കൊച്ചി: ബീഫ് വിൽപന നടത്തിയതിന് വാഴക്കുളത്തെ ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ചെന്ന പ്രചാരണത്തിനു പിന്നിൽ രാഷ്ട്രീയ മുതലെടുപ്പെന്ന് പൊലീസ്. പന്നിയിറച്ചി ആവശ്യപ്പെട്ട യുവാവിന് ബീഫ് നൽകിയതാണ് വെയിറ്ററെ മർദ്ദിച്ച സംഭവത്തിൽ കലാശിച്ചത്. അല്ലാതെ ബീഫ് വിൽപനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
വാഴക്കുളത്തെ രാജൂസ് ഹോട്ടലിലാണ് സംഭവം. സമീപത്തെ കമ്പ്യൂട്ടർ സ്ഥാപന ഉടമയായ അരുൺ ശ്രീധറാണ് കപ്പയ്ക്കൊപ്പം പന്നിയിറച്ചി ഓഡർ ചെയ്തത്. എന്നാൽ വെയിറ്ററായ സോനു ടോമി ബീഫ് കറിയാണ് നൽകിയത്. ഇതോടെ പ്രകോപിതനായ അരുൺ കറി വെയിറ്റർക്കു നേരെ വലിച്ചെറിഞ്ഞു. എന്നാൽ ബീഫ് വിറ്റതുമായി ബന്ധപ്പെട്ട് ഹോട്ടലിൽ സംഘർഷമുണ്ടായെന്ന കഥയാണ് നാട്ടിൽ പ്രചരിച്ചതെന്ന് പൊലീസ് പറയുന്നു.
സംഭവത്തിനു ശേഷം അരുണും സോനുവും തമ്മിൽ രമ്യതയിൽ എത്തിയെന്നും പൊലീസ് വ്യക്തമാക്കി. ഹോട്ടലിലെ സ്ഥിരം സന്ദർശകനാണ് അരുണ്‍. യുവാവിന് ബീഫ് അലർജിയാണെന്ന കാര്യം വെയ്റ്റർക്കും അറിയാത്തതാണ് പ്രശ്നത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു.
എന്നാൽ ബീഫ് വില്‍പനയുമായി ബന്ധിപ്പിച്ച് സംഘര്‍ഷത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അരുണ്‍ ശ്രീധറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഴക്കുളത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.