കൊച്ചി: പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് വന്ന വീട്ടമ്മയ്ക്ക് പോലീസുകാരന് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ സ്ഥലംമാറ്റം. സംഭവം പുറത്തറിഞ്ഞതോടെ ഈ വിഷയം എങ്ങനെയും ഒതുക്കി തീര്‍ക്കുവാനുള്ള ശ്രമത്തിലായിരുന്നു സിറ്റി പോലീസ്. ഇതിന്റെ ഭാഗമായി ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു. എന്നാല്‍ ഈ സ്ഥലം മാറ്റം ആരോപണ വിധേയനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പോലീസ് വകുപ്പില്‍ തന്നെ അടക്കം പറച്ചിലുണ്ട്.
സ്ഥലംമാറ്റ ഉത്തരവില്‍ അച്ചടക്ക നടപടിയെ കുറിച്ച് ഒന്നും പറയുന്നില്ല എന്നതാണ് പ്രധാനം. സാധാരണഗതിയില്‍ നടപടികള്‍ക്ക് വിധേയരാകുന്ന ഉദ്യോഗസ്ഥരുടെ ഉത്തരവുകളില്‍ അത് സംബന്ധിച്ച് വ്യക്തമായി രേഖപ്പെടുത്താറുണ്ട്. ഇത് ചെയ്യാതെ സ്ഥലം മാറ്റം മാത്രം നടപ്പാക്കിയത് കമ്മീഷണര്‍ ഓഫീസിനുള്ളില്‍ ഇയാള്‍ക്കുള്ള ബന്ധംകൊണ്ടാണ് എന്നാണ് പറയുന്നത്. പോലീസ് സേനയ്ക്ക് തന്നെ നാണക്കേട് ആയി മാറിയ ഈ സംഭവം കൈകാര്യം ചെയ്ത രീതിയെ കുറിച്ചും പോലീസ് സേനയ്ക്ക് ഉള്ളില്‍ത്തന്നെ മുറുമുറുപ്പുണ്ട്. മാതൃകാപരമായി ശിക്ഷിക്കേണ്ടതിന് പകരം ഒളിച്ചു കടത്തി എ സ് ഐയെ സംരക്ഷിക്കുകയാണ് ചെയ്തത് എന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മയ്ക്കാണ് പോലീസില്‍ നിന്നു തന്നെ അശ്ലീല സന്ദേശം ലഭിച്ചത്. ഭര്‍ത്താവുമായി ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇവര്‍ പരാതി നല്കാന് എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം എത്തിയത്.
പരാതി പരിഹരിക്കുന്നതിനും പരാതിക്കാരിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനും ഓഫീസിലെ ഒരു എ എസ് ഐ യെ ചുമതലപ്പെടുത്തിയിരുന്നു. കൗണ്‍സിലിംഗിനായി എ എസ് ഐ ഫോണ്‍ വിളിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ വീട്ടമ്മയുടെ ദുരിത കാലവും ആരംഭിച്ചു. ഇവരുടെ ഫോണിലേക്ക് ഒന്നിനു പുറകെ ഒന്നായി അശ്ലീല സന്ദേശങ്ങള്‍ ഇയാള്‍ അയയ്ക്കുകയായിരുന്നു.പിന്നീട് നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചു. വീട്ടമ്മ പലതവണ ഇയാളെ താക്കീത് ചെയ്തിട്ടും പോലീസുകാരന് കൂസാക്കിയില്ല. വീട്ടമ്മ പരാതിയുമായി മുഖ്യമന്ത്രിയുടെയും മറ്റ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും പക്കലേക്കു എത്തിയപ്പോഴാണ് സന്ദേശങ്ങള്‍ അയക്കുന്നത് താത്ക്കാലികമായി അവസാനിപ്പിച്ചത്.
പക്ഷേ അശ്ലീല സന്ദേശങ്ങള്‍ക്ക് പകരം ഇയാള്‍ പിന്നീട് അപവാദ പ്രചരണം ആരംഭിച്ചു. തന്റെ താല്പര്യങ്ങള്ക്ക് വഴങ്ങില്ല എന്ന് ബോധ്യപ്പെട്ടപ്പോള്‍ ആണ് അപവാദ പ്രചരണങ്ങള്‍ നടത്തിയതെന്ന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.