പത്തനംതിട്ട: കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ റാന്നി പോലീസ് സ്റ്റേഷനിലെ എ എസ് ഐ. വിനോദ് പി മധു അറസ്റ്റിലായി. റാന്നി പേട്ട മാവേലി സ്റ്റോറിലെ താത്ക്കാലിക ജീവനക്കാരി ചാലാപ്പള്ളി പുലിയുറുമ്ബില്‍ വീട്ടില്‍ ഗോപാലകൃഷ്ണന് നായരുടെ ഭാര്യ പി എസ് മിനികുമാരി (49) അപകടത്തിൽ മരിച്ച സംഭവത്തിലാണ് എ എസ് ആ ആയ വിനോദ് പി മധു അറസ്റ്റിലായത്. വിനോദ് ഓടിച്ച കാറിടിച്ചാണ് മിനികുമാരി മരിച്ചതെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. പേട്ടയിലെ മാവേലി സ്റ്റോറിലെ താൽക്കാലിക ജീവനക്കാരിയായ മിനി കുമാരി ജോലി കഴിഞ്ഞു മടങ്ങവെയാണ് വിനോദ് ഓടിച്ചിരുന്ന കാറിടിച്ചത്. വീടിന് അടുത്തുള്ള എസ് ബി ഐ ജീവനക്കാരിക്കൊപ്പമാണ് മിനികുമാരി യാത്ര ചെയ്തിരുന്നത്. സ്കൂട്ടറിന്റെ പിന്നിലിരുന്ന മിനികുമാരി റോഡില്‍ തലയിടിച്ചു വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. അപകടത്തില്‍ എസ് ബി ഐ ജീവനക്കാരിക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇടിച്ചിട്ട ശേഷം അമിത വേഗത്തിൽ നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ ആദ്യം പൊലീസിന് സാധിച്ചിരുന്നില്ല.
എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിൽ കാർ വിനോദിന്റേതാണെന്ന സംശയം ഉയർന്നിരുന്നു. അപകടം നടന്നതിന് സമീപത്തെ ചില സ്ഥാപനങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിനോദിന്റെ കാർ ആണ് അപകടമുണ്ടാക്കിയതെന്ന സംശയം പൊലീസ് ഉദ്യോഗസ്ഥരിൽ ഉയർന്നത്. ഉടൻ തന്നെ പൊലീസ് സംഘം വിനോദിന്റെ വീട്ടിൽ എത്തിയെങ്കിലും കാർ അവിടെ ഉണ്ടായിരുന്നില്ല. എന്നാൽ ശനിയാഴ്ച രാവിലെ വിനോദ് അപകട വിവരം സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. അന്നു തന്നെ കാര്‍ കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. ശാസ്ത്രീയ പരിശോധനയ്ക്കൊടുവിൽ അപകടം ഉണ്ടാക്കിയത് വിനോദിന്റെ കാർ തന്നെയാണെന്ന് സ്ഥിരീകരിച്ചു.
ഇന്ന് രാവിലെയാണ് വിനോദ് പി മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഇന്‍സ്പെക്ടര്‍ ജി ബി മുകേഷ് അറിയിച്ചു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്ത വിനോദിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരിശോധിച്ച ശേഷം കാര്‍ നാളെ കോടതിയില്‍ ഹാജരാക്കും. പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.