പത്തനംതിട്ട: പൂട്ട് പൊളിച്ച് പൊലീസ് സ്റ്റേഷന്റെ തുടക്കം. ഉദ്ഘാടനദിവസം ശിശു സൗഹൃദ മുറിയുടെ പൂട്ടാണ് കുരുക്കായി മാറിയത്. പൂട്ടു പൊളിക്കുന്നവരെ പൂട്ടാനുള്ള പൊലീസ് സ്റ്റേഷന്റെ
ഉദ്ഘാടന ദിവസം തന്നെ അതിന്റെ ഒരു പൂട്ട് പൊളിക്കേണ്ടി വന്നത് പൊലീസ് സ്റ്റേഷനുകളുടെ ചരിത്രത്തിലെ പുതുമയാകാം. സംഭവം പത്തനംതിട്ടയിലെ ആറന്മുളയിലാണ്.
ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ആറന്മുള പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. മന്ത്രിയും സ്ഥലം എംഎല്‍എയുമായ വീണാ ജോർജ് സ്റ്റേഷനിൽ ഭദ്രദീപം കൊളുത്തിയ ശേഷം ഉദ്ഘാടന ചടങ്ങിനായി എല്ലാവരും സ്റ്റേഷന് മുൻപിൽ തയാറാക്കിയ ഇരിപ്പിടങ്ങളിൽ ഇരുന്നു. ഇവർക്കായി കരുതിയ ലഘുഭക്ഷണവും ജൂസും സൂക്ഷിച്ചിരുന്നത് ശിശു സൗഹൃദ മുറിയുടെ ഉള്ളിലായിരുന്നു.
എൻസിസി വിദ്യാർഥികൾ, എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ എന്നിങ്ങനെ കുട്ടികൾ ധാരാളം എത്തിയ പരിപാടിയിൽ കുട്ടികൾക്ക് ലഘുഭക്ഷണവും ജൂസും നൽകാൻ ഒരുങ്ങിയപ്പോഴാണ് ശിശു സൗഹൃദ മുറിക്ക് പൂട്ട് വീണത് തുറക്കാൻ പറ്റുന്നില്ല എന്നറിഞ്ഞത്. ഇതോടെ ലഘുഭക്ഷണമോ പുതിയ കെട്ടിടത്തിന്റെ പൂട്ടോ വലുത് എന്ന് സംശയമായി. ഒടുവിൽ ജൂസും ഭക്ഷണവും തന്നെ ജയിച്ചു. പൊലീസുകാർ പൂട്ട് പൊളിച്ച് ജൂസും ഭക്ഷണ പാക്കറ്റും പുറത്തെടുത്തു.
ആദ്യം പൂട്ടിന്റെ പുറത്തെ സ്ക്രൂ അഴിച്ചെങ്കിലും നടന്നില്ല. പിന്നീട് കമ്പിപ്പാരയ്ക്ക് പൂട്ട് കുത്തിപ്പൊളിച്ച് വാതിൽ തുറന്നു. കട്ടിളയുടെ ഒരു ഭാഗത്ത് ഒരു പോറൽ ഉണ്ടായതല്ലാതെ വാതിൽ തകർക്കാതെ വിദഗ്ദ്ധമായി പൂട്ട് പൊളിച്ചത് കള്ളനല്ല. പൊലീസ് തന്നെയാണ്.
Also Read-
Cat Bite | പൂച്ചയുടെ കടിയേറ്റ രണ്ട് സ്ത്രീകൾ മരിച്ചു; മരണകാരണം പേവിഷബാധയെന്ന് ഡോക്ടർമാർ
പുത്തൻ കെട്ടിടത്തിലെ മുറിക്ക് പൂട്ട് വീണത് പൊതു ജനത്തിന് കൗതുകമായി എങ്കിൽ പൊലീസിലെ അന്ധവിശ്വാസികൾക്ക് അങ്കലാപ്പും ആയി. മാത്രമല്ല പൂട്ട് വീണ മുറിയുടെ പുറത്തെ ബോര്‍ഡ് അതിലും കൗതുക കരമായിരുന്നു. ചൈൽഡ് ഫ്രൺഡ്ലി റൂം. ഇങ്ങനെ ഒരു പൂട്ട് വീണതോടെ ഇനി പേര് ചൈൽഡ് ലോക് റൂം എന്നാക്കേണ്ടി വരുമോ എന്നറിയില്ല.
കണ്ണൂരിൽ രണ്ടര കോടിയുടെ മാരക മയക്ക് മരുന്നുമായി ദമ്പതിമാർ പിടിയിൽ
കണ്ണൂർ: രണ്ടര കോടി രൂപയുടെ മാരക മയക്ക് മരുന്നുമായി ദമ്പതിമാർ പിടിയിലായി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ബൽകിസ്, ഭർത്താവ് അഫ്സൽ എന്നിവരാണ് പിടിയിലായത്. 1950 ഗ്രാം എം ഡി എം എ, 67 ഗ്രാം ബ്രൗൺ ഷുഗർ, 7.5 ഗ്രാം ഒപിയം എന്നിവയാണ് ഇവരിൽ നിന്നും പിടികൂടിയത്. ബാംഗ്ലൂർ നിന്നു ബസിൽ പാർസലായി കൊണ്ടു വന്ന വസ്ത്രത്തിന്റെ പാക്കറ്റിൽ നിന്നാണു ലഹരി പിടി കൂടിയത്. കണ്ണൂർ പ്ലാസ ജംഗ്ഷനിൽ നിന്നാണ് ദമ്പതിമാർ പോലീസിന്റെ വലയിലാകുന്നത്.
കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇരുപത്തിയേഴുകാരിയായ ബൽകീസ് ലഹരിക്കടത്തിലെ മുഖ്യ കണ്ണിയാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.
കേരളത്തിൽ അടുത്ത കാലത്തായി വലിയ അളവിൽ എം ഡി എം എ പിടികൂടിയ കേസുകളിൽ ഒന്നാണ് കണ്ണൂരിലേത് എന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.