ആലപ്പുഴ: ഓണക്കാലത്ത് ഓൺലൈൻ വടംവലി മത്സരം നടത്താനിറങ്ങിയ പൊലീസ് വെട്ടിലായി. ഇത് ഇത്രവലിയ പൊല്ലാപ്പാകുമെന്ന് മാവേലിക്കര പൊലീസ് കരുതിയതേയില്ല. മത്സരത്തിൽ ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങളെ തുടർന്ന് വിജയിയെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്. ഇന്ന് വിജയിയെ പ്രഖ്യാപിക്കും.
പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഓൺലൈൻ മത്സരം നടത്തിയത്. മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവേലിക്കര നഗരസഭയെയും തഴക്കര, തെക്കേക്കര, ചെട്ടികുളങ്ങര പഞ്ചായത്തുകളെയും ടീമുകളാക്കിയാണ് മത്സരം. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ടീം വിജയിക്കുമെന്നായിരുന്നു അറിയിപ്പ്.
ഫൈനലിൽ ചെട്ടികുളങ്ങരയും തഴക്കരയും ഏറ്റുമുട്ടിയപ്പോഴാണ് കളി മാറിയത്. ഇരുപക്ഷവും സമൂഹമാധ്യമങ്ങളിലൂടെ പോർവിളികളും വെല്ലുവിളികളുമായി കളം നിറഞ്ഞു. ടീമിന് ലൈക്ക് ചെയ്യുന്നവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനം വാഗ്ദാനം ചെയ്ത് വീടുവീടാന്തരം കയറിഇറങ്ങി.
ബുധനാഴ്ച രാത്രി പത്തിന് മത്സരം അവസാനിക്കുന്നതിന് മുൻപ് വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ വരെ കൂട്ടമായി ടീമുകൾക്ക് ലൈക്കുമായെത്തി. സോഫ്റ്റ് വെയർ ഉപയോഗിച്ച് നൂറുകണക്കിന് ലൈക്കുകൾ വ്യാജ അക്കൗണ്ടുകളിലൂടെ ചെയ്തതായാണ് സംശയം ഉയർന്നത്. ഇതേ തുടർന്നാണ് ലൈക്ക് ചെയ്തവരുടെ വ്യാജ അക്കൗണ്ടുകൾ കണ്ടെത്താനുള്ള ജോലി സൈബർ സെല്ലിനെ ഏൽപ്പിച്ചത്. വ്യാജന്മാരെ കുടുക്കുമെന്ന മുന്നറിയിപ്പും പൊലീസ് നൽകി കഴിഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.