സൗമ്യയെ നഷ്‌ടപ്പെട്ട നടുക്കത്തിൽ നിന്നും ഇന്നും കേരളക്കര കരകയറിയിട്ടില്ല. ഒരു ട്രെയിൻ യാത്ര ജീവിതത്തിലെ അവസാനയാത്രയായി മാറിയ സൗമ്യ എന്ന യുവതിയെ ആക്രമിച്ചു മൃതപ്രായയാക്കിയ ഗോവിന്ദചാമിയോടുള്ള അരിശവും കെട്ടടങ്ങിയിട്ടില്ല. ഗോവിന്ദച്ചാമിക്ക് ഇന്നും അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ല എന്ന് മുറവിളി കൂട്ടുന്ന അമ്മമാരും പെങ്ങന്മാരും ഇന്നും കേരള സമൂഹത്തിലെ കാഴ്ചയാണ്. ഇപ്പോഴിതാ പാസ്സഞ്ചർ ട്രെയിനിലെ സ്ത്രീകളെ ലക്‌ഷ്യം വയ്ക്കുന്ന, ഇനിയും പൊലീസിന് പിടികൊടുക്കാത്ത കുറ്റവാളിയെക്കുറിച്ചുള്ള ഫേസ്ബുക് പോസ്റ്റുമായി ഒരാൾ മറ്റൊരു അപകട സൂചന നൽകുന്നു. രമ്യ എസ്. ആനന്ദിന്റെ പോസ്റ്റ് ചുവടെ വായിക്കാം:
പാസ്സഞ്ചർ ട്രെയിൻ ഇന്നും തീർത്തും വിജനമാണ്. കുറേ ദിവസമായി പേടിച്ചരണ്ട മുഖമുള്ള പാവപ്പെട്ട ഉദ്യോഗസ്ഥകളോടൊപ്പമാണ് യാത്ര. (നന്നേ പുലർച്ചെ എഴുന്നേറ്റ് കുടുംബത്തിന് എല്ലാം തയാറാക്കി വച്ച് അതിലൊരു പൊതി തനിക്കുമെടുത്തു ബാഗ് നെഞ്ചോടു ചേർത്തു ട്രെയിനിലേക്ക് കിതച്ചു വിയർത്തു കയറുന്ന ഒരു പറ്റം പാവങ്ങൾ..) ഉറുമ്പുകൾ കൂട്ടം കൂടിയിരിക്കും പോലെ അവർ ഒരുമിച്ചു കൂടിയിരിക്കും. ഓരോ സ്റ്റേഷനുകൾ എത്തുമ്പോൾ, ഓരോരുത്തരായി ഇറങ്ങുമ്പോൾ, വൃത്തം ചുരുങ്ങി ചെറുതാകുമ്പോൾ, ആൾക്കൂട്ടം നൽകുന്ന സുരക്ഷിതത്വം നഷ്ടമാകുമ്പോൾ ഭയം കൊണ്ട് വീണ്ടും ചുങ്ങിച്ചുരുളുന്ന മുഖങ്ങൾ.. ഇന്ന് എന്നോട് ഈ നീലപ്പാദങ്ങളുടെ ഉടമ വന്നു പറഞ്ഞു.
"എനിക്ക് ആധി കാരണം ഉറക്കമില്ല. ഒന്നു മയങ്ങിക്കോട്ടെ". "സുരക്ഷിതമായി ഉറങ്ങു "എന്ന് പറഞ്ഞു ഞാൻ അവരുടെ ഉറക്കത്തിനു കാവലിരുന്നു. പത്തുവർഷങ്ങൾക്ക് മുൻപ് ഒറ്റക്കൈ മാത്രമുള്ള ഒരാൾ പൂർണ്ണ ആരോഗ്യവതിയായ, ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന, ഒരു പാവം പെൺകുട്ടിയെ ട്രെയിനിൽ നിന്നും തള്ളിപ്പുറത്തിട്ട് മൃതപ്രായമായ ആ ശരീരത്തെ തികച്ചും അപമാനിച്ചു കൊലപ്പെടുത്തിയിട്ടു സുഖകരമായി ജീവിക്കുന്ന നാടാണ്. ഒരു ദശാബ്ദത്തിനിപ്പുറം ഒറ്റക്കണ്ണൻ എന്ന വ്യത്യാസം മാത്രം. ഇരയ്ക്ക് ജീവൻ നഷ്ടപ്പെട്ടില്ലാത്തതു കൊണ്ട് വാർത്താ പ്രാധാന്യം ഏതാണ്ട് അസ്തമിച്ചു. പക്ഷെ ഒറ്റക്കണ്ണൻ ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. ട്രെയിനിലെ സ്ഥിരം കുറ്റവാളി ആണത്രേ. എത്രയും പരിഹാസ്യമായ ഒരു വിശേഷണം അല്ലേ??
ഓരോ തവണയും മാല പൊട്ടിക്കൽ, സ്ത്രീകളെ അപമാനിക്കൽ, പിടിക്കപ്പെട്ടാലായി ഇല്ലെങ്കിലായി എന്തായാലും മൂന്നുമാസം കഴിഞ്ഞു വീണ്ടും അടുത്ത ഇര. പോലീസ് സ്റ്റേഷനിൽ ലുക്ക് ഔട്ട് നോട്ടീസ് എന്ന പേരിൽ വമ്പൻ കട്ട് ഔട്ട്. മാല വിറ്റ പൈസ തീരുമ്പോൾ വീണ്ടും അടുത്ത ഇര.
(എന്തിന് സ്ത്രീകൾ സ്വർണ്ണം ഉപയോഗിക്കുന്നു? മാല ഇടുന്നു? എന്ന അപഹാസ്യമായ ചോദ്യം ചോദിക്കരുത്. നിങ്ങളൊക്കെത്തന്നെയാണ് മാല, താലി, അരഞ്ഞാണം കെട്ട് തുടങ്ങിയ ചടങ്ങുകളുടെ സൂക്ഷിപ്പുകാർ. )
നട്ടെല്ലും തലയും തകർന്നു മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ കിടക്കുന്ന ഇര ഇനി എന്ന് ആ മെന്റൽ,ഫിസിക്കൽ ട്രോമ സ്റ്റേജിൽ നിന്നും രക്ഷപെടും??? അടുത്ത ഇര ആരായിരിക്കും??
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.