പത്തനംതിട്ട: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന് സജി ചെറിയാന് എംഎല്‍എയ്ക്കെതിരായ കേസില്‍ സിപിഎം മല്ലപ്പള്ളി പ്രാദേശിക നേതാക്കളുടെ മൊഴി പൊലീസ് രേഖുപ്പെടുത്തി. മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വര്‍ഗീസ് അടക്കമുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇരുപതോളം പ്രവര്‍ത്തകരുടെ മൊഴിയും രേഖപ്പെടുത്തും.
അതേസമയം വിവാദ പ്രസംഗത്തിന്റെ പൂര്‍ണരൂപം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഭരണഘടനയെ നിന്ദിച്ചെന്ന കേസില്‍ നിര്‍ണായക തെളിവാകുന്നത് മല്ലപ്പള്ളി ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങളാണ്. എന്നാല്‍ പൊലീസിന്റെ പക്കല്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങളില്ല. ലഭ്യമായിട്ടുള്ളത് ഒന്നരമിനുട്ട് മാത്രമുള്ള വീഡിയോയാണ്.
സി പി എം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ്. എന്നാല്‍ തങ്ങളുടെ കൈവശം പ്രസംഗത്തിന്റെ പൂര്‍ണരൂപമില്ലെന്ന് ഏരിയാ സെക്രട്ടറി അന്വേഷണസംഘത്തെ അറിയിച്ചുവെന്നാണ് വിവരം. ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിരുന്ന വീഡിയോ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ഡിലീറ്റ് ചെയ്തിരുന്നു. അങ്ങനെ തങ്ങളുടെ കൈവശമുണ്ടായിരുന്ന വീഡിയോ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു എന്നാണ് ഏരിയാ നേതൃത്വം വിശദീകരിക്കുന്നത്.
വിഡിയോ ചിത്രീകരിച്ച സ്റ്റുഡിയോ ഉടമയെ പൊലീസ് സമീപിച്ചെങ്കിലും ഫേസ്ബുക്ക് ലൈവായിരുന്നതിനാല് അത് നഷ്ടപ്പെട്ടതായാണ് ഇയാള്‍ പൊലീസിനെ അറിയിച്ചത്. മല്ലപ്പള്ളിയില്‍ നൂറിന്റെ നിറവില്‍ എന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് രാജ്യത്ത് ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് സജി ചെറിയാന് പറഞ്ഞത്.
ജൂലൈ മൂന്നിന് ഫേസ്ബുക് ലൈവ് പോയ പ്രസംഗം News 18 കേരളം ജൂലൈ അഞ്ചിന് രാവിലെ പുറത്തു വിട്ടതിനെത്തുടര്‍ന്ന് വിവാദമായപ്പോള്‍ വീഡിയോ അപ്രത്യക്ഷമായിരുന്നു. ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്തതായും സിപിഎം മല്ലപ്പള്ളി ഏരിയ നേതൃത്വം വിശദീകരണം നല്കി. തുടര്‍ന്നാണ് പൊലീസിന് വിവാദ പരാമര്‍ശം നടത്തിയ വീഡിയോ ലഭിക്കാതെ വന്നത്.
ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ, ശബ്ദം സജി ചെറിയാന്റേത് തന്നെയാണോ എന്നീ രണ്ടു വിവരങ്ങളാണ് ദൃശ്യങ്ങളില്‍നിന്ന് പോലീസിന് അറിയേണ്ടത്. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷം റിപ്പോര്‍ട്ടായി ഇത് നല്‍കണം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.