• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് നിയന്ത്രണം ലംഘിച്ച് കുതിരയോട്ടം; കേസെടുത്ത് പോലീസ്

പാലക്കാട് നിയന്ത്രണം ലംഘിച്ച് കുതിരയോട്ടം; കേസെടുത്ത് പോലീസ്

മത്സരത്തിൽ പങ്കെടുത്ത ഒരു കുതിര ഓടുന്നതിനിടെ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിലേക്ക് കയറി

നിയന്ത്രണം വിട്ട കുതിര

നിയന്ത്രണം വിട്ട കുതിര

  • Last Updated :
  • Share this:
പാലക്കാട്: ജില്ലയിലെ തത്തമംഗലത്ത് അങ്ങാടി വേലയോടനുബന്ധിച്ച്  നിയന്ത്രണം ലംഘിച്ച് കുതിരയോട്ടം സംഘടിപ്പിച്ചതിനെതിരെ പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പരിപാടി സംഘടിപ്പിച്ചതിനാണ് നടപടി. മത്സരത്തിൽ പങ്കെടുത്ത ഒരു കുതിര ഓടുന്നതിനിടെ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിലേക്ക് കയറിയെങ്കിലും അപകടം ഒഴിവായി.

രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന തത്തമംഗലം അങ്ങാടി വേലയിലെ പ്രധാന ചടങ്ങാണ് കുതിരയോട്ടം. കോവിഡ് വ്യാപനത്തെ തുടർന്ന് ഇത്തവണ കുതിരയോട്ടത്തിന് നിയന്ത്രണമുണ്ടായിരുന്നുവെങ്കിലും , അവയെല്ലാം ലംഘിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്. ആചാരത്തിൻ്റെ ഭാഗമായി കുതിരയെ നടത്തിക്കൊണ്ടുപോവാൻ പൊലീസ് അനുമതി നൽകിയിരുന്നു. എന്നാൽ അതിന് പകരം കുതിരയോട്ടം തന്നെ സംഘടിപ്പിച്ചതോടെ ആൾക്കൂട്ടമായി മാറുുകയായിരുന്നു.

ഇതിനിടയിലാണ് മത്സരത്തിൽ പങ്കെടുത്ത ഒരു കുതിര നിയന്ത്രണം തെറ്റി ആൾക്കൂട്ടത്തിലേക്ക് കയറിയത്. കുതിരപ്പുറത്തുണ്ടായിരുന്നയാൾ  തെറിച്ചുവീണെങ്കിലും പരിക്കേല്ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

നൂറുകണക്കിനാളുകളാണ് കുതിരയോട്ട മത്സരം കാണാനെത്തിയിരുന്നത്. സംഘാടകർക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

രണ്ടുവർഷത്തിലൊരിക്കൽ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം. അങ്ങാടിവേലയുടെ പ്രധാന ചടങ്ങുകളിലൊന്നായ കുതിരയോട്ട മത്സരത്തിൽ പങ്കെടുക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പന്തയക്കുതിരകളെ കൊണ്ടുവരും.

ആഗ്ര, മധുര, മൈസൂർ, ഹൈദരാബാദ്, ചെന്നൈ, ഊട്ടി എന്നിവിടങ്ങളിൽ നിന്ന് നൂറുകണക്കിന് കുതിരകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത് . തത്തമംഗലത്തെ

തമിഴ്, തെലുങ്ക് ഭാഷ സംസാരിക്കുന്ന ആറോളം സമുദായങ്ങൾ ചേർന്ന് നടത്തുന്നതാണ് കുതിരയോട്ടം. വേട്ടക്കറുപ്പസ്വാമിക്ക് വേണ്ടി ആന എഴുന്നള്ളിപ്പും കുതിരയോട്ടവും സമുദായത്തിൽപ്പെട്ടവർ വഴിപാടായാണ് നടത്തുന്നത്.

Also read: തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം; രണ്ട് പേര്‍ മരിച്ചു

പൂരത്തിനിടെ മരം വീണ് ഉണ്ടായ അപകടത്തിൽ രണ്ട് മരണം. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം നടന്നത്. അപകടത്തില്‍ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു. നടത്തറ സ്വദേശി രമേശന്‍, പൂങ്കുന്നം സ്വദേശി പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.

തിരുവമ്പാടി ക്ഷേത്രത്തിൽ പഞ്ചവാദ്യത്തിനിടെ ആൽക്കൊമ്പ് പൊട്ടിവീഴുകയായിരുന്നു. മൂന്ന് പൊലീസുകാർക്കും മേളക്കാരും ഉൾപ്പെടെ ഇരുപത്തിയേഴോളം പേർക്ക് പരിക്കേറ്റു. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് മരക്കൊമ്പിനടിയിൽ നിന്ന് ആളുകളെ പുറത്തെടുത്തത്.

പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. രാത്രി പന്ത്രണ്ടോടെയാണ് ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആൽമര കൊമ്പ് പൊട്ടി വീണ് അപകടമുണ്ടായത്. പഞ്ചവാദ്യം കൊട്ടിക്കയറുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അപകടത്തെത്തുടർന്ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് ഉപേക്ഷിച്ചു. വെടിക്കോപ്പുകൾ കൂട്ടത്തോടെ കത്തിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ പതിനഞ്ച് ആനപ്പുറത്തുള്ള എഴുന്നെള്ളിപ്പ് പാറമേക്കാവ് ദേവസ്വം ഒഴിവാക്കി. ഒരു ആനപ്പുറത്താണ് എഴുന്നെള്ളിപ്പ് നടത്തുക. പകൽ പൂരത്തിന്റെ സമയവും വെട്ടി ചുരുക്കി.
Published by:user_57
First published: