ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ തിരുവാഭരണ മാലയിലെ രുദ്രാക്ഷമണികൾ കാണാതായ സംഭവം പുറത്ത് വന്നിട്ട് ഏറെ ദിവസങ്ങളായി. ആദ്യം ദേവസ്വം ബോർഡ് നേരിട്ട് അന്വേഷണം നടത്തിയിരുന്നു. തിരുവാഭരണ കമ്മീഷണർ എസ്. അജിത്കുമാർ ആണ് ക്ഷേത്രത്തിലെത്തി മാല അടക്കം പരിശോധിച്ച് ദേവസ്വംബോർഡിന് റിപ്പോർട്ട് നൽകിയത്.
അന്നുതന്നെ ദേവസ്വം വിജിലൻസ് എസ്.പി.പി. ബിജോയ് നടത്തിയ പരിശോധനയിലും മാലയുടെ തൂക്കത്തിൽ മൂന്നു ഗ്രാം കുറവുണ്ട് എന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ദേവസ്വം വിജിലൻസാണ് പോലീസിന് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് സ്വീകരിച്ചാണ് ഏറ്റുമാനൂർ പോലീസ് മോഷണത്തിന് എഫ്ഐആർ ഇട്ട കേസ് രജിസ്റ്റർ ചെയ്തത്.
ഏറ്റുമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ 12 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മുൻ മേൽശാന്തി അടക്കമുള്ളവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. 2006 മുതലുള്ള ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. എന്നാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഒന്നും ഇല്ല എന്നാണ് പോലീസ് നൽകുന്ന വിവരം. പ്രധാനപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തി എങ്കിലും നിർണായകമായ വെളിപ്പെടുത്തലുകൾ ഒന്നും ഉണ്ടായിട്ടില്ല എന്നും പോലീസ് പറയുന്നു.
വഴിപാടായി മാല നൽകിയ മുൻ ദേവസ്വം ജീവനക്കാരന്റെ മൊഴി നാളെ രേഖപ്പെടുത്തും. മാലയുടെ അളവും തൂക്കവും സംബന്ധിച്ച് ദേവസ്വം ബോർഡ് രേഖകളിൽ ഉള്ളതിൽ നിന്ന് വ്യത്യസ്തമായി മൊഴി വന്നാൽ അത് നിർണായകമാകും എന്ന പൊലീസ് കരുതുന്നു. അതേസമയം മാലയിലെ മുത്തുകളുടെ എണ്ണം എന്നതിനപ്പുറം മൂന്നു ഗ്രാം കുറവ് വന്നു എന്നത് നിർണായകമാണ്.
ക്ഷേത്ര ശ്രീകോവിലിനുള്ളിലാണ് ഈ മാല സൂക്ഷിക്കുന്നത്. അഭിഷേകം ചെയ്യുമ്പോൾ അടക്കം ഈ മാല അണിയാറുണ്ട്. അതുകൊണ്ടുതന്നെ മാലയുടെ കാലപ്പഴക്കമടക്കം പരിശോധിക്കുന്നതിനും തടസ്സങ്ങൾ ഉണ്ടെന്ന് പോലീസ് പറയുന്നു. ഏറെ പഴക്കമുള്ള മാലയാണെങ്കിൽ ഡിസൈനും മറ്റും പരിശോധിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയുമായിരുന്നു. സമീപകാലത്ത് തന്നെ സമർപ്പിക്കപ്പെട്ടു എന്നത് അന്വേഷണത്തിൽ വെല്ലുവിളിയാകുന്നു.
23 ഗ്രാം തൂക്കമുള്ള മാലയിലെ ഒൻപതു മണികളാണ് കാണാതായത്. ദേവസ്വം രേഖകളിൽ പാളിച്ച ഉണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ചെറിയതോതിൽ ആണ് സ്വർണത്തിൽ കുറവ് വന്നതെങ്കിലും ദേവസ്വം ബോർഡിനെയും പോലീസിനെയും ആകെ കുഴയ്ക്കുന്ന വിഷയമായി ഇത് മാറിക്കഴിഞ്ഞു.
മാല മാറ്റിവെച്ചതാണോ എന്ന സംശയവും പോലീസിന് ഉണ്ട്. എന്നാൽ ഇതു സംബന്ധിച്ച രേഖകൾ ഒന്നും ദേവസ്വം ബോർഡിൽ ഇല്ല. ആദ്യം ഉണ്ടായിരുന്ന 82 മണികളുള്ള മാലയ്ക്ക് പകരം 71 മണികളുള്ള പുതിയ മാല വെച്ചതാണോ എന്നാണ് പ്രധാന സംശയം. നിലവിലുള്ള മാലയിൽ വിളക്കിച്ചേർക്കലുകൾ ഒന്നും ഇല്ലാത്തതിനാലാണ് മാല മാറ്റിവെച്ചതാണോ എന്ന് സംശയം ഉയരുന്നത്. മുത്തുമണികൾ കാണാതായ സംഭവത്തിൽ ഭക്തരുടെ ഇടയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ ഒത്തുകളിക്കുന്നതായി ഭക്തജന സംഘടനകൾ ആരോപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.