നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Maveli Express | മാവേലി എക്സ്പ്രസിൽ മർദ്ദനമേറ്റത് കൂത്തുപറമ്പ് സ്വദേശി ഷമീറിന്; സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്

    Maveli Express | മാവേലി എക്സ്പ്രസിൽ മർദ്ദനമേറ്റത് കൂത്തുപറമ്പ് സ്വദേശി ഷമീറിന്; സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്

    മാലമോഷണം, ഭണ്ഡാരം കവർച്ച തുടങ്ങി അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷമീർ എന്ന് പോലീസ് വ്യക്തമാക്കി

    Maveli Express issue

    Maveli Express issue

    • Share this:
      കണ്ണൂർ: മാവേലി എക്സ്പ്രസിൽ പോലീസ് മർദ്ദനമേറ്റ യാത്രക്കാരൻ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്ന് വ്യക്തമായി. കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി സ്വദേശി പൊന്നൻ എന്ന ഷമീറിനെ പോലീസ് തിരിച്ചറിഞ്ഞു. മാലമോഷണം, ഭണ്ഡാരം കവർച്ച തുടങ്ങി അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷമീർ എന്ന് പോലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ കൂത്തുപറമ്പ് സ്റ്റേഷനിൽ തന്നെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയതിലും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

      എന്നാൽ നിലവിൽ ഷമീറിന് എതിരെ വാറണ്ടില്ല. ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ട നാട്ടുകാരാണ് ആളെ തിരിച്ചറിഞ്ഞത്. ഷമീർ നിലവിൽ ഒളിവിലാണ്. തീവണ്ടിയിലെ സംഭവത്തിൽ യാത്രക്കാരന് എതിരെ കേസ് രജിസ്റ്റർ ചെയ്യേണ്ടത് റെയിൽവേ പോലീസ് ആണെന്നും ഷമീർ കൂടുതൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു.

      അതേസമയം കണ്ണൂര്‍ റെയില്‍വെ പൊലീസ് കൂത്തുപറമ്പ് നീര്‍വേലിയിലെ വീട്ടിൽ എത്തി. ഈ സമയം വീട്ടിലുണ്ടായിരുന്ന ഷെമീറിന്റെ സഹോദരി വീഡിയോയിലുള്ളത് ഷെമീറാണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ മൂന്ന് മാസം മുന്‍പാണ് വീട്ടില്‍ എത്തിയതെന്നും കുടുംബാംഗങ്ങളുമായി അകന്നു ജീവിക്കുന്ന ആളാണെന്നും സഹോദരി വ്യക്തമാക്കിയിട്ടുണ്ട്. മോഷണക്കേസുകളിലടക്കം ജയില്‍ ശിക്ഷ അനുഭവിച്ച ഇയാാള്‍ നിലവില്‍ എവടെയാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ സംഭവത്തില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മര്‍ദനമേറ്റയാള്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്നതായും ടി.ടി.ഇ പറഞ്ഞതനുസരിച്ചാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവം പൊലീസിന് അവമതിപ്പുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

      ട്രെയിന്‍ യാത്രക്കാരനെ മര്‍ദിച്ച സംഭവം; മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് പോലീസ്; വനിതകളെ ശല്യം ചെയ്‌തെന്ന് ടിടിഇ

      മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ട്രെയിനിലെ ടിടിഇയോട് റെയിൽവേ വിശദീകരണം തേടി. മദ്യപിച്ച് ട്രെയിനിൽ കയറിയ ഇയാൾ ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാർ പരാതി നൽകിയിരുന്നുവെന്നും വനിതാ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും മാറി ഇരുന്നില്ലെന്നുമാണ് ടിടിഇ വിശദീകരണം നൽകിയത്.

      അതേസമയം, മർദനമേറ്റ യാത്രക്കാരൻ ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് പാലക്കാട് സബ് ഡിവിഷനൽ ഡിവൈഎസ്പി റിപ്പോർട്ട് സമർപ്പിച്ചു. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ഇയാളെ മാറ്റാൻ നിർദേശിച്ചത് ടിടിഇ ആയിരുന്നു. അതേസമയം, യാത്രക്കാരനെ മർദിച്ചത് തെറ്റായ നടപടി ആയിരുന്നെന്നും ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. പോലീസ് നൽകിയ റിപ്പോർട്ട് റെയിൽവേ പോലീസ് എസ്പി ചൈത്ര തെരേസ ജോൺ പരിശോധിക്കും.

      സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. ഇതേതുടർന്ന്, സംഭവം അന്വേഷിക്കാന്‍ സ്പെഷല്‍ ബ്രാഞ്ച് എസിപിയെ ചുമതലപ്പെടുത്തിയതായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ അറിയിച്ചിരുന്നു. മനുഷ്യ അന്തസ്സിന് മാന്യത കല്‍പ്പിക്കാത്ത പെരുമാറ്റമാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് പ്രഥമദൃഷ്ടിയില്‍ വ്യക്തമാക്കുന്നതെന്നും ഇളങ്കോ കൂട്ടിച്ചേർത്തു.

      Also read- Police Atrocity | ട്രെയിന്‍ യാത്രക്കാരനെ എഎസ്‌ഐ ബൂട്ടിട്ട് ചവിട്ടി; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

      മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം. ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന വ്യക്തിയെ, സ്ലീപ്പർ കംപാർട്ട്മെന്റിലേക്ക് പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. യാത്ര ചെയ്യാൻ എടുത്ത ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാരൻ, യാത്രക്കാരൻ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെ തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും മർദിക്കുകയുമായിരുന്നു. ഇയാളെ പിന്നീട് വടകര സ്റ്റേഷനിൽ ഇറക്കിവിട്ടു. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്.
      Published by:Anuraj GR
      First published: