പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കരുനാഗപ്പള്ളി നീണ്ടകര സ്വദേശി എ. വിനോദിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയാണ് സംഭവം. സ്റ്റേഷനുപിറകില്‍ ലോട്ടറിക്കട നടത്തുന്ന മുണ്ടായ മാമിലക്കുന്നത്ത് ഉണ്ണികൃഷ്ണനെയും വിജിലൻസ് അറസ്റ്റ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മുണ്ടായ ലക്ഷംവീട് കോളനിയില്‍ ബിനോയിയുടെ പക്കല്‍നിന്ന് 4000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഇതിനുമുമ്പ് മൂന്നുതവണയായി ആറായിരംരൂപ വിനോദ് ബിനോയിയില്‍നിന്ന് വാങ്ങിയതായും വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ ബിനോയ് പ്രതിയല്ലെന്നും കേസുമായി ബന്ധപ്പെട്ട പ്രതിക്കൊപ്പം ജോലി ചെയ്തിരുന്നതും ബൈക്കില്‍ സഞ്ചരിച്ചിരുന്നതും ചൂണ്ടിക്കാട്ടി വിനോദ് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും വിജിലന്‍സ് സംഘം പറഞ്ഞു. വിനോദിന് ബിനോയ് 4000 രൂപ നല്‍കുന്നതിനിടെ ഡിവൈ.എസ്.പി. മാത്യുരാജ് കള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.
വിനോദിനുവേണ്ടി മൂന്നുതവണയായി 6000 രൂപ ബിനോയിയില്‍ നിന്ന് വാങ്ങി നല്‍കിയതിനാണ് ഉണ്ണിക്കൃഷ്ണനെ അറസ്റ്റുചെയ്തത്. പ്രതിയാക്കാതിരിക്കാം എന്നുപറഞ്ഞ് വിനോദിന്റെ നിര്‍ദേശപ്രകാരം ഉണ്ണികൃഷ്ണന് ബിനോയിയുടെ വീട്ടിലെത്തി അമ്മയുമായി സംസാരിച്ച് ആദ്യം 20,000 രൂപ ആവശ്യപ്പെട്ടിരുന്നതായി അധികൃതര്‍ പറഞ്ഞു. പിന്നീട് 10,000 രൂപ നല്കിയാല് രക്ഷപ്പെടുത്താമെന്നായി. ഈ സംഖ്യയില്‍ 6000 രൂപ മൂന്നുതവണയായി ബിനോയ് ഉണ്ണിക്കൃഷ്ണനെ ഏല്‍പ്പിച്ചിരുന്നുവെങ്കിലും ബാക്കിവന്ന 4000 രൂപ ബുധനാഴ്ച നല്‍കിയില്ലെങ്കില്‍ പ്രതിയാക്കുമെന്ന് പറഞ്ഞിരുന്നു. വിജിലന്‍സ് നല്കിയ പണമാണ് ബിനോയ് വിനോദിന് നല്‍കിയത്.
പണം ആവശ്യപ്പെട്ട് ബിനോയിയെ വിനോദ് സമീപിച്ചപ്പോള്‍ തന്നെ ബിനോയ് പാലക്കാട് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. മൂന്ന് തവണ കൈക്കൂലി നൽകുമ്പോഴും വിജിലൻസ് നിരീക്ഷിച്ചിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest in bribery case, Bribery Case, Palakkad, കൈക്കൂലി, പാലക്കാട്