തിരുവനന്തപുരം പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികൾ കൃത്രിമം കാട്ടിയെന്ന് കണ്ടെത്തിയതോടെ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ആശങ്കയിൽ. റാങ്ക് പട്ടികയിൽ പതിനൊന്നായിരത്തോളം പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ റാങ്ക് പട്ടിക തന്നെ റദ്ദാക്കുമോയെന്ന ആശങ്കയിലാണ് ഇവർ. നിലവിൽ ആദ്യ നൂറ് റാങ്കുകളിൽ ഉൾപ്പെട്ടവരെക്കുറിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചതെങ്കിലും റാങ്ക് പട്ടിക റദ്ദാക്കണമെന്ന ആവശ്യം ചിലർ ഉന്നയിച്ചതാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്.
'കഷ്ടപ്പെട്ട് പഠിച്ചാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതെന്നും ഇത് റദ്ദാക്കരുത്'- എസ്.എ.പി കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ഷിബിൻ ന്യൂസ് 18നോട് പറഞ്ഞു. 'ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് എത് അന്വേഷണത്തിനും തയ്യാറാണ്, ലിസ്റ്റ് റദ്ദാക്കരുതെന്നും ഷിബിൻ ആവശ്യപ്പെടുന്നു. 'ക്രമക്കേട് നടത്തിയവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ഇവർക്ക് പി.എസ്.സി പരീക്ഷകളിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും വേണം. എന്നാൽ റാങ്ക് ലിസ്റ്റ് റദ്ദാക്കരുത്. ഈ ആവശ്യം ഉന്നയിച്ച് ഗവർണർക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പി.എസ്.സി ചെയർമാനും നിവേദനം നൽകിയിട്ടുണ്ട്'- ഷിബിൻ പറഞ്ഞു. വരുംദിവസങ്ങളിൽ ഗവർണറെയും മുഖ്യമന്ത്രിയിയെയും നേരിട്ട് കണ്ട് നിവേദനം നൽകും. റാങ്ക് പട്ടിക റദ്ദാക്കുന്ന സ്ഥിതിയുണ്ടായാൽ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്‍റെ തീരുമാനം.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജോലി ലഭിക്കുന്ന അവസ്ഥയിൽ റാങ്ക് പട്ടിക റദ്ദാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുന്നത് നിരാശജനകമാണെന്ന് ലിസ്റ്റിൽ ഉൾപ്പെട്ട ജിഷ്ണു ചന്ദ്രപ്രഭ പറഞ്ഞു. 'മൂന്നുപേർ ചെയ്ത തെറ്റിന് പട്ടികയിൽ ഉൾപ്പെട്ട ആയിരകണക്കിന് ആളുകൾ ശിക്ഷ അനുഭവിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം തകർക്കപ്പെടുന്നതുപോലെയാണിത്. കേന്ദ്ര സർവ്വീസ് പരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തുമ്പോൾ, പട്ടിക റദ്ദാക്കുന്ന സ്ഥിതിയില്ല. ക്രമക്കേട് നടത്തിയവരെ കണ്ടെത്തി വിലക്കുകയും അവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടത്'- ജിഷ്ണു പറഞ്ഞു.
2017ൽ വിജ്ഞാപനം വന്ന പൊലീസ് കോൺസ്റ്റബിൾ പരീക്ഷ 2018 ജൂണിലാണ് നടത്തിയത്. നിപ്പ കാരണം ഒരു തവണ മാറ്റിവെച്ച പരീക്ഷയുടെ മൂല്യനിർണയം പ്രളയം കാരണം വൈകുകയും ചെയ്തു. പിന്നീട് 2019 മാർച്ച് അവസാനത്തോടെയാണ് ഷോർട്ട് ലിസ്റ്റ് വന്നത്. മെയ് മാസം ഫിസിക്കൽ പരീക്ഷ നിശ്ചയിച്ചെങ്കിലും ആവശ്യത്തിന് സമയം നൽകിയില്ലെന്ന കാരണം പറഞ്ഞു ചിലർ ട്രൈബ്യൂണലിനെ സമീപിച്ചു. എന്നാൽ ഈ ഹർജി തള്ളി. ഇതോടെയാണ് മെയ് മാസത്തിൽ ഫിസിക്കൽ നടത്തി ജൂലൈയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിൽ കെഎപി നാല് ബറ്റാലിയനിലാണ് യൂണിവേഴ്സിറ്റി കോളേജ് പ്രതികളായ ശിവരഞ്ജിത്ത് ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നേടിയത്. നസീമിന് 28-ാം റാങ്കാണ് ലഭിച്ചത്. ഒരു വനിത ബറ്റാലിയൻ ഉൾപ്പെടെ എട്ട് ബറ്റാലിയനുകളുടെ റാങ്ക് പട്ടികയിലായി 10940 പേർ പ്രധാന പട്ടികയിലും ഉപപട്ടികയിലും ഇടംനേടി.
എന്നാൽ ഇവർ കത്തിക്കുത്ത് കേസിൽ ഉൾപ്പെടുകയും ഇവരുടെ വീടുകളിൽനിന്ന് യൂണിവേഴ്സിറ്റി ഉത്തരക്കടലാസ് പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് പി.എസ്.സി പരീക്ഷ സംശയത്തിന്‍റെ നിഴലിലായത്. പിന്നീട് പി.എസ്.സി ഇന്‍റലിജൻസ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു. ശിവരഞ്ജിത്തിന്‍റെയും പ്രണവിന്‍റെയും ഫോണുകളിലേക്ക് നിരവധി എസ്.എം.എസുകൾ വന്നതായും വ്യക്തിമായി. ഇതേത്തുടർന്ന് ഈ മൂന്നുപേരെയും റാങ്ക് പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Civil police officer, KAP Battalion, Police constable, Police constable rank holders, PSC Exam Scam, Psc vigilance, Scam in the exam