ബാങ്ക് അക്കൗണ്ട് വിവരങ്ങളും സർവീസ് രേഖകളും സ്വകാര്യ ഏജൻസി ശേഖരിക്കുമെന്ന ആശങ്കയിൽ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ (police officers). സ്റ്റാറ്റ്യൂട്ടറി റിക്കവറി ചുമതല എച്ച്.ഡി.എഫ്.സി. ബാങ്കിന് കൈമാറിയതിൻ്റെ മറവിൽ ഡൽഹിയിലെ സ്വകാര്യ കമ്പനി പോലീസുകാരുടെ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന തരത്തിലാണ് ആശങ്ക ഉയർന്നിട്ടുള്ളത്. പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും ഇതുസംബന്ധിച്ച് ചർച്ചകൾ സജീവമാണ്. റിക്കവറി ചുമതലയിൽ നിന്ന് സ്വകാര്യ ബാങ്കിനെ ഒഴിവാക്കണമെന്ന ആവശ്യവും ഒരുവിഭാഗം ഉന്നയിക്കുന്നു.
പോലീസുകാരിൽ നിന്നുള്ള സബ്സ്ക്രിപ്ഷൻ, റിക്കവറി തുകകൾ പിടിക്കേണ്ട ചുമതല എച്ച്.ഡി.എഫ്.സി. ബാങ്കിന് കൈമാറിയിരുന്നു. സ്പാർക്ക് വഴി ഈ തുകകൾ കുറവു ചെയ്യാൻ കഴിയില്ലെന്നതിൻ്റെ പേരിലായിരുന്നു സ്വകാര്യ ബാങ്കിനെ ഏൽപ്പിച്ചതെന്നാണ് പോലീസ് ആസ്ഥാനം നേരത്തെ വ്യക്തമാക്കിയത്. സേനാംഗങ്ങളും മിനിസ്റ്റീരിയൽ ജീവനക്കാരും ഉൾപ്പെടെ അറുപതിനായിരത്തോളം പേരുടെ അക്കൗണ്ട് വിവരങ്ങൾ കൈമാറണമെന്ന് പൊലീസ് ആസ്ഥാനത്തു നിന്ന് മുഴുവൻ യൂണിറ്റുകളോടും ആവശ്യപ്പെട്ടെങ്കിലും സ്വകാര്യ ബാങ്കിന്റെ കടന്നു വരവിൽ ആശങ്കയുള്ളതിനാൽ പലരും വിവരങ്ങൾ കൈമാറിയിരുന്നില്ല. എ.ടി.എം. വിവരങ്ങൾ ഉൾപ്പെടെ ചോദിച്ച് കഴിഞ്ഞ ദിവസം പലർക്കും മെസേജ് വന്നതോടെയാണ് സ്വകാര്യ ഏജൻസിയുടെ ഇടപെടൽ തിരിച്ചറിഞ്ഞത്
സർവീസ് രേഖകൾ ഉൾപ്പെടെ ചോരുന്നത് ഗുരുതര സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും എന്ന വാദവുമുയരുന്നു
പോലീസ് സഹകരണ സംഘം, ഹൗസിംഗ് സൊസൈറ്റി, സേനാംഗങ്ങൾക്കുള്ളിലെ വെൽഫെയർ കമ്മിറ്റികൾ എന്നിവയിലേക്കുള്ള സബ്സ്ക്രിഷൻ, റിക്കവറി തുകകൾ സ്വകാര്യ ബാങ്കിനെ ഒഴിവാക്കി കേരള ബാങ്ക് വഴി ഈടാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു
പി.എഫ്., എൽ.ഐ.സി., ഫാമിലി ബെനിഫിറ്റ് സ്കീം, ഗ്രൂപ്പ് ഇൻഷ്വറൻസ്, സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് എന്നിവയാണ് ചില സബ്സ്ക്രിപ്ഷൻസ്. ഹൗസിംഗ് ലോൺ, ഇൻകം ടാക്സ് എന്നിവയെല്ലാം റിക്കവറിയിൽ വരുന്നവയും. ഇവയെല്ലാം സാലറി ബില്ലിൽ നിന്ന് നേരിട്ട് പിടിക്കുന്നവയാണ്. അതേസമയം പോലീസ് സഹകരണ സംഘം, ഹൗസിംഗ് സൊസൈറ്റി, സേനാംഗങ്ങൾക്കുള്ളിലെ വെൽഫെയർ കമ്മിറ്റികൾ എന്നിവയിലേക്കുള്ള സബ്സ്ക്രിഷൻ, റിക്കവറി തുകകൾ പഴയ രീതിയിൽ സ്വീകരിക്കാൻ കഴിയാത്തത് സ്പാർക്ക് വഴി ഈ തുക ഈടാക്കാൻ കഴിയില്ല എന്ന നിലപാട് സർക്കാർ സ്വീകരിച്ചതോടെയാണ്.
Summary: Police officials worried over private agency eyeing bank account information and service recordsഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.