നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ മുത്തുമാല മാറ്റി വെച്ചതുതന്നെ; കണ്ടെത്തിയത് പൊലീസ് നടത്തിയ ശാസ്ത്രീയപരിശോധന

    ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ മുത്തുമാല മാറ്റി വെച്ചതുതന്നെ; കണ്ടെത്തിയത് പൊലീസ് നടത്തിയ ശാസ്ത്രീയപരിശോധന

    ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ നിർണായക പരിശോധന വിവരമാണ് പോലീസ് പുറത്തുവിട്ടത്

    • Share this:
    ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ നിർണായക പരിശോധന വിവരമാണ് പോലീസ് പുറത്തുവിട്ടത്. ഇന്ന് ക്ഷേത്രത്തിൽ നടത്തിയ പരിശോധനയിൽ നിലവിലുള്ള മാല പഴയ മാല അല്ല എന്ന് സ്ഥിരീകരിച്ചു. ഇപ്പോൾ ക്ഷേത്രത്തിലുള്ള മാലയ്ക്ക് രണ്ടു വർഷം മുതൽ മൂന്നുവർഷം വരെ മാത്രമാണ് പഴക്കമുള്ളത് എന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഏറ്റുമാനൂർ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആണ് ഇന്ന് ക്ഷേത്രത്തിൽ പരിശോധന നടത്തിയത്. സ്വർണത്തെ കുറിച്ച് പരിശോധിക്കാനുള്ള വിദഗ്ധരും പൊലീസിനൊപ്പം ക്ഷേത്രത്തിലെത്തി.

    ഏറ്റുമാനൂർ ക്ഷേത്രത്തിലെ മാല കാണാതായ സംഭവത്തിൽ നിർണായകമായ പരിശോധന വിവരമാണ് ഇപ്പോൾ വന്നത് എന്ന് പൊലീസ് വിലയിരുത്തുന്നു. അതേസമയം മാലമോഷണം പോയതാണോ എന്ന കാര്യത്തിൽ ഇനിയും അവ്യക്തത തുടരുകയാണ്. ആരെങ്കിലും ബോധപൂർവ്വം മോഷ്ടിച്ചതാണ് എങ്കിൽ പകരം വെച്ചത് എന്തുകൊണ്ട് എന്ന ചോദ്യം ആണ് അവശേഷിക്കുന്നത്. കേവലം പഴയ മാലയിൽ നിന്ന്  മൂന്ന് ഗ്രാം മാത്രമാണ് ഇപ്പോഴുള്ള മാലയ്ക്ക് കുറവ്. ആദ്യം ഉണ്ടായിരുന്ന 82 മുത്തുകളിൽ 9 മുത്തുകളുടെ കുറവാണ് ഇപ്പോഴത്തെ മാലയിൽ കണ്ടെത്തിയത്.

    പുതിയ വിവരം പുറത്തുവന്നതോടെ പഴയ മേൽശാന്തിമാരെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം നടത്തുന്നത്. കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാറാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്. വൈകാതെ മേൽശാന്തിമാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന്  പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

    അതിനിടെ ഈ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി എടുക്കാൻ ദേവസ്വംബോർഡ് തീരുമാനിച്ചിരുന്നു.ആറ് ഉദ്യോഗസ്ഥർക്കെതിരെ ആണ് അച്ചടക്ക നടപടി എടുക്കാൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. അച്ചടക്ക നടപടി എടുക്കുന്നതിന് മുന്നോടിയായി  ഇവർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. തിരുവാഭരണം കമ്മീഷണർ എസ് അജിത് കുമാർ വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,
    മുൻ അസിസ്റ്റൻറ് കമ്മീഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
    എന്നിവർക്കെതിരെയാണ് നടപടിക്ക് മുന്നോടിയായി ദിവസം കൂടെ നോട്ടീസ് നൽകിയത്.ഈ ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ദേവസ്വം ബോർഡ് വിജിലൻസ് എസ് പി ബിജോയ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് നോട്ടീസ് നൽകിയത്.

    അതിനിടെ ക്ഷേത്രം മേൽശാന്തിക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകണമെന്നും ബോർഡ് ശുപാർശ ചെയ്തിരുന്നു. വിജിലൻസ് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. ഇക്കാര്യം പോലീസിനോട് ശുപാർശ ചെയ്യാനാണ്  തീരുമാനിച്ചിരുന്നത്.നേരത്തെ തന്നെ ദേവസ്വം ബോർഡ് വിജിലൻസ് നൽകിയ പ്രാഥമിക റിപ്പോർട്ട് പരിഗണിച്ചാണ് പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നത്.
    ഏതായാലും വൈകാതെ ഈ വിഷയത്തിൽ ഒരു വ്യക്തത കൈവരുത്താൻ ആകും എന്നാണ് പോലീസ് കരുതുന്നത് .
    Published by:Karthika M
    First published:
    )}