തിരുവനന്തപുരം: പീഡന പരാതി ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ മന്ത്രി എ. കെ ശശീന്ദ്രന് ക്ലീൻ ചിറ്റ് നൽകി പൊലീസ്. പരാതി പിന്‍വലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാല്‍ മന്ത്രിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് പൊലീസ് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രശ്നം "നല്ലരീതിയില്‍ പരിഹരിക്കണം" എന്ന് മാത്രമാണ് മന്ത്രി, പെൺകുട്ടിയുടെ പിതാവിനോട് പറഞ്ഞത്. ഇരയോട് മന്ത്രി സംസാരിച്ചിട്ടില്ല. അച്ഛനോട് മാത്രമാണ് സംസാരിച്ചത്. ഇരയുടെ പേരോ മറ്റോ മന്ത്രി പരാമര്ശിച്ചട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
കേസ് പിന്‍വലിക്കണമെന്ന ഭീഷണി ഫോണ്‍ സംഭാഷണത്തില്‍ ഉണ്ടായിട്ടില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന യൂത്ത് ലീഗ് നേതാവിന്റെ പരാതിയിലാണ് പൊലീസ് നിയമോപദേശം തേടിയത്. പരാതിക്കാരന്റെയും യുവതിയുടെയും മൊഴി രേഖപ്പെടുത്തിയെന്നും ഫോണ്‍സംഭാഷണം വിശദമായി പരിശോധിച്ചതായും പൊലീസ് വ്യക്തമാക്കുന്നു.
എ കെ ശശീന്ദ്രന് എതിരെ പോലീസിന് കുണ്ടറ പീഡന കേസിലെ പരാതിക്കാരിയായ യുവതി മൊഴി നൽകിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 21നാണ് മൊഴി നൽകിയത്. ഫോൺ വിളിച്ച് പീഡന പരാതി അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ് മൊഴി. മന്ത്രിക്കെതിരെ ഗവർണർക്കും പരാതി നൽകി. പരാതി നൽകി 24 ദിവസത്തിനു ശേഷമാണ് യുവതിയിൽ നിന്ന് കുണ്ടറ പോലീസ് മൊഴി ശേഖരിച്ചത്. മന്ത്രിയുടെ ഫോൺ വിളി സംബന്ധിച്ച് പെൺകുട്ടി പോലീസിന് മൊഴി നൽകി.
Also Read-
പീഡന പരാതി ഒതുക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടെന്ന് ആരോപണം: ശബ്ദരേഖ പുറത്ത്രാഷ്ട്രീയമായി സി പി എമ്മിന്റെയും എൻസിപിയുടെയും പിന്തുണ മന്ത്രിക്ക് ലഭിക്കുന്നുണ്ടെങ്കിലും നിയമക്കുരുക്ക് എന്ന വൈതരണി ശശീന്ദ്രന് മുന്നിലുണ്ട്. മന്ത്രിക്ക് ഭരണഘടനാപരമായ അവകാശങ്ങൾ ലഭിക്കുമെന്നതിനാൽ പോലീസിൽ പരാതി നൽകിയിട്ട് കാര്യമായ പ്രയോജനം ഉണ്ടാകും എന്ന് കരുതുന്നില്ലെന്ന് പെൺകുട്ടി അന്ന് പറഞ്ഞു. പൊലീസിൽ വിശ്വാസമില്ലാത്തതു കൊണ്ടുകൂടിയാണ് ഗവർണർക്ക് പരാതി നൽകിയത്. തെറ്റു ചെയ്ത മന്ത്രിക്കൊപ്പം ആണ് മുഖ്യമന്ത്രി. താൻ പോലീസിന് മൊഴി നൽകുന്നതിൽ നിന്ന് നിസ്സഹകരിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം കളവാണ്. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും പെൺകുട്ടി പറഞ്ഞു.
പരാതി നൽകി 24 ദിവസത്തിനുശേഷം കുണ്ടറ പോലീസ് പെൺകുട്ടിയിൽ നിന്നു മൊഴി രേഖപ്പെടുത്തി. മന്ത്രി ഇടപെട്ട വിവരം പുറത്തുവന്നു രണ്ടു ദിവസവും പിന്നിട്ടു. നേരത്തെ മൊഴി നൽകുന്നതിനോട് സഹകരിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ല. മൊഴിയെടുക്കുന്നത് സംബന്ധിച്ച് പോലീസിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഒരറിയിപ്പും ഉണ്ടായില്ലെന്നും പരാതിക്കാരി പറഞ്ഞു.
മന്ത്രി ഫോൺ വിളിച്ചത് ഉൾപ്പെടെ പരാതിക്കാരി പൊലീസിനു മൊഴി നൽകി. മന്ത്രി ഒത്തുതീർപ്പിന് സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് മൊഴി. എൻ സി പി നേതാവ് ജി. പത്മാകരൻ , പത്മാകരന്റെ സ്ഥാപനത്തിലെ ജീവനക്കാരൻ രാജീവ് എന്നിവർക്കെതിരെയും മൊഴി നൽകി.
ശശീന്ദ്രന്റേത് സത്യപ്രതിജ്ഞാലംഘനമാണെന്ന് പരാതിക്കാരിയുടെ വീടു സന്ദർശിച്ച ശേഷം ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. നിയമപോരാട്ടത്തിന് പെൺകുട്ടിക്ക് ബിജെപി പൂർണ പിന്തുണ നൽകും. മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പച്ചക്കള്ളമാണ്. പോലീസ് കഴിഞ്ഞ രണ്ടു ദിവസവും മൊഴി രേഖപ്പെടുത്താൻ പെൺകുട്ടിയെ സമീപിച്ചിട്ടില്ല. സ്ത്രീകളെ ആകെ അപമാനിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ശശീന്ദ്രനെ സഹായിക്കുന്നതിലൂടെ മുഖ്യമന്ത്രിയും സമാന തെറ്റ് ചെയ്തിരിക്കുന്നു. ശശീന്ദ്രന് മുഖ്യമന്ത്രി കുട പിടിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.