തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാളുമായി ദുര്‍ഗവാഹിനി(Durgavahini) പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയ കേസില്‍ സംഘാടകരോട് വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ്(Police Notice). വാളുമായി പദ സഞ്ചലനം സംഘടിപ്പിച്ചതിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ പ്രകടനത്തില്‍ ഉപയോഗിച്ചത് വാളല്ലെന്നും മരം കൊണ്ടുള്ള മാത്യകയാണെന്നുമാണ് സംഘാടരുടെ വിശദീകരണം.
വിവിധ ജില്ലകളില്‍ നിന്നായി 190 പേരാണ് വി.എച്ച്.പിയുടെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ പഠന ശിബിരത്തില്‍ പങ്കെടുത്തത്. പദസഞ്ചലനത്തില്‍ മുന്‍ നിരയിലുണ്ടായിരുന്ന നാലു പെണ്‍കുട്ടികളുടെ കയ്യിലാണ് വാളുണ്ടായിരുന്നത്. ശിബിരത്തില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കണം ആരാണ് വാളു നല്‍കിയതെന്നും അറിയണം. ഇതിനായി ക്യാമ്പില്‍ പങ്കെടുത്തവരുടെ വിവരം നല്‍കാനാണ് വി. എച്ച്. പി. ഗ്രാമകാര്യാലയത്തിന് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
മൊഴിയെടുത്ത ശേഷം ആയുധങ്ങള്‍ കണ്ടെത്താനും ശാസ്ത്രീയ പരിശോധന നടത്താനുമാണ് തീരുമാനം. അതേസമയം പ്രകടനത്തെ പിന്തുണച്ച് ബിജെപി രംഗത്തെത്തി. സ്വയരക്ഷയ്ക്കാവാം പെണ്‍കുട്ടികള്‍ വാളേന്തിയതെന്നും, പൊലീസടക്കം ആരും അവരുടെ സുരക്ഷയ്ക്ക് ഇല്ലല്ലോ എന്നുമുള്ള ന്യായീകരണമാണ് കേന്ദ്രമന്ത്രി വി മുരളീധരന് ഉയര്‍ത്തുന്നത്.
നെയ്യാറ്റിന്‍കരയിലെ പ്രകടനം സ്ത്രീകളുടെ പ്രതീകാത്മക പ്രകടനമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ന്യായീകരണം. മതഭീകരവാദികളില്‍ നിന്ന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും രക്ഷിക്കാന്‍ ആളുകള്‍ സ്വമേധയാ മുന്നോട്ട് വരികയാണ്. നെയ്യാറ്റിന്‍കരയിലെ വാളേന്തിയ സംഭവം അതാണ് തെളിയിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
നെയ്യാറ്റിന്‍കര സരസ്വതി വിദ്യാലയത്തില്‍ നടന്ന ക്യാമ്പിന്റെ ഭാഗമായാണ് ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി പ്രകടനം നടത്തിയത്. ഇതിനെതിരെ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. പഠനശിബിരത്തിന്റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളടക്കം ചേര്‍ന്ന് വാളുമേന്തി 'ദുര്‍ഗാവാഹിനി' റാലി നടത്തുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.