തിരുവനന്തപുരം: പ്രസ്ക്ലബിൽ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ റിട്ട ഐ പി എസ് ടി പി സെൻകുമാറിനെതിരെ പൊലീസ് കേസെടുത്തു. വാർത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മുതിർന്ന മാധ്യമപ്രവർത്തകനെ സെൻകുമാർ ഭീഷണിപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ(മൂന്ന്) അനുമതിയോടെയാണ് കൻ്റോൻമെൻ്റ് പൊലീസ് കേസെടുത്തത്. മാധ്യമപ്രവർത്തകനായ കടവിൽ റഷീദാണ് പരാതി നൽകിയത്.
സെൻകുമാറിനെ കൂടാതെ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത സുഭാഷ് വാസുവിനെതിരെയും കേസടുത്തിട്ടുണ്ട്. കൂടാതെ റഷീദിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കണ്ടാലറിയാവുന്ന എട്ടു പേരും കേസിലെ പ്രതികളാണ്. പൊലീസ് നടപടിയിൽ സന്തോഷമുണ്ടെന്ന് റഷീദ് പ്രതികരിച്ചു.
രോഗ ബാധിതനായ തന്നെ മദ്യപാനിയായി ചിത്രീകരിക്കാനും സെൻകുമാർ ശ്രമിച്ചു. എല്ലാ മാധ്യമപ്രവർത്തകർക്കും വേണ്ടിയാണ് കേസ് നൽകിയതെന്നും കടവിൽ റഷീദ് പറഞ്ഞു.
അതേസമയം തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ പറഞ്ഞു. വ്യാജ പരാതിയാണ് നൽകിയിരിക്കുന്നത്. മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നേതാക്കളും ചേർന്നാണ് ഇതിന് പിന്നിൽ പ്രവര്‍ത്തിക്കുന്നതെന്നും സെൻകുമാർ പറഞ്ഞു.
സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന സെൻകുമാറിൻ്റെ പരാതിയിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. പത്രപ്രവത്തക യൂണിയനാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് സെൻകുമാറിൻ്റെ പരാതി. ആരോപണം യൂണിയൻ സംസ്ഥാന സെക്രട്ടറി ഇ എസ് സുഭാഷ് തള്ളി. സെൻകുമാറിൻ്റെ പ്രവൃത്തി എല്ലാവരും കണ്ടതാണെന്നും സുഭാഷ് പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Case against Senkumar, Former DGP, Journalist, Police case, Subhash vasu, Tp senkumar, Viral video