• HOME
  • »
  • NEWS
  • »
  • kerala
  • »
  • SSLC പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഹോട്ടലിൽ മറന്നുവെച്ചു; പരീക്ഷാ കേന്ദ്രത്തിലേക്ക് പോലീസ് ഉദ്യോഗസ്ഥർ ബുള്ളറ്റിൽ പറന്നത് 12 കിലോമീറ്റർ

SSLC പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഹോട്ടലിൽ മറന്നുവെച്ചു; പരീക്ഷാ കേന്ദ്രത്തിലേക്ക് പോലീസ് ഉദ്യോഗസ്ഥർ ബുള്ളറ്റിൽ പറന്നത് 12 കിലോമീറ്റർ

സ്കൂളിലേക്കുള്ള ബസിൽ കയറിയ വിദ്യാർഥികൾ 12 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അഞ്ചുപേരുടെയും ഹാൾ ടിക്കറ്റുള്ള ബാഗ് എടുക്കാൻ മറന്ന കാര്യം അറിഞ്ഞത്..

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    കണ്ണൂർ: SSLC പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് ചായ കുടിക്കാൻ കയറിയ ഹോട്ടലിൽ മറന്നുവെച്ചതോടെ അഞ്ച് വിദ്യാർഥികൾ പുലിവാല് പിടിച്ചു. എന്നാൽ പൊലീസിന്‍റെ അവസരോചിതമായ ഇടപെടൽ വിദ്യാർഥികൾക്ക് തുണയായി. കൃത്യസമയത്ത് തന്നെ മറന്നുവെച്ച ഹാൾടിക്കറ്റ് പൊലീസ് സംഘം ഹോട്ടലിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ അതിവേഗത്തിൽ എത്തിച്ചു നൽകി.

    പഴയങ്ങാടി മാട്ടൂൽ ഇർഫാനിയ ജൂനിയർ അറബിക് കോളജിലെ വിദ്യാർഥികളും പയ്യന്നൂർ, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളുമായ മുഹമ്മദ് സഹൽ, കെ.കെ.അൻഷാദ്, എം.അനസ്, ഒ.പി.ഷഹബാസ്, എം.പി.നിഹാൽ എന്നിവർ എസ്എസ്എൽസി രസതന്ത്രം പരീക്ഷ എഴുതാൻ ചട്ടഞ്ചാൽ മലബാർ ഇസ്‍ലാമിക് സ്കൂളിൽ എത്തിയപ്പോഴാണ് ഹാൾ ടിക്കറ്റ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.

    മാവേലി എക്സ്പ്രസിന് കാസർകോട് ഇറങ്ങിയ വിദ്യാർഥികൾ പുതിയ ബസ് സ്റ്റാൻഡിലെത്തി ഹോട്ടലിൽ ചായ കുടിക്കാൻ കയറിയിരുന്നു. അതിനിടെയാണ് ചട്ടഞ്ചാൽ ഭാഗത്തേക്കുള്ള ബസ് എത്തിയത്. തിടുക്കത്തിൽ ബസിൽ കയറിയ വിദ്യാർഥികൾ 12 കിലോമീറ്റർ പിന്നിട്ട് ചട്ടഞ്ചാൽ ഇറങ്ങിയപ്പോഴാണ് ഒരു ബാഗ് എടുക്കാൻ മറന്ന കാര്യം മനസിലാക്കിയത്. എസ്എസ്എൽസി പരീക്ഷ എഴുതാനുള്ള 5 വിദ്യാർഥികളുടെയും ഹാൾ ടിക്കറ്റ് ആ ബാഗിലായിരുന്നു. 9.30നു മുൻപ് ഹാൾ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ പരീക്ഷയെഴുതാൻ കഴിയില്ല. അപ്പോഴേക്കും സമയം ഒൻപത് മണികഴിഞ്ഞിരുന്നു.

    പരിഭ്രാന്തരായ വിദ്യാർത്ഥികൾ മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഓടിയെത്തി വിവരം പറഞ്ഞു. സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപൻ, സി.പി.ഒ ശ്രീജിത്ത് എന്നിവർ വിവരം കൺട്രോൾ റൂമിലേക്കും അവിടെ നിന്ന് സ്‌ട്രൈക്കർ ഫോഴ്‌സിലെ ഓഫീസർ പി.വി നാരായണനും കൈമാറി. തൊട്ടുപിന്നാലെ സ്‌ട്രൈക്കർ ഫോഴ്‌സിലെ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ , മുകേഷ് എന്നിവർ ചട്ടഞ്ചാലിലേക്ക് പായുകയായിരുന്നു.

    സമയത്തിന്റെ മൂല്യമറിഞ്ഞ് പോലീസ്, വിദ്യാർഥികൾ ചായ കുടിച്ച ഹോട്ടലിൽ ചെന്ന് ബാഗ് കണ്ടെടുത്തു. കുട്ടികളെ മേൽപ്പറമ്പ് സ്റ്റേഷനിൽ നിന്ന് പോലീസ് വാഹനത്തിൽ സ്കൂളിൽ എത്തിക്കുകയും ചെയ്തു. എന്നാൽ സമയത്ത് ഹാൾ ടിക്കറ്റ് സ്കൂളിൽ എത്തിക്കാനാകുമെന്ന് വിദ്യാർഥികൾ പോലും കരുതിയില്ല. ഇതോടെ അവരും സങ്കടത്തിലായി. എന്നാൽ കൃത്യം 9.30 ആകുന്നതിന് തൊട്ടുമുമ്പ് ഹാൾ ടിക്കറ്റ് അടങ്ങിയ ബാഗുമായി പൊലീസുകാർ ബുള്ളറ്റിൽ കുതിച്ചെത്തി.

    സമയത്ത് തന്നെ കുട്ടികൾ പോലീസുകാർക്ക് നന്ദി പറഞ്ഞ് പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചു. പരീക്ഷ കഴിഞ്ഞതിന് ശേഷം പോലീസ് സ്റ്റേഷനിൽ എത്തി മധുരപലഹാരം നൽകിയ ശേഷമാണ് പഴയങ്ങാടിയിലേക്ക് ഈ കുട്ടികൾ മടങ്ങിയത്.

    Published by:Anuraj GR
    First published: