മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തപാല്‍ ബാലറ്റ് കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജനപ്രാതിനിധ്യനിയമപ്രകാരമാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത് മലപ്പുറം ജില്ലാ കലക്ടര്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ജനപ്രാതിനിധ്യ നിയമത്തിന്റെ 134, 136 വകുപ്പുകള്‍ പ്രകാരമാണ് പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച്ച പറ്റിയെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ടിലുള്ളതായാണ് സൂചന.
നേരത്തെ കലക്ടര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് നാല് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയിരുന്നു. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ എൻ. സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്‍റ് എസ്. രാജീവ്, സഹകരണ ജോ. രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ സി എൻ പ്രതീഷ്, നിലവിൽ തിരുവനന്തപുരത്ത് ജോ. രജിസ്ട്രാറായ എസ് പ്രബിത്ത് എന്നിവരാണ് കളക്ടറുടെ നോട്ടീസിന് മറുപടി നൽകിയത്. അബദ്ധത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പെട്ടിയുമായി നിയമസഭാ മണ്ഡലത്തിലെ ബാലറ്റ് മാറിപ്പോയെന്നാണ് നോട്ടീസിന് മറുപടി നൽകിയ ഉദ്യോഗസ്ഥരുടെ വിശദീകരണമെന്നാണ് സൂചന. ഇതും നിയമവശങ്ങളും പരിശോധിച്ച് തിങ്കളാഴ്ച്ച ജില്ലാ കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പെട്ടിയില്‍ നിന്നും കാണാതായ ബാലറ്റുകള്‍ പൊതിഞ്ഞ സാമഗ്രികള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ ജോയിന്റ് രജിസ്റ്റാന്‍ ഓഫീസില്‍ നിന്നും കണ്ടെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.