ട്. പുരുഷ പൊലീസുകാര്‍ തന്നെ വലിച്ചിഴച്ച് കൊണ്ടുപോയെന്നും അവർ ആരോപിക്കുന്നു.
തിരൂർ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും പരിക്കേറ്റിട്ടുണ്ട്. ഒരു കൗൺസിലറെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. സർക്കാരിന്റെ നിർദ്ദേശമാണെന്നും അതിനാൽ എങ്ങനെയും നടപ്പിലാക്കുമെന്ന നിലപാടിലാണ് പോലീസെന്നും നസീമ കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധമാണ് കെ റെയിലിന് കല്ലിടുന്നതിനെതിരെ നടക്കുന്നത്.
Silver Line പദ്ധതിക്ക് കല്ലിടാന്‍ പിൻവശത്തുകൂടി മതിലുചാട്ടം; തടി കഷണങ്ങളുമായി ഓടിച്ച് സ്ത്രീകൾ
തിരുവനന്തപുരം: സിൽവർ ലൈൻ (Silver Line) പദ്ധതിക്കെതിരെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരം മുരുക്കുംപുഴയിൽ (Murkkumpuzha) കല്ലിടാൻ മതിൽ ചാടിയെത്തിയ കരാർ ജീവനക്കാരൻ വിനോദിനെ അവിടെ കൂടിയിരുന്ന സ്ത്രീകൾ തടി കഷണങ്ങളുമായി ഓടിച്ചു. മുരുക്കുംപുഴയിൽ ഫ്രാങ്ക്ളിൻ പെരേരയുടെ വീട്ടുവളപ്പിലായിരുന്നു സംഭവം.
മുൻവശത്തെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. കല്ലിടാനെത്തിയ ജീവനക്കാരൻ പിൻവശത്തെ മതിൽ ചാടിക്കടന്നതും ചില ആംഗ്യ വിക്ഷേപങ്ങൾ കാണിച്ചതുമാണ് സ്ത്രീകളെ പ്രകോപിപ്പിച്ചത്. ഈ സമയത്ത് പൊലീസും ഉണ്ടായിരുന്നില്ല. മറ്റുള്ളവർ പിടിച്ചു മാറ്റിയതിനാൽ അടി കൊള്ളാതെ ജീവനക്കാരൻ രക്ഷപ്പെട്ടു.
പിന്നീട് പൊലീസുമായെത്തി കല്ലിടാൻ ശ്രമിക്കവേ സിപിഎമ്മാണ് ജോലി നൽകിയതെന്നും കോൺഗ്രസ് കുത്തിത്തിരുപ്പുണ്ടാക്കുന്നുവെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ച വനിതാ സിപിഒ കെ ലീജയെ സ്ഥലത്തു നിന്നും മാറ്റണമെന്നും അതിനുശേഷം കല്ലിട്ടാൽ മതിയെന്നും സമരക്കാർ ആവശ്യപ്പെട്ടു. കല്ലിടൽ തടസ്സപ്പെട്ടതോടെ എസ്എച്ച്ഒ എച്ച് എൽ സജീഷിന്റെ നിർദേശപ്രകാരം ലീജയെ സ്ഥലത്തു നിന്നും മാറ്റി.
അതേസമയം, മുരുക്കുംപുഴ തോപ്പുംമുക്ക് സന മൻസിലിൽ നസീറ (55) വീട്ടുമുറ്റത്തു ഉദ്യോഗസ്ഥർ കല്ലിടുന്നതു കണ്ട് കുഴഞ്ഞുവീണു. സമീപത്തുള്ള ഡോക്ടർ എത്തി പ്രാഥമിക ശുശ്രൂഷകൾ നൽകി. രണ്ടു മാസം മുൻപ് ഗൃഹപ്രവേശം നടത്തിയ വീടിനു മുന്നിലാണ് കല്ലിട്ടത്. വീട് പൂർണമായി നഷ്ടപ്പെടും. റെയിൽവെയുടെ സ്ഥലത്ത് ഉദ്യോഗസ്ഥർ കുറ്റി നാട്ടിയത് കണ്ട് സമീപമുണ്ടായിരുന്ന റെയിൽവെ ഉദ്യോഗസ്ഥർ വിവരം ആരാഞ്ഞെത്തിയത് പൊലീസുമായുള്ള വാക്കേറ്റത്തിനു കാരണമായി. അവർ ഉന്നത ഉദ്യോഗസ്ഥർക്കു റിപ്പോർട്ട് നൽകിയതായാണ് വിവരം.
തോപ്പുംമുക്ക് പുത്തൻകോവിലിനു സമീപം മണക്കാട്ടുവിളാകം വീട്ടിൽ ആരതിയുടെ അച്ഛൻ ഗോപാലകൃഷ്ണനും പൊലീസുമായുള്ള വാക്കേറ്റം ഉന്തിലും തള്ളിലും കലാശിച്ചു. കല്ലിടാനെത്തിയ ജീവനക്കാരൻ തന്നെ ഹിന്ദിയിൽ അസഭ്യം പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായതെന്ന് വിമുക്ത ഭടൻ കൂടിയായ ഗോപാലകൃഷ്ണൻ പറഞ്ഞു. കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി കരിങ്കൊടിയും പിടിച്ചാണ് സമരക്കാർ ഇന്നലെ മുദ്രാവാക്യങ്ങൾ മുഴക്കി ഉദ്യോഗസ്ഥരെ പിന്തുടർന്നത്. മുഖ്യമന്ത്രി ധാർഷ്ട്യം കാണിക്കുകയാണെന്നും സ്വസ്ഥമായി കഴിഞ്ഞിരുന്ന കുടുംബങ്ങളെ വേർ പിരിക്കുകയാണെന്നും വീട്ടുകാർ പറഞ്ഞു. ഇനി വോട്ടു ചോദിക്കാനായി വരുന്ന മുഖ്യമന്ത്രിയുടെ പാർട്ടിക്കാരെ കാത്തിരിക്കുകയാണെന്നും സമരക്കാർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.