മരംമുറിക്കാനുള്ള കത്ത് ചോര്‍ന്ന സംഭവത്തില്‍ പൊലീസ് കേസ്; സിപിഐയില്‍ വിവാദം കൊഴുക്കുന്നു
മരംമുറിക്കാനുള്ള കത്ത് ചോര്‍ന്ന സംഭവത്തില്‍ പൊലീസ് കേസ്; സിപിഐയില്‍ വിവാദം കൊഴുക്കുന്നു
ഒപ്പിട്ടത് താനാണെങ്കിലും കത്ത് തന്റെതല്ലെന്നും ലെറ്റര്പാര്ഡും സീലും ദുരൂപയോഗം ചെയ്തെന്നും കാണിച്ച് മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് എസ് പിക്ക് പരാതി നല്‍കിയിരുന്നു.
കോഴിക്കോട്: പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ മലപ്പുറം ജില്ലാസെക്രട്ടറി പി കെ കൃഷ്ണദാസ് കാനം രാജേന്ദ്രന് അയച്ച കത്ത് ചോര്‍ന്നതിലാണ് സിപിഐയില്‍ പുതിയ വിവാദം. നിലമ്പൂരിലെ സ്വതന്ത്ര ടിമ്പര്‍ മര്‍ച്ചന്റ് അസോയിയേഷന് പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയ്ക്ക് കത്ത് നല്‍കിയിരുന്നു. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഈ കത്ത് സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസിന്റെ ലെറ്റര്‍പാഡില്‍ മറ്റൊരു കത്തും 2020 സെപ്തംബര്‍ 11ന് കാനം രാജേന്ദ്രന് അയച്ചിരുന്നു. ഈ കത്താണ് കഴിഞ്ഞ ദിവസം ചോര്‍ന്നത്. ഒപ്പിട്ടത് താനാണെങ്കിലും കത്ത് തന്റെതല്ലെന്നും ലെറ്റര്പാര്ഡും സീലും ദുരൂപയോഗം ചെയ്തെന്നും കാണിച്ച് മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് എസ് പിക്ക് പരാതി നല്‍കിയിരുന്നു.
പി കെ കൃഷ്ണദാസിന്റെ ഒപ്പം സീലും ലെറ്റര്പാര്ഡും ദുരൂപയോഗം ചെയ്തെന്ന ആരോപണം ചെന്നുപതിക്കുന്നത് സിപിഐയിലെ തന്നെ മറ്റ് ചിലരിക്കേണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും കത്ത് ചോര്‍ന്നത് സിപിഐയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കര്‍ഷകര്‍ക്ക് പട്ടയഭൂമിയിലെ മരങ്ങള്‍ മുറിയ്ക്കാനാണ് ഉത്തരവിറക്കിയതെന്ന് സിപിഐ ആവര്‍ത്തിച്ചുപറയുമ്പോഴാണ് സംഭവത്തില്‍ മരക്കച്ചവടക്കാരുടെ ഇടപെടലും പുറത്തുവന്നിരിക്കുന്നത്. മരക്കച്ചവടക്കാര്‍ക്ക് വേണ്ടി താനിങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്ന് സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ന്യൂസ് 18നോട് പറഞ്ഞു. കൃഷ്ണദാസ് അറിയാതെ മറ്റാരോ എഴുതിയതയാണ് കത്തെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. കത്ത് ചോര്‍ത്തി ന്യൂസ് 18ന് നല്‍കിയതിനെക്കുറിച്ചും സിപിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരംമുറി സംഭവത്തില്‍ പ്രതിരോധത്തിലായ സിപിഐയ്ക്ക് കടുത്ത പ്രഹരമായിരിക്കുകയാണ് കത്ത് വിവാദം.
അതേസമയം വയനാട്ടിലെ മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ജനുവരിയിലാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചു കടത്തിയത്. വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. മുട്ടില്‍ വില്ലേജിലെ പലയിടങ്ങളില്‍ നിന്ന് മുറിച്ചുകടത്തിയ 247ക്യുബിക് മീറ്റര്‍ ഈട്ടിത്തടികളാണ് പിടികൂടിയത്. മൊത്തം 505 ക്യുബിക് മീറ്റര്‍ ഈട്ടിത്തടികള്‍ മുറിച്ചതായാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍.
മുട്ടില്‍ മരംമുറിക്കേസ് പ്രതിപക്ഷം ഏറ്റെടുത്ത് നിയമസഭയില്‍ ബഹളമായതോടെയാണ് അന്വേഷണത്തിന് ജീവന് വച്ചിട്ടുണ്ട്. മരംമുറി കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. റവന്യുവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മേപ്പാടി റെയ്ഞ്ചിന് കീഴിലെ മരംമുറിയുമായി ബന്ധപ്പെട്ട് അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരായ വനപാലകര്‍ക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ല.കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകര്‍ക്ക് മരംമുറിയ്ക്കാമെന്ന ഉത്തരവിന്റെ മറവിലാണ് വയനാട്ടില്‍ 15 കോടിയുടെ ഈട്ടിക്കൊള്ള അരങ്ങേറിയത്. പ്രതികള്‍ക്കെതിരെ ജൈവവൈവിധ്യ സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് കേസെടുത്തതോടെ ജാമ്യമില്ലാ വകുപ്പുകളായി എല്ലാ കേസുകളും മാറിയിരുന്നു.
മുട്ടില്‍ ഈട്ടിക്കൊള്ളക്കേസില്‍ അറസ്റ്റിലായ റോജി, ആന്റോ, ജോസൂട്ടി എന്നിവര്‍ക്കെതിരെ വനംവകുപ്പ് 42 കേസുകളെടുത്തിട്ടുണ്ട്. മരംമോഷണം ഉള്‍പ്പെടെ അഞ്ച് പൊലീസ് കേസുകളും. പ്രതികളെ തിങ്കളാഴ്ച്ച മുതല്‍ കസ്റ്റഡിയില്‍ കിട്ടാന്‍ വനംവകുപ്പ് കോടതിയില്‍ ആവശ്യപ്പെടും. വനത്തില്‍ നിന്ന് മരങ്ങള്‍ മുറിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് വനംവകുപ്പ്. അങ്ങനെയെങ്കില്‍ ഈ സ്ഥലങ്ങളില്‍ പ്രതികളെകൊണ്ടുപോയി വനംവകുപ്പ് തെളിവെടുപ്പ് നടത്തും. വയനാട്, എറണാകുളം ജില്ലകളില്‍ പൊലീസും പ്രതികളുമായി തെളിവെടുപ്പ് നടത്തും.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.