കൊച്ചി : പൊലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ പോലീസ് അന്വേഷണം തുടരട്ടെ എന്ന് ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥരുടെ തപാൽ വോട്ടിൽ ക്രമക്കേട് നടന്നുവെന്നും ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് പൊലീസ് അന്വേഷണം തന്നെ തുടരട്ടെയെന്ന് ഹൈക്കോടതി അറിയിച്ചത്.
സർക്കാറിനെതിരെയുള്ള ആരോപണമായതിനാൽ പൊലീസ് അന്വേഷണത്തിൽ കാര്യമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണന്റെ നേതൃത്വത്തിൽ സ്വതന്ത്ര സമിതി അന്വേഷിക്കണമെന്നുമായിരുന്നു ചെന്നിത്തലയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. പോസ്റ്റൽ ബാലറ്റിൽ ചില ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അത് ഫലപ്രഖ്യാപനത്തിന് ശേഷം പുറത്തു വിടാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയിൽ അറിയിച്ചു.
അതേസമയം പ്രതിപക്ഷ ആരോപണങ്ങൾ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഐ.ജി.യുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടന്നു വരികയാണ്. ബാലറ്റടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ട്. അന്വേഷണം പൂർത്തിയാക്കാൻ ഫലപ്രഖ്യാപനം കഴിഞ്ഞ് 15 ദിവസത്തെ സമയം കൂടി വേണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ ആക്ഷേപമുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്ന് വ്യക്തമാക്കിയ കോടതി കേസ് അടുത്ത മാസം 10ന് വീണ്ടും പരിഗണിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.