തിരുവനന്തപുരം: മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തെ തകർക്കാൻ സിനിമയുടെ തിരക്കഥാകൃത്തും മുൻ സംവിധായകനുമായ സജീവ് പിള്ള ശ്രമിക്കുന്നതായി പരാതി. സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആന്‍റണി ജോസ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് സൈബര്‍ സെല്‍ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. സോഷ്യല്‍ മീഡിയകളിൽ ചിത്രത്തെ പറ്റി മോശം റിവ്യു എഴുതിക്കാന്‍ ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ക്ക് ക്വട്ടേഷന്‍ നൽകിയതായാണ് പരാതി. ഇതിന്‍റെ തെളിവുകളും പൊലീസിന് നൽകിയിട്ടുണ്ട്.
റിലീസ് ചെയ്യാത്ത സിനിമ പരാജയമാണെന്ന തരത്തിലാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. ഏഴു ഷെഡ്യൂളുകളിൽ പൂർത്തിയാക്കിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2017-ലാണ്. ആദ്യഘട്ടത്തിൽ സംവിധായകനായിരുന്ന സജീവ് പിള്ളയ്ക്ക് സംവിധാന മികവില്ലെന്ന് കണ്ടതോടെ ഒഴിവാക്കി. സജീവ് പിള്ള സംവിധാനം നിർവഹിച്ച സമയത്ത് 13 കോടി രൂപ കമ്പനിക്ക് നഷ്ടമായി.
സംവിധാനത്തിൽ നിന്ന് ഒഴിവാക്കുന്ന സമയത്ത് 21.75 ലക്ഷം രൂപ സജീവ് പിള്ളയ്ക്ക് നൽകിയിരുന്നു. എന്നാൽ സിനിമ പരാജയപ്പെടുത്താനുള്ള സംഘത്തിന്‍റെ കണ്ണിയായി സജീവ് പിള്ള പ്രവർത്തിക്കുന്നതായും പരാതിയിൽ പറയുന്നു. 55 കോടി രൂപ മുതല്‍ മുടക്കില്‍ നാല് ഇന്ത്യന്‍ ഭാഷകളിലായി ലോകത്തെമ്പാടുമായി 2000 കേന്ദ്രങ്ങളിലാണ് ഡിസംബര്‍ 12ന് മാമാങ്കം റിലീസ് ചെയ്യാനൊരുങ്ങുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.