സുരക്ഷാ ഭീഷണി: സെക്രട്ടേറിയേറ്റിന് മുന്നിലെ സമര പന്തലുകൾ പൊളിച്ചു നീക്കണമെന്ന് പൊലീസ്  

ഇടത് സർക്കാരിന് കീഴിൽ വരുന്ന പോലീസ് ഇത്തരത്തിലൊരു നടപടിയെടുക്കാൻ പാടില്ലെന്ന് ഷഹീൻ ബാഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്ന സമരക്കാർ

News18 Malayalam | news18-malayalam
Updated: February 16, 2020, 6:49 PM IST
സുരക്ഷാ ഭീഷണി: സെക്രട്ടേറിയേറ്റിന് മുന്നിലെ സമര പന്തലുകൾ പൊളിച്ചു നീക്കണമെന്ന് പൊലീസ്  
ഇടത് സർക്കാരിന് കീഴിൽ വരുന്ന പോലീസ് ഇത്തരത്തിലൊരു നടപടിയെടുക്കാൻ പാടില്ലെന്ന് ഷഹീൻ ബാഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്ന സമരക്കാർ
  • Share this:
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ ദിവസങ്ങളായി തുടരുന്നത് രണ്ട് സമരങ്ങളാണ്. ഷഹീൻ ബാഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള സമരവും വാളയാറിലെ പെൺകുട്ടികൾക്ക് നീതി തേടിയുള്ള സമരവും. ഈ സമര പന്തലുകൾ രണ്ട് ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കണമെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദേശം. ഇത് ചൂണ്ടിക്കാട്ടി കന്റോൺമെന്റ് പോലീസ് നോട്ടീസ് നൽകി.

സെക്രട്ടേറിയറ്റിന്റെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് പന്തൽ കെട്ടിയിരിക്കുന്നത്. ഇത് സുരക്ഷാ പ്രശ്നമുണ്ടാക്കുന്നു എന്നാണ് നോട്ടീസിൽ പറയുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങളെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്ന ഇടത് സർക്കാരിന് കീഴിൽ വരുന്ന പോലീസ് ഇത്തരത്തിലൊരു നോട്ടീസ് നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് ഷഹീൻ ബാഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്ന സമരക്കാർ വ്യക്തമാക്കുന്നു.

Also read: പൗരത്വ ഭേദഗതി നിയമവും കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും രാജ്യത്തിന് വേണ്ടി: പ്രധാനമന്ത്രി

പൗരത്വ നിയമ ഭേദഗതി പിൻവലിക്കും വരെ സമരത്തിൽ നിന്നും പിന്മാറില്ലെന്നും സമരക്കാർ കൂട്ടിച്ചേർക്കുന്നുണ്ട്. സമരത്തിന് പിന്തുണ അർപ്പിച്ച് സിപിഎം- സിപിഐ നേതാക്കളടക്കം വേദിയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പന്തൽ പൊളിക്കാൻ പോലീസ് നോട്ടീസ് നൽകിയത്. അതെസമയം തങ്ങൾക്കെതിരായ സമരം അടിച്ചമർത്താൻ ശ്രമിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് വാളയാർ സമര സമിതി ആരോപിക്കുന്നു. ഇതിന്റെ ഭാഗമായാണ് പന്തൽ പൊളിച്ചു നീക്കണമെന്ന പോലീസിന്റെ നോട്ടീസ്. വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കുന്നത് വരെ സമരം തുടരും. അതിനാൽ പെൺകുട്ടികൾക്ക് നീതി ലഭിക്കാതെ സമര പന്തൽ പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വാളയാർ സമര സമിതി.

നോട്ടീസ് നൽകിയത് പോലീസ് ആണെങ്കിലും പന്തൽ പൊളിച്ചു നീക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് നഗരസഭയാണ്. പന്തൽ പൊളിച്ചു നീക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്നാണ് നഗരസഭയുടെ വിശദീകരണം.ഏതായാലും ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ നീക്കമുണ്ടായാൽ അത് ചെറുക്കാൻ തന്നെയാണ് സമരക്കാരുടെ തീരുമാനം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 16, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍